
ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളിൽ ഏറ്റവും പ്രായം കുറഞ്ഞത് രണ്ട് കുഞ്ഞുങ്ങളായിരുന്നു. 9 മാസം പ്രായമായ ക്ഫിർ (Kfir), നാല് വയസുകാരൻ ഏരിൽ (Ariel). ഇവരുടെ അമ്മ ഷിരി ബിബാസിനെയും (Shiri Bibas) അച്ഛനെയും കൊണ്ടുപോയി. രാജ്യം അച്ഛനെ മോചിപ്പിച്ചു. പക്ഷേ, കുഞ്ഞുങ്ങൾ തിരിച്ചെത്തിയത് ജീവനറ്റ ശരീരഭാഗങ്ങളായാണ്. ഇസ്രയേലിന്റെ വ്യോമാക്രമണത്തിലാണ് ഇവർ മരിച്ചതെന്ന നിലപാടിലാണ് ഹമാസ്. അമ്മ ഷിരിയുടെ മൃതദേഹത്തിന് പകരം കിട്ടിയത് അജ്ഞാത സ്ത്രീയുടെ മൃതദേഹവും. ഹമാസിനോട് പകരം ചോദിക്കുമെന്ന് പ്രഖ്യാപിച്ചു നെതന്യാഹു. സംഭവം അന്വേഷിക്കുമെന്ന് അറിയിച്ച ഹമാസ്, ഒടുവിൽ ഷിരിയുടെ ശരീരാവശിഷ്ടങ്ങൾ തിരികെ നൽകി. കുടുംബം അത് സ്ഥിരീകരിച്ചു.
Read More: ബന്ദികളെ വിട്ടയക്കുമ്പോഴും പ്രകോപനം തുടർന്ന് ഹമാസ്; അസ്വസ്ഥതയോടെ ഇസ്രയേൽ
മൃതദേഹങ്ങൾ കൈമാറുന്നത് ആദ്യമായാണ്. ഹമാസിന്റെ ശക്തിപ്രകടനമായി തന്നെ അത് നടന്നു. റെഡ്ക്രോസിന്റെ അഭ്യർത്ഥനയൊന്നും ഹമാസ് വകവച്ചില്ല. റെഡ്ക്രോസ് കെട്ടിയ വെള്ള സ്ക്രീനുകൾ മാത്രമായിരുന്നു ഒരു മറവ്. ജീവനുള്ള ബന്ദികൾക്ക് പകരം നാല് ശവപ്പെട്ടികളായിരുന്നു ഹമാസ് കെട്ടിയുയർത്തിയ വേദിയിലെന്ന് മാത്രം. 84 -കാരനായ സോഡഡ് ലിഫ്ഷിറ്റ്സ്, 32 -കാരി ഷിരി ബിബാസ്, മക്കളായ ഒരു വയസുകാരൻ ക്ഫീർ, അഞ്ച് വയസുകാരൻ ഏരിയൽ. തട്ടിക്കൊണ്ടുപോകുമ്പോൾ ക്ഫീറിന് പ്രായം 9 മാസം, ഏരിയലിന് നാല് വയസ്. കുഞ്ഞു ക്ഫീറിനെയും ഏരിയലിനേയും അടുക്കിപ്പിടിച്ച് ഹമാസിന്റെ വാഹനത്തിൽ കയറുന്ന ഷിരിയുടെ സിസിടിവി ദൃശ്യങ്ങൾ ഇസ്രയേലിന്റെ മനസ്സിലേറ്റ വലിയൊരു മുറിവായിരുന്നു.
ഈ കുഞ്ഞുങ്ങളും അമ്മയും ഇസ്രയേലിലെ മുഴുവൻ ബന്ദികളുടെയും പ്രതീകമായി മാറി. അവർക്ക് വേണ്ടി രാജ്യം മുഴുവൻ പ്രാർത്ഥിച്ചു. ക്ഫീറും ഏരിയലും മരിച്ചുവെന്ന് ഹമാസ് അറിയിച്ചിട്ടും രാജ്യം ബിബാസ് കുടുംബത്തിന് വേണ്ടി കാത്തിരുന്നു. അച്ഛൻ മോചിതനായി. പക്ഷേ, ക്ഫീറും ഏരിയലും തിരിച്ചറിയാനാകാത്ത രൂപത്തിലാണ് എത്തിയത്. ഫോറൻസിക് പരിശോധന നടന്നു. അമ്മയുടെതതെന്ന പേരിൽ ഹമാസ് കൈമാറിയത് കുഞ്ഞുങ്ങളുടെ അമ്മ ഷിരിയുടേതല്ലെന്ന മെഡിക്കൽ ഫലം വന്നു. അതോടെ ഇസ്രയേൽ ഇടഞ്ഞു. പകരം ചോദിക്കുമെന്ന് പ്രധാനമന്ത്രി പറയുമ്പോൾ, ‘പകരം ചോദിക്കേണ്ട, മൃതദേഹം തിരിച്ചുതരൂ’ എന്ന് കുടുംബാംഗങ്ങൾ അപേക്ഷിച്ചു കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കിട്ടിയത് തെറ്റിപ്പോയതാകാമെന്നാണ് ഹമാസിന്റെ വിശദീകരണം. മരണത്തിന് ഹമാസ്, ഇസ്രയേലിനെ പഴിക്കുന്നു. പക്ഷേ ഫോറൻസിക് പരിശോധനാഫലം അനുസരിച്ച് രണ്ട് കുഞ്ഞുങ്ങളെയും ക്രൂരമായി കൊന്നതാണെന്ന് തെളിഞ്ഞു എന്ന് ഇസ്രയേൽ ആരോപിക്കുന്നു. പാറക്കഷ്ണം വീണ് മരിച്ചതാണെന്ന് വരുത്തിത്തീർക്കാൻ ചതച്ച് വികൃതമാക്കിയെന്ന് ചില പടിഞ്ഞാറൻ മാധ്യമങ്ങളിലും വാർത്ത വന്നു.
വെടിനിർത്തൽ ധാരണ ഹമാസ് ലംഘിച്ചു എന്നാണ് ഇസ്രയേലിന്റെ ആരോപണം. ധാരണ അനുസരിച്ച് 8 മൃതശരീരങ്ങളാണ് ഹമാസ് കൈമാറേണ്ടത്. വെടിനിർത്തൽ ധാരണയുടെ ആദ്യത്തെ 6 ആഴ്ചക്കകം കൈമാറേണ്ടത് 1,900 പലസ്തീനി തടവുകാർക്ക് പകരം 33 ഇസ്രയേലി ബന്ദികളെ. ഇനി ബാക്കി 62 ബന്ദികൾ. പത്ത് വർഷം മുമ്പ് തട്ടിക്കൊണ്ടുപോയ മൂന്ന് പേർ വേറെ. 66 -ൽ പകുതി പേരെങ്കിലും ജീവനോടെ ഉണ്ടാകുമെന്നാണ് ഇസ്രയേലിന്റെ കണക്ക്. ഇനിയുള്ള ബന്ദി കൈമാറ്റത്തിൽ ചില ധാരണകൾ ഇല്ലാതെ തടവുകാരെ കൈമാറില്ലെന്ന് നിലപാടെടുത്തിരിക്കയാണ് ഇസ്രയേൽ. അതേസമയം ഗാസക്കാർക്ക് ഈ കൈമാറ്റത്തിൽ അരിശമാണ്. ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ മൃതദേഹം വിട്ടുകിട്ടണമെന്നാണ് അവരുടെ ആവശ്യം. പതിറ്റാണ്ടുകളായി ഇസ്രയേലി സൈന്യത്തിന്റെ മേൽനോട്ടത്തിൽ സെമിത്തേരികളിലുള്ള മൃതദേഹങ്ങളും തങ്ങൾക്ക് കൈമാറണമെന്നും അവര് ആവശ്യപ്പെടുന്നു. അപ്പോഴും നഷ്ടക്കണക്കുകളിൽ ഇസ്രയേൽ – പലസ്തീൻ എന്ന വ്യത്യാസം കാണാനില്ല. നഷ്ടം മാത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]