
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിന് രാംദാസ് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ജതിന് രാംദാസിന്റെ ഇന്‍ട്രോ കൂടി പുറത്തുവന്നതോടെ സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ആകാംക്ഷ വര്‍ധിക്കുകയാണ്. ഇനി മൂന്ന് ഇന്ട്രോകളാണ് പുറത്തുവരാനുള്ളത്. ഇതില്‍ ഒന്ന് സ്വാഭാവികമായും മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതും മറ്റൊന്ന് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതുമാകുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കില്‍ മൂന്നാമത്തെ കഥാപാത്രം ആരാണെന്നാണ് ആരാധകരുടെ ആകാംക്ഷ.
ആരാധകരെ ഞെട്ടിച്ച ക്യാരക്ടര്‍ ഇന്‍ട്രോകളും ഇതിനിടെ പുറത്തുവന്നിരുന്നു. ഇതില്‍ ജെറോം ഫ്ളിന്നിന്റേതായിരുന്നു പ്രധാനപ്പെട്ടത്. ഗെയിം ഓഫ് ത്രോണ്‍സില്‍ ബ്രോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജെറോം ഫ്ളിന്‍, ബോറിസ് ഒലിവര്‍ എന്ന കഥാപാത്രമായാണ് എമ്പുരാനില്‍ എത്തുന്നത്..
എമ്പുരാനില്‍ തനിക്ക് മോഹന്‍ലാലുമായി കോമ്പിനേഷന്‍ സീനുണ്ടെന്ന് ടൊവിനോ ഇന്ട്രോയില് പറഞ്ഞു. ലൂസിഫറില്‍ കോമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നില്ല. ഒരുപക്ഷേ എമ്പുരാനില്‍ തന്റെ ഏറ്റവും മികച്ച പ്രകടനം മോഹന്‍ലാലുമായുള്ള കോമ്പിനേഷന്‍ സീനില്‍ ആവാമെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
വളരെ ചുരുക്കം സീനുകള്‍ കൊണ്ടുതന്നെ രസമുള്ള ‘ക്യാരക്ടര്‍ ആര്‍ക്ക്’ ഉള്ള കഥാപാത്രത്തെയാണ് ലൂസിഫറില്‍ പൃഥ്വിരാജും മുരളി ഗോപിയും ചേര്‍ന്ന് തനിക്ക് നല്‍കിയത്. കൗതുകത്തോടെയാണ് താന്‍ ആ കഥാപാത്രത്തെ സമീപിച്ചത്. രണ്ടാംഭാഗം വരുമ്പോള്‍ തന്റെ കഥാപാത്രത്തെ എങ്ങനെയാണ് വികസപ്പിക്കാന്‍ പോകുന്നതെന്ന് വലിയ കൗതുകമുണ്ടായിരുന്നു. എമ്പുരാന്റെ സ്ക്രിപ്റ്റിനെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും അറിഞ്ഞപ്പോള്‍ കൗതുകം കൂടുതലായെന്നും ടൊവിനോ പറഞ്ഞു.
‘ഏറ്റവും കൂടുതല്‍ വേദികളില്‍ പ്രേക്ഷകര്‍ ആവശ്യപ്പെട്ടിട്ട് ഞാന്‍ പറഞ്ഞ ഡയലോഗ് ലൂസിഫറിലേത് തന്നെയായിരിക്കും. മുണ്ടുടുക്കാനുമറിയാം, ആവശ്യം വന്നാല്‍ മടക്കിക്കുത്താനുമറിയാം എന്ന ഡയലോഗ് എണ്ണമറ്റ വേദികളില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് ഒരുതവണ രാജുവേട്ടനെക്കൊണ്ട് ഈ ഡയലോഗ് ആരോ പറയിപ്പിച്ചപ്പോള്‍ ഞാന്‍ രാജുവേട്ടനോട് പറഞ്ഞു- ചേട്ടാ എന്റെ കഞ്ഞിയില്‍ പാറ്റയിടല്ലേ, ഞാന്‍ അതുകൊണ്ടാണ് കഞ്ഞികുടിച്ച് പോയിക്കൊണ്ടിരിക്കുന്നത് എന്ന്. അത്രയും വിസിബിലിറ്റിയും റീച്ചും എനിക്ക് തന്ന കഥാപാത്രമായിരുന്നു ജതിന് രാംദാസ്’, ടൊവിനോ പറഞ്ഞു.
‘ലൂസിഫറില്‍ ലാലേട്ടനുമായി ഒരു കോമ്പിനേഷന്‍ സീന്‍പോലും ഉണ്ടായിരുന്നില്ല. പക്ഷേ ഈ സിനിമയില്‍ ഞങ്ങള്‍ക്കൊരു കോമ്പിനേഷന്‍ സീന്‍ ഉണ്ട്. ഒരുപക്ഷേ ഈ സിനിമയിലെ എന്റെ ഏറ്റവും നല്ല പെര്‍ഫോമന്‍സും ഈ സീനിലായിരിക്കും എന്നാണ് ഡബ്ബിങ് കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയതും. സിനിമയുടെ ടോട്ടാലിറ്റിയെക്കുറിച്ച് എനിക്ക് ചെറിയ ധാരണയേയുള്ളൂ. പൂര്‍ണ്ണമായും സിനിമ ആസ്വദിക്കാനായി ഞാന്‍ കാത്തിരിക്കുകയാണ്’, ടൊവിനോ കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]