
ബെർലിൻ: ജർമ്മൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് സഖ്യമായ സി.ഡി.യു/സി.എസ്.യുവിന് ജയം. സി.ഡി.യു നേതാവായ ഫ്രെഡ്റിക് മെർസ് (69) അടുത്ത ജർമ്മൻ ചാൻസലറായേക്കും. പാർലമെന്റിലെ 630 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 208 സീറ്റാണ് (28.6% വോട്ട്) സി.ഡി.യു/സി.എസ്.യു നേടിയത്. 316 സീറ്റാണ് കേവല ഭൂരിപക്ഷം.
ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപീകരണത്തിന് മറ്റ് പാർട്ടികളുമായി ചേർന്ന് സഖ്യമുണ്ടാക്കാനുള്ള ചർച്ചകൾ സി.ഡി.യു/സി.എസ്.യു തുടങ്ങി. തീവ്ര വലതുപക്ഷമായ അൾട്ടർനേറ്റീവ് ഫോർ ജർമ്മനി (എ.എഫ്.ഡി) 152 സീറ്റുമായി രണ്ടാമതെത്തി. നിലവിലെ ചാൻസലർ ഒലാഫ് ഷോൾസിന്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി 120 സീറ്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 85 സീറ്റുമായി ഗ്രീൻസ് പാർട്ടി നാലാമതെത്തി.
എ.എഫ്.ഡിയുമായി സഹകരിക്കില്ലെന്നും സോഷ്യൽ ഡെമോക്രാറ്റുകളുമായി ചർച്ച നടത്തുമെന്നും മെർസ് വ്യക്തമാക്കി. ഈസ്റ്ററോടെ പുതിയ സർക്കാർ രൂപീകരിക്കുമെന്നും മെർസ് പറഞ്ഞു. 2021ൽ അധികാരത്തിലെത്തിയ ഷോൾസിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരുന്നു. പുതിയ സർക്കാർ അധികാരത്തിലേറും വരെ ഷോൾസ് കാവൽ ചാൻസലറായി തുടരും.
ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ ഒഫ് ജർമ്മനി (സി.ഡി.യു), ക്രിസ്റ്റ്യൻ സോഷ്യൽ യൂണിയൻ ഇൻ ബവേറിയ (സി.എസ്.യു) എന്നീ പാർട്ടികൾ ചേർന്നതാണ് സി.ഡി.യു/സി.എസ്.യു സഖ്യം. യൂണിയൻ എന്നും സഖ്യം അറിയപ്പെടുന്നു. 2022 മുതൽ സി.ഡി.യുവിന്റെ അദ്ധ്യക്ഷൻ ഫ്രെഡ്റിക് മെർസ് ആണ്. മുൻ ചാൻസലർ ആംഗല മെർക്കൽ സി.ഡി.യുവിൽ ഉൾപ്പെടുന്നു.
# കുടിയേറ്റ വിരുദ്ധൻ,
യു.എസിന് വിമർശനം
യു.എസിൽ നിന്ന് ‘സ്വതന്ത്രമാകണമെന്ന് ” യൂറോപ്പിന് മെർസിന്റെ മുന്നറിയിപ്പ്. യൂറോപ്പിനോട് യു.എസിന് ഇപ്പോൾ താത്പര്യമില്ലെന്നും പ്രതിരോധത്തിന് യു.എസിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് തന്റെ പ്രഥമ ലക്ഷ്യമെന്നും ജയത്തിന് പിന്നാലെ മെർസ് പറഞ്ഞു
തിരഞ്ഞെടുപ്പിൽ യു.എസ് ഇടപെടാൻ ശ്രമിച്ചതിനെ മെർസ് വിമർശിച്ചു. യു.എസിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടവും ട്രംപിന്റെ വലംകൈയായ ശതകോടീശ്വരൻ ഇലോൺ മസ്കും എ.എഫ്.ഡിയെ പിന്തുണച്ചിരുന്നു. എങ്കിലും ട്രംപ് മെർസിന് ആശംസ അറിയിച്ചു
നിലവിലെ സ്ഥിതിയിൽ നാറ്റോയുടെ മുന്നോട്ടുപോക്ക് സംശയമാണെന്നും യുക്രെയിന് പിന്തുണ തുടരുമെന്നും മെർസ് വ്യക്തമാക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2022 മുതൽ പ്രതിപക്ഷ നേതാവായ മെർസ് കുടിയേറ്റ വിരുദ്ധൻ. സർക്കാർ ചുമതലകൾ വഹിച്ചിട്ടില്ല
അഭിഭാഷകനായ മെർസ് 1972 മുതൽ സി.ഡി.യുവിന്റെ ഭാഗം. 1989 – 1994 കാലയളവിൽ യൂറോപ്യൻ പാർലമെന്റ് അംഗം. 1994 മുതൽ ജർമ്മൻ പാർലമെന്റിൽ. ആംഗല മെർക്കലിന് മുന്നിൽ പ്രഭ മങ്ങിയതോടെ 2009ൽ രാഷ്ട്രീയം വിട്ടു. ആംഗല പാർട്ടി ചുമതലകൾ ഒഴിഞ്ഞതോടെ മെർസ് 2018ൽ തിരിച്ചെത്തി