
നാലു പതിറ്റാണ്ടുകളായി മലയാളികളുടെ പ്രിയപ്പെട്ട കുട്ടേട്ടൻ, നടൻ വിജയരാഘവൻ സിനിമയിലെത്തിയിട്ട്. അഭിനയസപര്യയിൽ ചെയ്തതെല്ലാം എന്നും ഓർത്തിരിക്കുന്ന വേഷങ്ങൾ. മാറിയ സിനിമയിൽ മാറ്റത്തിൻ്റെ മുൻപന്തിയിൽ തന്നെയുണ്ട് വിജയരാഘവൻ. പൂക്കാലത്തിലും കിഷ്കിന്ധാ കാണ്ഡത്തിലും റൈഫിൾ ക്ലബിലുമൊക്കെ വിജയരാഘവനെന്ന നടൻ്റെ വേറിട്ട പ്രകടനം നാം കണ്ടു. അപ്പോഴും ഒരു ചെറിയ കുട്ടി പറയുന്ന അഭിപ്രായം പോലും തനിക്ക് സ്വർഗതുല്യമാണെന്ന് പറയുന്ന എളിമയാണ് വിജയരാഘവൻ. മാതൃഭൂമി ഡോട്ട് കോമിലൂടെ അദ്ദേഹം പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നു, തൻ്റെ ജീവിതത്തെ കുറിച്ചും സിനിമയെ കുറിച്ചും തന്നെ താനാക്കിയ അച്ഛനെ കുറിച്ചും.
മലയാളത്തിലെ എണ്ണം പറഞ്ഞ ആത്മകഥയിൽ ഒന്നാണ് ‘ഞാൻ’. അപ്പോൾ ഇനി എന്നാണ് ഞങ്ങൾക്ക് ഒരു വിജയരാഘവീയം വായിക്കാൻ കഴിയുക.
എന്താണെങ്കിലും അച്ഛന്റെ ആത്മകഥയോളം വരില്ല എന്റേത്. എന്നിലെ ‘ഞാൻ’ വളരെ ചെറുതാണ്. അത്രയും വലിയ ജീവിത അനുഭവങ്ങളെനിക്കില്ല. ജീവിത അനുഭവങ്ങൾ ഇല്ലാത്തതുകൊണ്ട് ജീവിത വീക്ഷണങ്ങളിലും വ്യത്യാസമുണ്ടാകും. അപ്പോൾ അത് ഒരിക്കലും അച്ഛൻ്റെ ഞാനുമായി താരതമ്യപ്പെടുത്താനേ പറ്റില്ല. എൻ.എൻ.പിള്ള എന്ന് പറയുന്നത് ഒരു മഹാ മേരുവാണ്. വിജയരാഘവൻ എന്ന് പറയുന്നത് എൻ.എൻ.പിള്ളയുടെ മകനാണെന്നേയുള്ളൂ. അതുമായിട്ട് ഒരിക്കലും താരതമ്യം ചെയ്യാൻ പറ്റില്ല.
നാടകത്തിൽ നിന്നാണ് അഭിനയത്തിന്റെ തുടക്കം. ഇനി എപ്പോഴെങ്കിലും നാടകത്തിലേക്ക് മടങ്ങിപ്പോകണമെന്ന് തോന്നിയിട്ടുണ്ടോ? അല്ലെങ്കിൽ ആഗ്രഹമുണ്ടോ.
നാടകത്തിലേക്ക് മടങ്ങിപ്പോകാം എന്ന് വെച്ചാൽ നിങ്ങൾക്ക് ഒരു വാക്ക് കൊണ്ട് ചോദിക്കാവുന്നതേ ഉള്ളൂ. ഞാൻ അഭിനയിച്ചു വന്ന നാടകങ്ങൾ എന്ന് വെച്ചാൽ ഒരു പത്തുമുപ്പത് ദിവസം അല്ലെങ്കിൽ 40 ദിവസം അതിന്റെ റിഹേഴ്സലുണ്ടാകും. അത് നമ്മിലെ നടനെ പാകപ്പെടുത്തുന്ന രീതിയിലുള്ള നാടകങ്ങളാണ്. നടന് പെർഫോം ചെയ്യാൻ പറ്റുന്ന രീതിയിലുള്ള നാടകങ്ങൾ ഉണ്ടാവണം.
എൻ.എൻ.പിള്ള, തോപ്പിൽ വാസി, എസ്.എൽ. പുരം സദാനന്ദൻ, കെ.ടി. മുഹമ്മദ്, പി.ജെ. ആന്റണി, തിക്കൊടിയൻ മാഷ്, പൊൻകുന്നം വർക്കി സർ അങ്ങനെ മലയാള നാടകത്തിലെ പ്രഗത്ഭരായിട്ടുള്ള നാടകകൃത്തുക്കളുടെ ഒരു കാലമായിരുന്നു ഞാൻ അഭിനയിച്ച കാലം. അത്രയും പ്രഗത്ഭരായിട്ടുള്ള എത്ര നാടകകൃത്തുക്കൾ ഇപ്പോൾ ഉണ്ടെന്നുള്ള കാര്യം എനിക്കറിയില്ല. എന്റെ അറിവ് കുറവാണത്. അത്രയും ഗംഭീരമായ നാടകങ്ങൾ ഉണ്ടാവണം. പിന്നെ അന്ന് നാടകങ്ങളിൽ അഭിനയിച്ചിരുന്ന നടീനടന്മാരിൽ അത്ഭുതകരമായ കഥാപാത്രങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള പ്രതിഭകൾ ഉണ്ടായിരുന്നു. കാളിദാസ കലാകേന്ദ്രവും കെ.പി.എ.സിയും ഗീഥാ ആർട്ട്സ് ക്ലബും അച്ഛന്റെ വിശ്വകേരള കലാസമിതിയിലും കോഴിക്കോട് സ്റ്റേജ് ഇന്ത്യയും കെ.ടിയും പി.ജെ. ആന്റണി ചേട്ടനുമൊക്കെ സർവകലാശാലകളാണ്. അവരൊക്കെ നാടകത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും വ്യക്തമായ ധാരണയും ബോധ്യവുമുള്ള ഒരു ലെജൻഡ്സ് ആയിരുന്നു. അന്നത്തെ അഭിനേതാക്കൾ ഇവരുടെയൊക്കെ സർവകലാശാലകളിൽ പഠിച്ച ആൾക്കാരാണ്. ആ കാലഘട്ടത്തിൽ ഉണ്ടായ നടി നടന്മാരൊന്നും ഇന്നില്ല. ഞാനുണ്ട്, സായികുമാർ ഉണ്ട്, മുകേഷ് ഉണ്ട്, അങ്ങനെ കുറച്ചു പേരൊക്കെ ഉള്ളൂ. ആ കാലഘട്ടത്തിലുള്ള ഒരുപാട് പേർ പ്രായം ആയിപ്പോയി, ചിലരൊന്നും അവശേഷിക്കുന്നില്ല. അപ്പോൾ അങ്ങനെയുള്ള നടി നടന്മാരും വേണം. അതാണ് ഇന്നത്തെ കാലത്ത് എനിക്ക് തോന്നുന്നത്.
പിന്നെ നാടകം അമ്പലപ്പറമ്പിലോ അല്ലെങ്കിൽ വലിയൊരു ജനക്കൂട്ടത്തിനിടയിലോ കളിക്കേണ്ട കാര്യമല്ല. അങ്ങനത്തെ കലാരൂപമല്ല നാടകം. പരമാവധി ഒരു 1000 പേരൊക്കെ മതി. അത്രയും പേർക്കൊക്കെയെ ആസ്വദിക്കാൻ പറ്റുകയുള്ളൂ. നമ്മൾ അമ്പലപ്പറമ്പിൽ നാടകം കളിക്കാറുണ്ട്. അപ്പോൾ അത് വെടിക്കെട്ട് പോലെ കത്തി പടർത്തി ശബ്ദം കൊണ്ടും വെളിച്ചം കൊണ്ടും ശബ്ദകോലാഹലങ്ങളിൽ കൂടെ വേറൊരു രൂപമായി മാറി. ഞാൻ പണ്ട് അഭിനയിച്ചിരുന്ന നാടക സങ്കേതവും അഭിനയരീതിയും ഒന്നുമല്ല ഇപ്പോൾ. ഞാൻ പലപ്പോഴും നാടകം കാണാറുണ്ട്. പണ്ടത്തേതിൽ നിന്ന് തികച്ചും വ്യത്യസ്തമാണിപ്പോൾ. അതുമായിട്ട് എനിക്ക് താരതമ്യപ്പെടുത്താൻ അറിയില്ല.
വിജയരാഘവൻ എന്ന നടന്റെ മറ്റൊരു തലമാണ് നമ്മൾ ഇപ്പോൾ കാണുന്നത്. കിഷ്കിന്ധാകാണ്ഡം ആണെങ്കിലും പൂക്കാലം ആണെങ്കിലും ഇപ്പോൾ റൈഫിൾ ക്ലബ് ആണെങ്കിലുമൊക്കെ. ആ വേഷങ്ങളിലേക്ക് ആകർഷിച്ചത് അതിന്റെ വ്യത്യസ്തത തന്നെയായിരുന്നോ.
ആകർഷിച്ചതല്ല, വന്നുചേരുന്നതാണ്. നല്ല കഥാപാത്രങ്ങൾ നമ്മളിൽ വന്നുചേരുകയാണ്. അതൊരു ഭാഗ്യം അത്രേ ഉള്ളൂ.
നാല് പതിറ്റാണ്ടിനുശേഷം പൂക്കാലത്തിലൂടെ ഒരു സംസ്ഥാന പുരസ്കാരം കിട്ടി. ഇപ്പോൾ അഭിനയിക്കുന്ന സിനിമകൾക്കെല്ലാം വലിയ പ്രേക്ഷക പ്രശംസ കിട്ടുന്നു. അപ്പോൾ ഈ പ്രതികരണങ്ങളെ എങ്ങനെയാണ് നോക്കി കാണുന്നത്.
ഞാൻ പ്രേക്ഷകന്റെ പ്രതികരണത്തിനെയാണ് ഞാൻ കൂടുതൽ വിലയിരുത്തുന്നത്. എനിക്ക് അവാർഡ് കിട്ടിയാൽ ഒരു കമ്മിറ്റി കൂടി പറയുന്നു, അത് കൂടി വന്നാൽ ഒരാഴ്ച ചർച്ച ചെയ്യും. അതേസമയം പ്രേക്ഷകൻ നമ്മളോട് നിരന്തരമായിട്ട് ഇങ്ങനെ സംവദിച്ചു കൊണ്ടിരിക്കും. ഇപ്പോൾ കിഷ്കിന്ധാ കാണ്ഡം ആണെങ്കിലും, പൂക്കാലം ആണെങ്കിലും, റൈഫിൾ ക്ലബ്ബ് ആണെങ്കിലും ഒരുപാട് പ്രശംസ നേടിത്തന്നു. വഴിയിൽ വെച്ച് കാണുമ്പോഴും ആൾക്കാർ അഭിപ്രായം പറയുന്നു. അതല്ലേ ഏറ്റവും വലിയ സന്തോഷം. ഒരു കൊച്ചു കുട്ടി പറയുന്ന അഭിപ്രായം പോലും എനിക്ക് സ്വർഗതുല്യമാണ്. ഞാൻ അങ്ങനെയാണ് അതിനെ കാണുന്നത്. എനിക്ക് പ്രേക്ഷകൻ എന്നെ എങ്ങനെ വിലയിരുത്തും എന്നുള്ളതാണ് പ്രധാനം. പിന്നെ ഞാൻ എന്നെ സ്വയം വിലയിരുത്താറുണ്ട്. ഞാൻ ഓരോ സിനിമയും അഭിനയിച്ചു കഴിയുമ്പോൾ സിനിമ കാണുമ്പോഴും അല്ലെങ്കിൽ ആ സീൻ കഴിയുമ്പോഴും എന്നെ ഞാൻ തന്നെ വിമർശിക്കാറുണ്ട്. അതാണ് ഞാൻ ചെയ്യുന്ന ഒരു കാര്യം.
അഭിനയിച്ച സിനിമകൾ തീയേറ്ററിൽ പോയി കാണാറില്ല എന്ന് കേട്ടിട്ടുണ്ട്. അത് എന്തുകൊണ്ടാണ്?
കാണാറില്ല എന്നല്ല, വല്ലപ്പോഴും കാണും. എല്ലാമൊന്നും പോയി കാണില്ല. വളരെ ഗംഭീരം എന്നൊക്കെ പറഞ്ഞാൽ പോയി കാണും. അല്ലെങ്കിൽ ഒരു നാണം, ഒരു ചെറിയ ചമ്മലൊക്കെയുണ്ടെനിക്ക് എന്താണെന്ന് അറിയില്ല. പിന്നെ എന്റെ സിനിമയിൽ കുറ്റങ്ങളും കുറവുകളും ഒക്കെയാണ് ഞാൻ കാണുന്നത്. ഞാൻ കാണുന്ന സിനിമയല്ല, പ്രേക്ഷകർ കാണുന്നത്. അപ്പോൾ ഞാൻ അവിടെ വളരെ ഗൗരവത്തിൽ ചിലപ്പോൾ ഇരിക്കും. അതല്ലല്ലോ, സിനിമ കാണുന്ന പ്രേക്ഷകർ എല്ലാവരും സന്തോഷിക്കാനും ചിരിക്കാനുമല്ലേ വരുന്നത് എന്റർടൈൻമെന്റ് അല്ലേ. അപ്പോൾ എന്റെ കാഴ്ചപ്പാടുകൾ വ്യത്യാസമുണ്ട്. ഞാൻ പോകും, പോകാതിരിക്കാറൊന്നുമില്ല.
ചേറാടി കറിയയേയും റാംജി റാവിനെയും പോലുള്ള കഥാപാത്രങ്ങൾ ഇനിയും ഞങ്ങൾക്ക് കാണാൻ കഴിയുമോ?
ഒന്നുപോലെ ഒരിക്കലും മറ്റൊന്ന് ഉണ്ടാകില്ലല്ലോ. എന്നെപ്പോലെ വേറൊരു കുട്ടി ഉണ്ടാകുമോ? എന്റെ വിരലടയാളം പോലെ മറ്റൊന്ന് ലോകത്തിലല്ലോ, അല്ലേ? പിന്നെ എങ്ങനെയാ. അതുപോലെയൊരു കഥാപാത്രം അന്നേരം സംഭവിച്ചുപോയി. പുനഃസൃഷ്ടിച്ചാൽ പോലും അത് പോലെ വരുമോയെന്ന് സംശയമാണ്. ആ കഥയും ആ കഥാപാത്രങ്ങളും അന്നത്തെ സാഹചര്യത്തിൽ ഉണ്ടാകുന്നതാണ്.
വിജയരാഘവൻ കുടുംബത്തോടൊപ്പം | ഫോട്ടോ: മാതൃഭൂമി
വായിക്കാൻ ഏറെ ഇഷ്ടമുള്ള ആളാണ്. വായനയിൽ അച്ഛന്റെ സ്വാധീനം എത്രത്തോളമായിരുന്നു? തിരക്കിനിടയിൽ വായിക്കാൻ സമയം കിട്ടാറുണ്ടോ.
എല്ലാ കാര്യങ്ങളിലും എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിരിക്കുന്നത് അച്ഛനാണ്. അച്ഛൻ എന്നെ ഏറ്റവും കൂടുതൽ വഴക്ക് പറഞ്ഞത് ഞാൻ വായിക്കാത്തതിനാണ്. അച്ഛൻ എപ്പോഴും വായിക്കുന്ന ഒരാളായിരുന്നു. കയ്യിൽ പുസ്തകമില്ലാതെ അച്ഛനെ കണ്ടിട്ടില്ല. ഞാൻ ആ കാര്യത്തിൽ കുറച്ചു മോശമാണ്. സിനിമ വലിയ കുഴപ്പമാ. സിനിമയിൽ വന്നിട്ടുള്ള കുഴപ്പങ്ങളിൽ പെട്ട ഒരു കാര്യം വായന കുറയും എന്നതാണ്. എനിക്ക് ഒരു സാധനം കിട്ടിയാൽ ഒറ്റ ഇരിപ്പിന് വായിക്കണം. കുറേശ്ശെ കുറേശ്ശെ വായിച്ചാൽ അതിന്റെ തുടർച്ച ഒക്കെ പോകും. ഞാൻ വായിക്കുമ്പോൾ നമ്മുടെ തലച്ചോറിനകത്ത് ഒരു കഥയുണ്ടാകും, കഥാപാത്രങ്ങൾ ഉണ്ടാകും, സാഹചര്യങ്ങൾ ഉണ്ടാകും. അങ്ങനെ വായിക്കുന്നതാണ് എനിക്ക് സുഖം. പക്ഷേ, പലപ്പോഴും സിനിമാ ഷൂട്ടിങ്ങിന് പോകുമ്പോൾ അങ്ങനെ ഗൗരവതരമായ വായനയൊക്കെ ബുദ്ധിമുട്ടാണ്. വായിക്കും, അത്രയേ ഉള്ളൂ.
ലോകത്ത് ഉണ്ടാകുമെന്ന് തോന്നുന്ന ഒരു മാറ്റം എന്താണ്? അല്ലെങ്കിൽ ജീവിതത്തിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഒരു മാറ്റം എന്താണ്.
ലോകത്തിന്റെ മാറ്റത്തെ കുറിച്ച് ഒന്നും പറയാൻ പറ്റില്ല. നാളെ ഒരു ആഗോളയുദ്ധം ഉണ്ടായേക്കാം. ഒന്നും പ്രവചിക്കാൻ പറ്റില്ല. അങ്ങനത്തെ ഒരു കാലഘട്ടത്തിലൂടെയാണ് പോകുന്നത്. മതവും രാഷ്ട്രീയവും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത ഒരു അവസ്ഥയിലൂടെയാണ് ലോകം പോയിക്കൊണ്ടിരിക്കുന്നത്. എത്രമാത്രം അത് മാറി, മനുഷ്യൻ മനുഷ്യനായി തീരുന്നോ, അന്ന് മാത്രമേ നല്ലൊരു ഭാവി ലോകത്തിനുണ്ടാകുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. മതവും രാഷ്ട്രീയവും കൂടെ കൂടിക്കുഴയുന്ന ഒരു അവസ്ഥയുണ്ട്. അത് ഭയങ്കര അപകടമാണ്. അതാണ് ഇപ്പോൾ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് തോന്നുന്നു. അത് നല്ലൊരു ലക്ഷണം ആയിട്ട് എനിക്ക് തോന്നുന്നില്ല. അണുബോംബോ ഒക്കെ എപ്പോൾ വേണമെങ്കിലും വീഴാം. ഏതെങ്കിലും ഒരു ഭ്രാന്തന് തോന്നിയാൽ പോരേ ഞെക്കാൻ. അപ്പോൾ അതൊന്നും പ്രവചിക്കാൻ പറ്റുന്നതല്ല. ഞാൻ അങ്ങനെ അടുത്ത നിമിഷത്തെ പറ്റി ആലോചിക്കാത്ത ആളാണ്. ആലോചിക്കേണ്ട കാര്യമില്ല.
വിജയരാഘവനും ഭാര്യ സുമയും | ഫോട്ടോ: മാതൃഭൂമി
എന്റെ ജീവിതത്തിൽ ഒരു മാറ്റവും ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഇങ്ങനെ തന്നെ പോകാൻ ആഗ്രഹിക്കുന്നു. എന്ത് മാറ്റം? ജീവിതത്തിൽ ദിവസവും ഓരോ നിമിഷവും നമ്മൾ ഓരോരോ മാറിയ സാഹചര്യത്തിലൂടെ കടന്നു പോകുന്നു. ഞാൻ തൊട്ടു മുമ്പ് കടന്നു പോയ സാഹചര്യമല്ലല്ലോ ഇപ്പോൾ. അടുത്ത നിമിഷം എന്താണ് ഉണ്ടാവുകയെന്ന് പറയാനാകില്ലല്ലോ.
ഭാവിയിൽ ഒരു പുസ്തകം എഴുതിയാൽ അത് ആരെക്കുറിച്ചാവും.
എന്റെ ജീവിതവും അച്ഛനുമൊക്കെ തന്നെയാകും. അച്ഛൻ ഇല്ലാത്ത ഒരു ജീവിതം എനിക്കില്ല. എന്നെ പ്രസവം എടുത്ത അച്ഛനാണ്. അച്ഛന്റെ കൈകളിലേക്കാണ് ഞാൻ ജനിച്ചുവീണത്. എന്റെ ജീവിതവും വീക്ഷണവും അച്ഛന്റെ വീക്ഷണങ്ങളും അനുഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. അപ്പോൾ അതുകൊണ്ടൊക്കെ ആയിരിക്കാം എന്റെ പുസ്തകം അച്ഛനെ കുറിച്ചാവുന്നത്.
പിന്നെ അഭിനയത്തിനെ പറ്റി പുസ്തകങ്ങൾ ആലോചിക്കുന്നുണ്ട്. ഞാൻ പക്ഷേ, അഭിനയം എഴുതി മനസ്സിലാക്കിപ്പിക്കാൻ പറ്റുന്നതല്ല. അത് കണ്ടു മനസ്സിലാക്കേണ്ടതാണ്. എന്താണ് അഭിനയമെന്ന് ചോദിച്ചാൽ, കൃത്യമായ ഒരു നിർവചനം പറയാനില്ല. ഒരു നടനിലൂടെ കഥാപാത്രത്തെ സൃഷ്ടിക്കുന്ന പ്രക്രിയയാണ് അഭിനയം എന്നു വേണമെങ്കിൽ പറയാം. അതെങ്ങനെ എഴുതി ഫലിപ്പിക്കും എന്നുള്ള ഒരു ആശങ്കയിലാണ്.
സിനിമയിൽ ഇനി എങ്ങനെയുള്ള വേഷങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.
എനിക്ക് അങ്ങനെ ഒന്നിനെകുറിച്ചും ഒരു ആലോചനയുള്ള ഒരാളല്ല. ജീവിക്കുക അത്രയേ ഉള്ളൂ. നടനായിട്ട് തന്നെ ജീവിക്കണമെന്നാണ്. അതല്ലാതെ വേറെ ഒരു ജോലി എനിക്ക് താല്പര്യമില്ല. എന്റെ പ്രൊഫഷൻ അഭിനയമാണ് അതിപ്പോ എന്താണെങ്കിലും അതുമായിട്ട് ബന്ധപ്പെട്ട ഒരു ജീവിതമേ എനിക്കുണ്ടാകൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]