
.news-body p a {width: auto;float: none;}
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2022ലെ മാദ്ധ്യമ പുരസ്കാരങ്ങളിൽ രണ്ടെണ്ണം കേരള കൗമുദിക്ക്. ടിവി അഭിമുഖത്തിൽ കേരളകൗമുദി ചീഫ് ന്യൂസ് എഡിറ്റർ വി.എസ് രാജേഷ് കാർട്ടൂൺ വിഭാഗത്തിൽ കാർട്ടൂണിസ്റ്റ് ടി.കെ സുജിത് എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. കൗമുദി ടിവിയ്ക്കു വേണ്ടി ടി പദ്മനാഭനുമായി നടത്തിയ അഭിമുഖമാണ് വിഎസ് രാജേഷിനെ പുരസ്കാരത്തിന് അർഹനാക്കിയത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികമായിരുന്ന 2022ൽ ഇന്ത്യൻ സമൂഹത്തിൽ സ്വാതന്ത്ര്യസമരപ്രതീകങ്ങൾക്ക് വന്ന മാറ്റങ്ങൾ ചിത്രീകരിച്ച കാർട്ടൂണാണ് സുജിത്തിന് പുരസ്കാരത്തിന് അർഹനാക്കിയത്.
ഏറെ കോളിളക്കം സൃഷ്ടിച്ച എസ്എസ്എൽസി ചോദ്യപേപ്പർ ചോർച്ച (2005) പുറത്തുകൊണ്ടുവന്ന പത്രപ്രവർത്തകനാണ് വിഎസ് രാജേഷ്. ആ വാർത്തയ്ക്ക് 22 പുരസ്കാരങ്ങൾ നേടി. മികച്ച വികസനോൻ മുഖ പത്രപ്രവർത്തനത്തിനുള്ള പ്രസ് കൗൺസിൽ ഒഫ് ഇന്ത്യയുടെ ദേശീയ അവാർഡ് (2018), കേരള നിയമസഭ അവാർഡ് എന്നിവയടക്കം ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കി. മികച്ച ടെലിവിഷൻ അഭിമുഖത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും സംസ്ഥാന മാദ്ധ്യമ അവാർഡും നേടിയിട്ടുണ്ട്. തിരുവനന്തപുരം അരുവിയോട് സെന്റ് റീത്താസ് സ്കൂൾ അദ്ധ്യാപിക എസ്.എസ്. ദീപയാണ് ഭാര്യ. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പ്ളസ് ടു വിദ്യാർത്ഥി രാജ്ദീപ് ശ്രീധർ മകനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ തിരുമിറ്റക്കോട് പരേതരായ ടി.ആർ കുമാരന്റേയും പിആർ തങ്കമണിയുടേയും മകനായ സുജിത്തിന് പന്ത്രണ്ടാം തവണയാണ് കാർട്ടൂണിനുള്ള സംസ്ഥാന മാദ്ധ്യമ അവാർഡ് ലഭിക്കുന്നത്. ഭരണഘടനാ നിയമത്തിൽ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള സുജിത്ത് 2001 മുതൽ കേരളകൗമുദിയിൽ കാർട്ടൂണിസ്റ്റാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കാർട്ടൂണിസ്റ്റിന്റെ ദേശീയ കാർട്ടൂൺ പുരസ്കാരം, മൂന്നുതവണ കേരള ലളിതകലാ അക്കാദമി അവാർഡ്,കേരള മീഡിയ അക്കാദമി ഫെലോഷിപ്പ്,എട്ടുതവണ തിരുവനന്തപുരം പ്രസ് ക്ളബ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ:അഡ്വ.എം നമിത.എം.ജി കോളേജിൽ ബിരുദവിദ്യാർത്ഥി ആയ അമൽ,കോട്ടൺഹിൽ സ്കൂളിൽ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയായ ഉമ എന്നിവർ മക്കളാണ്.