
കൊച്ചി: കേരളം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് രാഷ്ട്രീയമല്ല, ഇവിടുത്തെ ജനങ്ങളാണെന്ന് ജോയ് അലൂക്കാസ് ഗ്രൂപ്പിന്റെ ചെർമാൻ ജോയ് അലൂക്കാസ്. ഒരാൾ ഒരു പ്രോജക്ടുമായി വന്നാൽ അത് എങ്ങനെ തടസപ്പെടുത്തണമെന്നാണ് നോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഒരു പാലിയേറ്റീവ് കേന്ദ്രം ആരംഭിക്കാനൊരുങ്ങിയപ്പോൾ അതിന് തടസം നിന്നത് നാട്ടുകാരാണ്. നമ്മുടെ ജീനിന്റെ പ്രശ്നം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള നിക്ഷേപ ഉച്ചകോടിയിൽ പങ്കെടുക്കവെ ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ 120 ജുവലറി ശൃംഖലയുള്ള ജോയ് അലൂക്കാസിന് കേരളത്തിൽ പത്തെണ്ണം മാത്രമാണുള്ളത്. അതിന്റെ കാരണത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു.
ജോയ് അലൂക്കാസിന്റെ വാക്കുകളിലേക്ക്…
‘മറ്റുള്ളവർ എന്തെങ്കിലും കാര്യങ്ങൾ കൊണ്ടുവന്നാൽ അത് എങ്ങനെയെങ്കിലും തടസമുണ്ടാക്കുക എന്നുള്ളതാണ്. അല്ലാതെ ഇതിനകത്ത് വേറൊന്നും ഇല്ല. നമ്മുടെ ജനങ്ങളുടെ പ്രശ്നമാണത്. 2002ൽ ഞാൻ കേരളത്തിൽ വന്ന് കുറച്ച് ജുവലറികൾ തുടങ്ങി. അന്ന് എനിക്ക് മനസിലായി നമുക്ക് പറ്റിയ സ്ഥലമല്ലിതെന്ന്. അന്ന് മാറി. ഇന്ന് എനിക്ക് 120 ഷോറൂമുകൾ ഇന്ത്യയിലുണ്ട്. പത്തെണ്ണം മാത്രമാണ് കേരളത്തിലുള്ളത്. അന്ന് പുറത്തുപോയതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു.
പുറത്ത് നമുക്ക് ഒരുപാട് അവസരങ്ങളുണ്ട്. തൃശൂരിൽ പണിയാം എന്ന് കരുതുന്ന ആശുപത്രി എനിക്ക് വേണമെങ്കിൽ തമിഴ്നാട്ടിൽ കൊണ്ട് പണിയാം. പക്ഷേ, ഞാൻ തൃശൂർകാരൻ എന്ന നിലയിൽ തൃശൂരിന് എന്തെങ്കിലും ചെയ്യാൻ വേണ്ടി ചെയ്യുന്നതാണ്. പക്ഷേ, ഇപ്പോൾ സാഹചര്യങ്ങൾ മാറുന്നുണ്ട്. ധാരാളം അവസരങ്ങൾ കേരളത്തിലുണ്ട്. എജ്യൂക്കേറ്റഡായ കുട്ടികളുണ്ട്. എല്ലാവരും പുറത്തുപോകുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നമ്മുടെ കുട്ടികൾക്ക് പുറത്തുപോയാലേ സ്കോപ്പ് ഉള്ളൂ. ഇവിടെ അവസരങ്ങൾ കുറവാണ്. എല്ലാത്തിനും തടസം നിൽക്കുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. അതിൽ ഒരു മാറ്റം വരാത്തിടത്തോളം കാലം ആരെങ്കിലും ഒരു പ്രോജക്ട് കൊണ്ടുവന്നാൽ തടയിടാൻ വേണ്ടി ആളുകളുണ്ട്. ഇത് രാഷ്ട്രീയമല്ല. തൊട്ട് അയൽവക്കത്തുകാർ വേണമെങ്കിൽ തടയിടും. പുറത്തുപോകുന്ന കുട്ടികൾ പുറത്തുപോയി രക്ഷപ്പെടട്ടേ എന്നാണ് ഞാൻ പറയുക’- ജോയ് അലൂക്കാസ് പറഞ്ഞു.