
ദില്ലി: രാജീവ് കുമാർ വിരമിച്ചതിന് പിന്നാലെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കി. 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവർത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിൻ്റെ നിയമനം സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ കേന്ദ്രസർക്കാർ പുറത്തിറക്കിയേക്കും.
പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ് എന്നിവരുൾപ്പെട്ട സമിതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്നത്. ഈ പാനലിൽ കേന്ദ്രസർക്കാരിന് ഭൂരിപക്ഷം ലഭിക്കുന്നതിനാൽ സ്വതന്ത്ര നിയമനം സാധ്യമല്ലെന്ന് ആരോപിച്ചുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ കേസ് മറ്റന്നാൾ സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ പുതിയ നിയമനത്തെ എതിർത്തുള്ള രാഹുൽ ഗാന്ധിയുടെ വിയോജന കുറിപ്പ് തള്ളിയാണ് ഗ്യാനേഷ് കുമാറിൻ്റെ നിയമനം.
നേരത്തെ രാജീവ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു ഗ്യാനേഷ് കുമാർ. ഇദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായതോടെ ഹരിയാനയിലെ ചീഫ് സെക്രട്ടറി വിവേക് ജോഷിയെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചും ഉത്തരവിറക്കിയിട്ടുണ്ട്.
ജസ്റ്റിസ് കെഎം ജോസഫിൻറെ വിധി ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി ഇന്ന് ചേർന്ന യോഗത്തിൽ എതിർപ്പുന്നയിച്ചത്. മറ്റന്നാൾ ഇത് സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ ഈ നിലപാടറിഞ്ഞ ശേഷമേ തീരുമാനമെടുക്കാവൂ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പേരുകൾ യോഗത്തിൽ ചർച്ചക്കെടുത്തു. ഈ ഘട്ടത്തിൽ രാഹുൽ ഗാന്ധി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുമെന്ന് പറഞ്ഞു. പേരുകൾ നിശ്ചയിച്ചതിൽ രാഹുൽ പങ്കെടുത്തില്ലെന്ന് രേഖപ്പെടുത്താമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പു നൽകി. ഇറങ്ങി പോകാതെ യോഗത്തിൽ ഇരിക്കണമെന്ന് രാഹുലിനോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇതേ തുടർന്ന് യോഗം തീരും വരെ രാഹുൽ ഗാന്ധി യോഗത്തിൽ ഇരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]