![](https://newskerala.net/wp-content/uploads/2025/02/youtube-removes-indias-got-talent-controversial-episode-1024x576.jpg)
ന്യൂഡൽഹി: യൂട്യൂബറും പോഡ്കാസ്റ്ററുമായ രൺവീർ അല്ലാബാദിയയുടെ അശ്ലീല പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമഭേദഗതി ആരാഞ്ഞ് പാർലമെൻ്ററി കമ്മിറ്റി. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള പാർലമെൻ്ററി കമ്മിറ്റിയാണ് വിഷയത്തിലിടപെട്ടിരിക്കുന്നത്. ഫെബ്രുവരി 17-നകം വാർത്താവിനിമയ- പ്രക്ഷേപണ മന്ത്രാലയം മറുപടി നൽകണമെന്നാണ് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.
ഒടിടി ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അല്ലാബാദിയയുടേതുപോലുള്ള മോശം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിലവിലുള്ള നിയമങ്ങളിലെ ഭേദഗതികൾ വരുത്തുന്നതുൾപ്പെടെയുള്ള നടപടികൾ സംബന്ധിച്ചാണ് കമ്മിറ്റി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തെഴുതിയിരിക്കുന്നത്.
പാർലമെൻ്ററി കമ്മിറ്റിയിലെ നിരവധി അംഗങ്ങൾ രൺവീർ അല്ലാബാദിയക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങൾ തടയുന്നതിനായി നടപടികൾ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ എന്ന സ്റ്റാൻഡ്അപ് കോമഡി ഷോയ്ക്കിടെ നടത്തിയ അശ്ലീല പരാമർശത്തിന്റെ പേരിൽ പ്രശസ്ത യൂട്യൂബറും പോഡ്കാസ്റ്ററുമായ രൺവീർ അല്ലാബാദിയക്കെതിരെ അസം പോലീസ് നിയമനടപടി സ്വീകരിച്ചതിന് പിന്നാലെണ് പാർലമെൻ്ററി കമ്മിറ്റിയുടെ ഇടപെടൽ.
ഷോയിലെ അശ്ലീല പരാമർശങ്ങളുടെ പേരിൽ സ്റ്റാന്റപ്പ് കൊമേഡിയൻ സമയ് റെയ്ന, യൂട്യൂബർ രൺവീർ അല്ലാബാദിയ, സോഷ്യൽ മീഡിയ ഇന്റഫ്ളുവൻസർ അപൂർവ മഖിജ, ആശിഷ് ചഞ്ചലനി, ജ്പ്രീത് സിങ് എന്നിവർക്കെതിരേ അസം പോലീസ് കേസെടുത്തിരുന്നു. ഷോയിൽ അശ്ലീലം പ്രോത്സാഹിപ്പിക്കുകയും ലൈംഗികത പ്രകടമാക്കുന്നതും അശ്ലീലവുമായ ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തതായാണ് ചുമത്തിയിരിക്കുന്ന കുറ്റം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]