![](https://newskerala.net/wp-content/uploads/2025/02/kerala-ev.1.3137161.jpg)
അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കാത്തതും ചെലവ് കുറഞ്ഞതുമായ ഇന്ധനം വാഹനങ്ങളിൽ ഉപയോഗിക്കാൻ ലോകമെമ്പാടും പ്രചാരണം ശക്തമാകുകയാണ്. ഇതിന്റെ ഭാഗമായി വൈദ്യുതിയിൽ ഓടുന്ന വാഹനങ്ങൾക്ക് ലോകത്ത് പ്രിയമേറുന്നു. ഒട്ടുമിക്ക രാജ്യങ്ങളും വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ പരമാവധി നികുതിയിലടക്കം ഇളവുകൾ പ്രഖ്യാപിക്കുകയാണ്. ഇന്ത്യയും ഇക്കാര്യത്തിൽ ലോകത്തിനൊപ്പമെന്ന് തെളിയിച്ച പൊതുബഡ്ജറ്റാണ് കഴിഞ്ഞയാഴ്ച കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്.
വൈദ്യുത വാഹന ബാറ്ററി നിർമ്മാണത്തിനാവശ്യമായ പ്രധാന ധാതുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി നീക്കം ചെയ്യുന്നതാണ് ബഡ്ജറ്റിലെ പ്രധാന നിർദ്ദേശം. 2030 ഓടെ ആകെ വാഹന വിൽപ്പനയുടെ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രം കഴിഞ്ഞ രണ്ട് ബഡ്ജറ്റിലും നികുതി ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾക്ക് താങ്ങാവുന്ന വിലയ്ക്ക് വൈദ്യുത വാഹനങ്ങൾ ലഭ്യമാക്കാനും അതുവഴി സർക്കാർ ലക്ഷ്യമിടുന്നു.
എന്നാൽ തൊട്ടടുത്ത ദിവസം അവതരിപ്പിച്ച കേരള സംസ്ഥാന ബഡ്ജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള (ഇ.വി) നികുതി ഇരട്ടിയാക്കി വർദ്ധിപ്പിച്ച് കേരള ധനമന്ത്രി കെ.എൻ ബാലഗോപാൽ ഏവരെയും ഞെട്ടിച്ചു. കേന്ദ്രബഡ്ജറ്റിന്റെ സന്തോഷത്തിൽ കേരളത്തിലെ ഇ- വാഹന വിപണിക്ക് കുതിപ്പ് പ്രതീക്ഷിച്ച ഉപഭോക്താക്കളെയും വാഹന നിർമ്മാതാക്കളെയും ഡീലർമാരെയും ബഡ്ജറ്റിലെ നികുതി പ്രഖ്യാപനം അമ്പരപ്പിച്ചിരിക്കുകയാണ്.
ബഡ്ജറ്റ് നിർദ്ദേശം അനുസരിച്ച് 15 ലക്ഷത്തിന് മുകളിൽ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് വാഹന വിലയുടെ എട്ടുശതമാനം നികുതിയും 20 ലക്ഷത്തിന് മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് വാഹന വിലയുടെ 10 ശതമാനം നികുതിയുമാകും ഈടാക്കുക. ബാറ്ററി ചാർജ് തീരുമ്പോൾ മാറ്റിയെടുക്കാൻ കഴിയുന്ന പദ്ധതി കേന്ദ്ര സർക്കാർ നടപ്പാക്കിയിരുന്നു. അതിനും സംസ്ഥാനം പത്ത് ശതമാനം നികുതി ഏർപ്പെടുത്തുമെന്നാണ് ബഡ്ജറ്റ് പ്രഖ്യാപനം.
ബാറ്ററി സ്വന്തമായി വാങ്ങാതെ പണം ലാഭിക്കാമെന്ന് കരുതിയവർക്കാണ് ഇത് തിരിച്ചടിയാകുന്നത്. ഈ നികുതി വർദ്ധനവിലൂടെ ആകെ 30 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കാനാണ് സംസ്ഥാന ധനമന്ത്രിയുടെ ശ്രമം. ഇതോടെ ഇ കാറുകൾക്ക് വിലവർദ്ധിക്കുമെന്നുറപ്പായി. ഒറ്റത്തവണ നികുതി അടച്ചുവരുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് 15 വർഷത്തെ നികുതിയായി നിലവിൽ ഈടാക്കുന്നത് അഞ്ചു ശതമാനം മാത്രമാണ്. ഭാവികാലത്തിന്റെ ഗതിയെക്കുറിച്ച് നിശ്ചയമില്ലാത്ത ബഡ്ജറ്റ് നിർദ്ദേശമെന്ന വിമർശനമാണുയരുന്നത്. തികച്ചും അശാസ്ത്രീയമായ ഈ നികുതി നിർദ്ദേശം രാജ്യതാത്പര്യത്തിനെതിരാണെന്ന അഭിപ്രായവും ഉയർന്നു കഴിഞ്ഞു.
ഇ വാഹനങ്ങൾക്ക് പ്രിയമേറുന്നു
ദിനംപ്രതി കൂടുന്ന പെട്രോൾ, ഡീസൽ വിലയും അതുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണവും ഉപഭോക്താക്കളെ ഇ വാഹനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ്. ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിലെ അതിവേഗ വളർച്ചയും ഇ വാഹനങ്ങളുടെ സ്വീകാര്യത വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇന്ത്യൻ നിരത്തുകൾ ഇനി കീഴടക്കുന്നത് ഇ കാറുകളും ഇരുചക്രവാഹനങ്ങളുമായിരിക്കുമെന്നത് ഓരോ ദിവസവും വിപണിയിലിറങ്ങുന്ന ഇ വാഹനങ്ങൾ തെളിയിക്കുന്നു. ഇ വാഹനങ്ങൾ പങ്ക് വയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല, റേഞ്ചിലും കരുത്തിലുമെല്ലാം പെട്രോൾ, ഡീസൽ വാഹനങ്ങളെ ബഹുദൂരം പിന്നിലാക്കുന്നതാണ്. രാജ്യത്ത് ഇലക്ട്രിക് വാഹന വിപണി വൻ മുന്നേറ്റ പാതയിലാണ്. 2024 ൽ കാർ നിർമ്മാണ കമ്പനികൾ എട്ടോളം ഇ വാഹന മോഡലുകളാണ് പുറത്തിറക്കിയതെങ്കിൽ 2025 ൽ 15- 20 പുതിയ മോഡലുകൾ വിപണിയിലിറക്കാനാണ് മാരുതി അടക്കമുള്ള സ്ഥാപനങ്ങൾ ലക്ഷ്യമിടുന്നത്. കേന്ദ്രബഡ്ജറ്റിൽ നികുതി ഇളവുകൾ പ്രഖ്യാപിച്ചതോടെ ഇ വാഹന വിൽപ്പന കൂടുമെന്ന കണക്ക്കൂട്ടലിലാണ്. പെട്രോൾ, ഡീസൽ ഇന്ധന വില കൂടുന്ന സാഹചര്യത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ജനങ്ങൾക്ക് പ്രിയപ്പെട്ടതാകും എന്നാണ് കരുതുന്നത്. കേന്ദ്ര ബഡ്ജറ്റവതരണത്തിന് ശേഷം വാഹന ഓഹരിവിലയും ഉണർന്നിരുന്നു. 15 വർഷം കഴിഞ്ഞ മോട്ടോർ സൈക്കിളുകൾ, മുച്ചക്ര വാഹനങ്ങൾ, കാറുകൾ എന്നിവയുടെ നികുതിയിൽ 50 ശതമാനം വർദ്ധനവ് വരുത്താനുള്ള ബഡ്ജറ്റ് നിർദ്ദേശവും പാവപ്പെട്ടവരെയാകും പ്രതികൂലമായി ബാധിക്കുക. യൂസ്ഡ് കാർ വിപണിയെയും ഇത് ബാധിച്ചേക്കാം.
നികുതി ഒഴിവാക്കി തമിഴ്നാട്, മഹാരാഷ്ട്ര
രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ഇലക്ട്രിക് വാഹനത്തിന് നികുതി പൂർണമായും ഒഴിവാക്കി മാതൃക കാട്ടുമ്പോഴാണ് കേരളം അതിനു വിരുദ്ധമായ നിലപാടെടുക്കുന്നത്. തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ഇ വാഹനങ്ങൾക്ക് റോഡ് നികുതി ഈടാക്കാതെ പ്രോത്സാഹിപ്പിക്കുമ്പോൾ കേരളത്തിന്റെ പിന്തിരിപ്പൻ നിലപാട് വികസന കാഴ്ചപ്പാടിലെ ദൂരക്കാഴ്ച ഇല്ലായ്മയെ ആണ് പ്രതിഫലിപ്പിക്കുന്നത്.
മറ്റു വാഹനങ്ങളുടെ കാര്യത്തിലും രാജ്യത്ത് ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. പുതിയൊരു വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ 15 വർഷത്തെ നികുതിയാണ് മുൻകൂറായി വാങ്ങുന്നത്. സംസ്ഥാനത്ത് രണ്ട് ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണുള്ളത്. പുതുതായി രജിസ്റ്റർ ചെയ്യുന്നതിൽ 11 ശതമാനവും ഇ വാഹനങ്ങളാണ്. ഇല. വാഹനങ്ങൾക്ക് സംസ്ഥാനത്ത് പ്രിയമേറിയതോടെ അവരെ പിഴിഞ്ഞ് വരുമാനം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് സർക്കാരിന്റെ നികുതി വർദ്ധന നീക്കം. ഇ വാഹനങ്ങൾക്ക് മറ്റു വാഹനങ്ങളെക്കാൾ വിലക്കൂടുതലാണ്. അതിനൊപ്പം നികുതി കൂടി വർദ്ധിപ്പിച്ചാൽ വില്പനയെ സാരമായി ബാധിക്കുമെന്നാണ് വ്യാപാരികൾ ആശങ്കപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രണ്ട് മന്ത്രിമാർ, രണ്ട് നയം, നയമില്ലാതെ സർക്കാർ
ഇടതുമുന്നണി സർക്കാരിലെ രണ്ട് ഗതാഗത മന്ത്രിമാർക്ക് ഇ വാഹനം സംബന്ധിച്ച് രണ്ട് നയനിലപാടുകൾ വ്യക്തമാക്കുന്നത് ഇക്കാര്യത്തിൽ സർക്കാരിന്റെ നയരാഹിത്യമാണ്. ആന്റണി രാജു മന്ത്രിയായിരുന്നപ്പോൾ കേന്ദ്ര- സംസ്ഥാന പദ്ധതികളിൽ ഉൾപ്പെടുത്തി കെ.എസ്.ആർ.ടി.സിക്ക് വേണ്ടി 130 ഇ ബസുകൾ വാങ്ങുകയും സർവീസുകൾ ലാഭകരമെന്ന് തെളിയിച്ചതുമാണ്. ബസ് വാങ്ങാൻ കിഫ്ബി വായ്പ ഇ ബസിന് മാത്രമേ ലഭിക്കൂ എന്നായിരുന്നു നയം.
എന്നാൽ രണ്ടര വർഷത്തിനു ശേഷം കെ.ബി ഗണേശ്കുമാർ മന്ത്രിയായതോടെ ഇ ബസ് നയം മാറി. ഇ ബസുകൾ ലാഭകരമല്ലെന്നും ഇനി ഇ ബസ് വാങ്ങില്ലെന്നും പ്രഖ്യാപിച്ചു. തുടർന്ന് ഡീസൽ ബസുകൾ വാങ്ങാൻ 107 കോടി രൂപ ഇത്തവണ ബഡ്ജറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇ മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ 10 നഗരങ്ങളിലേക്ക് 950 ഇ ബസുകൾ നൽകാമെന്ന് അറിയിച്ചിട്ടും അത് കേരളം സ്വീകരിച്ചില്ല. ഇ ബസുകളെ ഒഴിവാക്കി ഗണേശ്കുമാർ ഡീസൽ ബസിനു പിന്നാലെ പോകുന്നതിനു പിന്നിൽ എന്താണെന്ന ചോദ്യം ഉയരുന്നുണ്ട്. 2030 ന് മുമ്പ് ഡീസൽ ബസുകൾ പടിപടിയായി നിരത്തുകളിൽ നിന്ന് പിൻവലിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുമ്പോഴാണ് ഇവിടെ ഡീസൽ ബസിനോടുള്ള പ്രേമം !