
.news-body p a {width: auto;float: none;}
കൽപ്പറ്റ: വയനാട് മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. അട്ടമല സ്വദേശി ബാലനാണ് (27) മരിച്ചത്. അട്ടമല ഗ്ലാസ് ബ്രിഡ്ജിന് സമീപം ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. ഇന്ന് രാവിലെയാണ് പുറംലോകം അറിഞ്ഞത്.
ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾക്ക് സമീപമുള്ള സ്ഥലമാണ് അട്ടമല. ഉരുൾപൊട്ടലിന് ശേഷം ഇവിടെ വന്യമൃഗ ശല്യം രൂക്ഷമാണെന്ന് അധികൃതരെ അറിയിച്ചിട്ടും, വേണ്ട നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
പ്രദേശത്ത് പുലിയുടെ ശല്യവും ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ ബാലന്റെ രണ്ട് പശുക്കളെ പുലി ആക്രമിച്ചിരുന്നു. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.
കാട്ടാനകളുടെ ആക്രമണത്തിൽ തിരുവനന്തപുരത്തും വയനാട്ടിലും കഴിഞ്ഞ ദിവസം രണ്ട് ജീവനുകൾ പൊലിഞ്ഞിരുന്നു. ആദിവാസി വിഭാഗത്തിൽപെട്ടവരാണ് രണ്ടുപേരും. വയനാട്ടിൽ കേരള – തമിഴ്നാട് അതിർത്തിയിലെ അമ്പലമൂല, വെള്ളരി, നരിക്കൊല്ലി മെഴുകൻമൂല ഉന്നതിയിലെ മനു (46), തിരുവനന്തപുരം മടത്തറ പെരിങ്ങമ്മല ശാസ്താംനട വലിയപുലിക്കോട് ചതുപ്പിൽ തടത്തരികത്ത് വീട്ടിൽ ബാബു (54) എന്നിവരാണ് കൊല്ലപ്പെട്ടത്.
വനവിഭവങ്ങൾ ശേഖരിക്കാൻ കഴിഞ്ഞ ബുധനാഴ്ച കാട്ടിലേക്ക് പോയ ബാബുവിനെ കാട്ടാന ചവിട്ടിക്കൊന്ന നിലയിൽ ഇന്നലെയാണ് കണ്ടെത്തിയത്. ആറു ദിവസം കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിൽ തിങ്കളാഴ്ച അടിപറമ്പ് ശാസ്താംനട കാട്ടുപാതയ്ക്ക് സമീപം ബാബുവിന്റെ വസ്ത്രങ്ങൾ കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെയാണ് നീർചാലിന് സമീപത്ത് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പ്രധാനപാതയിൽ നിന്ന് എട്ടുകിലോമീറ്റർ അകലെ ഉൾവനത്തിലായിരുന്നു മൃതദേഹം കിടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വയനാട്ടിൽ തിങ്കളാഴ്ച രാത്രിയാണ് മനുവിനെ കാട്ടാന കൊന്നത്. ഇന്നലെ രാവിലെ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കാപ്പാട്ടെ മനുവിന്റെ കുടുംബ വീടിനടുത്തെ വയലിന് സമീപത്ത് മൃതദേഹം കണ്ടത്. ഭാര്യ ചന്ദ്രികയുമൊത്ത് അങ്ങാടിയിൽ നിന്ന് സാധനം വാങ്ങിയശേഷം മനു കാപ്പാട്ടെ കുടുംബവീട്ടിലേക്ക് പോയി. ഭാര്യ നരിക്കൊല്ലിയിലെ വീട്ടിലേക്കും. രാത്രി എട്ടോടെ ഓട്ടോയിൽ ഓണിവയലിൽ വന്നിറങ്ങിയശേഷം കുടുംബ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് മനുവിനെ കാട്ടാന ആക്രമിച്ചത്.