വാഷിംഗ്ടണ്‍: ഡ്രോൺ നശിപ്പിക്കുന്ന ലേസർ ആയുധം ഒരു യുദ്ധക്കപ്പലിൽ നിന്ന് തൊടുത്തുവിടുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് അമേരിക്ക. യുഎസ് സെന്റര്‍ ഫോർ കൗണ്ടർമെഷേഴ്സിന്റെ വാർഷിക റിപ്പോർട്ടിലാണ് ഫോട്ടോയും വിശദ വിവരങ്ങളും പുറത്തുവിട്ടത്. അമേരിക്കയുടെ ഹെലിയോസ് ആയുധമാണ് സമുദ്രത്തില്‍ വച്ച് ഡ്രോൺ വെടിവച്ചിട്ടത്.
ഹെലിയോസ് ലേസർ സിസ്റ്റം എന്നറിയപ്പെടുന്ന ഈ ആയുധം ആർലീ ബർക്ക്-ക്ലാസ് ഡിസ്ട്രോയർ യുഎസ്എസ് പ്രെബിൾ (USS Preble Arleigh Burke) യുദ്ധക്കപ്പലിൽ നിന്നാണ് വിക്ഷേപിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഡ്രോൺ ആക്രമണ ഭീഷണി നേരിടുന്നതിനായാണ് ഇത് പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ലേസർ ആയുധം ഉപയോഗിച്ച് ശത്രു ഡ്രോണുകളെ എളുപ്പത്തിൽ നശിപ്പിക്കാൻ പുത്തന്‍ ആയുധത്തിന് കഴിയുമെന്ന് യുഎസ് സെന്റര്‍ ഫോർ കൗണ്ടർമെഷേഴ്സിന്റെ വാർഷിക റിപ്പോർട്ടില്‍ പറയുന്നു.
യുഎസ് നാവികസേനയ്ക്കായി ലോക്ക്ഹീഡ് മാർട്ടിൻ വികസിപ്പിച്ചെടുത്തതാണ് ഹൈ എനർജി ലേസർ വിത്ത് ഇന്റഗ്രേറ്റഡ് ഒപ്റ്റിക്കൽ ഡാസ്ലർ ആൻഡ് സർവൈലൻസ് (HELIOS) എന്ന ഈ ലേസർ ആയുധം. ഡ്രോണുകൾ, ഫാസ്റ്റ് അറ്റാക്ക് ബോട്ടുകൾ, മിസൈലുകൾ എന്നിവ പോലുള്ള ഭീഷണികളെ നിർവീര്യമാക്കാൻ രൂപകൽപ്പന ചെയ്ത ഒരു ഉയർന്ന ശക്തിയുള്ള ലേസർ ആയുധമാണ് ഹെലിയോസ്. ഇത് രണ്ട് വ്യത്യസ്ത ആക്രമണ രീതികൾ വാഗ്ദാനം ചെയ്യുന്നു. ഹാർഡ് കിൽ അഥവാ ഒരു ലക്ഷ്യത്തെ നേരിട്ട് നശിപ്പിക്കൽ, സോഫ്റ്റ് കിൽ അഥവാ ശത്രു സംവിധാനങ്ങളെ പ്രവർത്തനരഹിതമാക്കുന്നതിന് ഇലക്ട്രോണിക് ഘടകങ്ങളെ തടസപ്പെടുത്തൽ എന്നിവ.
ഹീലിയോസ് നിലവിൽ 60 കിലോവാട്ടിൽ കൂടുതൽ വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. ഭാവിയിൽ ഇത് 120 കിലോവാട്ടിൽ കൂടുതൽ ശക്തി ഉപയോഗിച്ച് ആക്രമണം നടത്താൻ പ്രാപ്തമാകും. ശത്രു കപ്പലുകളുടെ നിരീക്ഷണ സെൻസറുകൾ പ്രവർത്തനരഹിതമാക്കാനും ഇതിന് കഴിയും. ഇതോടെ രാത്രിയിലും കടലില്‍ അമേരിക്കയ്ക്ക് സുഗമമായ നിരീക്ഷണം നടത്താൻ കഴിയും.
ഹെലിയോസ് എന്തുകൊണ്ട് പ്രധാനമാകുന്നു?
വിലകൂടിയ വെടിക്കോപ്പുകളെ ആശ്രയിക്കുന്ന പരമ്പരാഗത മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് പകരം ലേസറുകൾ വിലകുറഞ്ഞതും കൂടുതൽ കാര്യക്ഷമവുമായ ഒരു ബദലാണ് നൽകുന്നത്. ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർ യുഎസിനും സഖ്യകക്ഷികൾക്കും നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്ന ചെങ്കടൽ, ഏദൻ ഉൾക്കടൽ തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരം നൂതന പ്രതിരോധ സാങ്കേതികവിദ്യയുടെ ആവശ്യകത അമേരിക്കയെ സംബന്ധിച്ച് അടിയന്തിരമായി മാറിയിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]