കൊച്ചി: വാളയാർ കേസിൽ മരണപ്പെട്ട പെൺകുട്ടികളുടെ അമ്മയ്ക്കെതിരെ സ്ഫോടനാത്മകമായ ആരോപണങ്ങളുമായി സിബിഐ കുറ്റപത്രം. ഒന്നാം പ്രതിയുമായി പെൺകുട്ടികളുടെ അമ്മ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും, കുട്ടികളുടെ മുമ്പിൽ വച്ചായിരുന്നു വേഴ്ച നടത്തിയതെന്നുമാണ് കുറ്റപത്രത്തിൽ സിബിഐ പറയുന്നത്. ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മൂത്ത മകളെ ഒന്നാം പ്രതി പീഡിപ്പിച്ചുവെന്ന് അറിഞ്ഞിട്ടും ഇളയ മകളേയും ഇതേ പ്രതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് അമ്മ കൂട്ടുനിന്നു. പ്രതി മദ്യവുമായി വീട്ടിൽ വരുന്നത് അമ്മ പ്രോത്സാഹിപ്പിച്ചു. ഇവരുടെ ഭർത്താവും ഇതിന് കൂട്ടുനിന്നിരുന്നു എന്നാണ് രണ്ടാഴ്ച മുമ്പ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സിബിഐ പറയുന്നത്.
കുറ്റപത്രത്തിൽ പറയുന്നത് പ്രകാരം, 2016 ഏപ്രിലിൽ ഇളയ മകളെ ഒന്നാം പ്രതി ചൂഷണം ചെയ്യുന്നതിന് അമ്മ സാക്ഷ്യം വഹിച്ചിരുന്നു. രണ്ടാഴ്ചയ്ക്ക് പിന്നാലെ അച്ഛനും ഇതേ കാഴ്ച കണ്ടു. എന്നിട്ടും മൂത്ത മകളെ ഇതേ പ്രതി ലൈംഗിക ചൂഷണം ചെയ്ത കാര്യം മാതാപിതാക്കൾ പൊലീസിനെ അറിയിച്ചില്ല. മാത്രമല്ല പ്രതിയുമായി സൗഹൃദം തുടരുകയും ചെയ്തു. മൂത്ത മകൾ മരിച്ചിട്ട് പോലും ഇളയ മകളെ പ്രതിയുടെ വീട്ടിലേക്ക് ദമ്പതികൾ പറഞ്ഞയച്ചു. ചേച്ചിക്ക് സംഭവിച്ചതെല്ലാം ഇളയകുട്ടിക്കും അറിയാമായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ സിബിഐ ചൂണ്ടിക്കാട്ടുന്നത്.
2017 ജനുവരി 13ന് ആണ് വാളയാറിൽ മൂത്ത പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മാർച്ച് നാലിന് ഇളയ പെൺകുട്ടിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പതിമൂന്നും ഒമ്പതും വയസായിരുന്നു കുട്ടികൾക്ക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിചാരണക്കോടതി പ്രതികളെയെല്ലാം വെറുതെ വിട്ടതിനെ തുടർന്നാണ് കേസ് സിബിഐയിലേക്കെത്തുന്നത്. മക്കൾക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി പെൺകുട്ടികളുടെ അമ്മ വലിയ പ്രതിഷേധമാണ് നടത്തിയത്. നീതി വൈകുന്നതിൽ പ്രതിഷേധിച്ച് ഇവർ തല മുണ്ഡനവും ചെയ്തു.