![](https://newskerala.net/wp-content/uploads/2025/02/pic.1.3128053.jpg)
കറാച്ചി: പാകിസ്ഥാനി ഭീകര സംഘടനകളായ ജെയ്ഷെ മുഹമ്മദ്, ലഷ്കർ എന്നിവർക്കൊപ്പം ഇന്ത്യ വിരുദ്ധ സമ്മേളനത്തിൽ ഹമാസും. ബുധനാഴ്ച പാക് അധിനിവേശ കാശ്മീരിൽ നടന്ന സമ്മേളനത്തിൽ മൂന്ന് ഗ്രൂപ്പുകളും ഒന്നിച്ചെത്തിയതും ജെയ്ഷെ ഭീകരർ ഇന്ത്യയ്ക്കെതിരെ ഭീഷണി മുഴക്കിയതും അതീവ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്.
ജെയ്ഷെ ഭീകരരിൽ ഒരാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും തങ്ങളുടെ ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തു. പാകിസ്ഥാൻ ബുധനാഴ്ച കാശ്മീർ ഐക്യദാർഢ്യ ദിനമായി ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് റാവലാക്കോട്ടിലെ ഷഹീദ് സാബിർ സ്റ്റേഡിയത്തിൽ സമ്മേളനം സംഘടിപ്പിച്ചത്. ഹമാസ് പ്രതിനിധികൾക്ക് പുഷ്പ വൃഷ്ടി നടത്തി റെഡ് കാർപറ്റ് സ്വീകരണമാണ് ഭീകരർ ഒരുക്കിയത്. ആഢംബര കാറുകളിലാണ് ഹമാസിന്റെ ഇറാനിലെ പ്രതിനിധിയായ ഡോ. ഖാലിദ് അൽ ഖദൂമിയുടെ നേതൃത്വത്തിലെ സംഘത്തെ എത്തിച്ചത്. പിന്നാലെ ജെയ്ഷെ, ലഷ്കർ ഭീകരർ ബൈക്കുകളിലും കുതിരകളിലുമായി റാലി നടത്തി. ആഗോള ഭീകരൻ മസൂദ് അസ്ഹറിന്റെ സഹോദരൻ തൽഹ സെയ്ഫ്, ജെയ്ഷെ കമാൻഡർ അസ്ഗർ ഖാൻ കാശ്മീരി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ദക്ഷിണേഷ്യൻ ഭീകര ഗ്രൂപ്പുകളുമായി ഹമാസിന് ബന്ധമുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നു. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഭീകര സംഘടനകൾക്കൊപ്പം ഹമാസിനെയും നിറുത്താൻ പാക് ചാര സംഘടനയായ ഐ.എസ്.ഐ ശ്രമിക്കുന്നുണ്ട്.
ചർച്ച വേണമെന്ന് ഷെരീഫ്
കാശ്മീർ വിഷയം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ആവശ്യത്തിനിടെയാണ് ഭീകരരുടെ ഇന്ത്യാ വിരുദ്ധ നീക്കം. പാക് അധിനിവേശ കാശ്മീരിലെ നിയമസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു ഷെരീഫിന്റെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]