തിരുവനന്തപുരം: കേരളത്തില്‍ നിര്‍മിക്കുന്ന കിഫ്ബി റോഡുകളിലും ടോള്‍ പിരിക്കാനാണ് പിണറായി സര്‍ക്കാരിന്റെ നീക്കം. തീരുമാനം നടപ്പിലാക്കിയാല്‍ സംസ്ഥാനത്ത് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 50ല്‍ അധികം റോഡുകളിലൂടെ യാത്ര ചെയ്യാന്‍ ടോള്‍ നല്‍കേണ്ടി വരും. ദേശീയപാത നിര്‍മാണം കൂടി പൂര്‍ത്തിയാകുമ്പോള്‍ നാഷണല്‍ ഹൈവേസ് അതോരിറ്റി വക ടോള്‍ പ്ലാസകള്‍ ഉയരും. ഇതോടെ ടോളോട് ടോള്‍ എന്നതാകും സ്ഥിതി.
ബൈപ്പാസുകള്‍, തുരങ്കപാത, തീരദേശമലയോരപാതകള്ക്കെല്ലാം ടോള്‍ നല്‍കേണ്ടിവരും എന്നതാണ് സംഭവിക്കാന്‍ പോകുന്നത്. കിഫ്ബി ഫണ്ട് വഴി സംസ്ഥാനത്ത് 511 പദ്ധതികളാണ് പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്നത്. 32,000 കോടിക്ക് മുകളിലാണ് ആകെ നിര്‍മാണ ചെലവ്. വിവിധ പദ്ധതികള്‍ക്കായി ചെലവായ തുകയുടെ നല്ലൊരു ഭാഗം ടോള്‍ ഏര്‍പ്പെടുത്തുന്നത് വഴി തിരിച്ചുപിടിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തം.
തിരുവനന്തപുര കരമനകളിയിക്കാവിള പാത, വഴയില നാലുവരിപ്പാത, വട്ടിയൂര്‍ക്കാവ് ജംഗ്ഷന് വികസനം, കൊട്ടാരക്കര ബൈപ്പാസ്, കുട്ടിക്കാനംചപ്പാത്ത് മലയോര പാത, അങ്കമാലികൊച്ചി എയര്‍പോര്‍ട്ട് ബൈപ്പാസ്, മൂവാറ്റുപുഴ, പെരുമ്പാവൂര്‍ ബൈപ്പാസുകള്‍, ആലുവമൂന്നാര്‍ റോഡ്, കണ്ണൂര്‍ വിമാനത്താളത്തിന്റെ കണക്ടിങ് റോഡുകള്‍, വയനാട് തുരങ്കപാത, മറ്റ് മലയോര, തീരദേശ പാതകള്‍ ഉള്‍പ്പെടേ നിര്‍മാണം നടക്കുന്നതും നടക്കാനിരിക്കുന്നതുമായ 50 ലധികം റോഡുകളാണ് ടോള്‍ പിരിവിന്റെ പട്ടികയില്‍ വരിക.
അതേസമയം, ഈ വിഷയത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. എന്തായാലും സിപിഎമ്മിന്റെ പ്രഖ്യാപിത നയത്തിന് തന്നെ വിപരീതമാണ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ടോള്‍ പിരിവ് ആരംഭിച്ചാല്‍ കൊള്ള തടയുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിട്ടുണ്ട്. കേരളത്തില്‍ ദേശീയപാത നിര്‍മാണം ആരംഭിച്ചപ്പോള്‍ തന്നെ ടോളുകള്‍ക്ക് സിപിഎം എതിരായിരുന്നു. മഹാരാഷ്ട്രയില്‍ ടോള്‍ വിരുദ്ധ പ്രക്ഷോഭങ്ങളും പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന പാതകളില്‍ ടോള്‍ പിരിക്കില്ലെന്നാണ് ഒന്നാം പിണറായി സര്‍ക്കാരിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി സുധാകരന് മുമ്പ് പറഞ്ഞിരുന്നത്. 2019 ജൂണ്‍ 14-ന് നിയമസഭയില്‍, കിഫ്ബി നടപ്പാക്കുന്ന പദ്ധതികളില്‍നിന്ന് വരുമാനം ലഭ്യമാക്കാന്‍ യൂസര്‍ഫീയോ ടോളോ പിരിക്കുന്ന കാര്യം ആലോചനയിലുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ മറുപടി. അതേസമയം, ടോള്‍ പിരിവ് ഉള്‍പ്പെടെയുള്ള വരുമാനമാര്ഗങ്ങളാവാമെന്ന് കിഫ്ബി നിയമം അനുശാസിക്കുന്നുണ്ട്.