ആലപ്പുഴ: മാന്നാറിൽ വൃദ്ധരായ മാതാപിതാക്കളെ വീടിന് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ മകൻ വിജയന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. കൊലപാതകം, വീടിന് തീവയ്ക്കൽ ഉൾപ്പടെയുള്ള ഗുരുതരമായ വകുപ്പുകളാണ് വിജയനെതിരെ ചുമത്തിയത്. പ്രതിയെ നാളെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കും. ഇന്ന് പ്രാഥമിക തെളിവെടുപ്പ് നടത്തിയതായി പൊലീസ് അറിയിച്ചു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് വീട് പൂർണമായി കത്തിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ദമ്പതികളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആലപ്പുഴ ചെന്നിത്തല സ്വദേശി രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണ് മരിച്ചത്. നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. വീടിനുള്ളിലും പുറത്തും പെട്രോൾ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. വൃദ്ധദമ്പതികൾ മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്.
കൃത്യം നടത്തിയശേഷം കടന്നുകളഞ്ഞ വിജയനെ 300 മീറ്റർ അകലെനിന്ന് നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. ജില്ലാ പൊലീസ് മേധാവി എം.പി .മോഹനചന്ദ്രൻ, ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ.ബിനു കുമാർ, മാന്നാർ എസ്.എച്ച്.ഒയുടെ ചുമതല വഹിക്കുന്ന അനീഷ്, എസ്.ഐ അഭിരാം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കൊലപാതകം നടത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു വിജയന്റെ പദ്ധതി. എന്നാൽ അതിന് മുൻപ് പൊലീസ് പിടികൂടുകയായിരുന്നു.
ദമ്പതികൾ മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. വിജയൻ ഇടയ്ക്ക് വന്നുപോകാറുണ്ട്. കഴിഞ്ഞ മാസം ഇയാൾ രാഘവന്റെ കൈ തല്ലിയൊടിച്ചിരുന്നു. തുടർന്ന് വയോധികൻ പൊലീസിൽ പരാതി നൽകുകയും ചെയ്തു. സ്വത്തുതർക്കമാണ് കൊടുംക്രൂരതയ്ക്ക് പിന്നിലെന്നാണ് വിജയന്റെ മൊഴി.
വിജയൻ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്നാണ് അയൽക്കാരും ബന്ധുക്കളും ഉൾപ്പെടെ പറഞ്ഞിരുന്നു. രണ്ട് ദിവസം മുമ്പും വിജയൻ വൃദ്ധ ദമ്പതികളെ മർദിച്ച് അവശരാക്കിയിരുന്നുവെന്ന് വിജയന്റെ സഹോദരിയുടെ മകൻ വിഷ്ണു മാദ്ധ്യമങ്ങളോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]