ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സമ്പൂർണ ബഡ്ജറ്റിൽ മദ്ധ്യവർഗത്തിന് ആശ്വാസം പകരുന്ന തരത്തിലുളള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്. അതിൽ എറ്റവും പ്രധാനപ്പെട്ടത് ആദായനികുതി വകുപ്പിൽ നടത്തിയ വമ്പൻ പ്രഖ്യാപനങ്ങളായിരുന്നു. കൂടാതെ വിദ്യാഭ്യാസത്തിനും സ്ത്രീകൾക്കും കുട്ടികൾക്കും സംരംഭകർക്കും ആശ്വാസകരമാകുന്ന പ്രഖ്യാപനങ്ങളും നിർമല സീതാരാമൻ എട്ടാം ബഡ്ജറ്റിൽ അവതരിപ്പിച്ചു.
കേന്ദ്ര ബഡ്ജറ്റിൽ പ്രതിപാദിച്ചിട്ടുളള ഓരോ പദ്ധതിക്കും പണം കണ്ടെത്തേണ്ടതും അത് ചെലവഴിക്കുന്നതിനുളള മുൻഗണ നിശ്ചയിക്കേണ്ടതും ധനമന്ത്രിയുടെ ഉത്തരാവാദിത്തമാണ്. സർക്കാരിന് ലഭിക്കുന്ന ഓരോ ചെറിയ തുകയും എവിടെ നിന്നാണ് എന്നുളളത് ബഡ്ജറ്റിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. അതുപോലെ ഈ തുക ചെലവാക്കുന്നതിനെക്കുറിച്ചും ബഡ്ജറ്റിൽ ഉണ്ടാകും.
കേന്ദ്ര സർക്കാരിന് ലഭിക്കുന്ന ഓരോ രൂപയുടെയും 22 ശതമാനം വിവിധ സംസ്ഥാനങ്ങൾക്കുളള നികുതി വിഹിതമായി നൽകണം. 20 ശതമാനം വായ്പകൾക്കുള്ള പലിശ അടയ്ക്കാൻ ഉപയോഗിക്കണം. കേന്ദ്ര പൊതുമേഖലയും പ്രതിരോധരംഗത്തെ മൂലധനചിലവും സബ്സിഡിയും ചേർത്ത് 16 ശതമാനം ചെലവാകും. പ്രതിരോധ മേഖലയ്ക്കും കേന്ദ്രാവിഷ്കൃത പദ്ധതികൾ, ധനകാര്യ കമ്മിഷൻ വിഹിതം എന്നിവയ്ക്കും എട്ട് ശതമാനം വീതവും വൻകിട സബ്സിഡികൾക്ക് ആറ് ശതമാനവും പോകും. ശേഷം പെൻഷന് നാല് ശതമാനവും ചെലവാകും. അവശേഷിക്കുന്ന എട്ട് ശതമാനമാണ് മറ്റ് ചെലവുകൾക്ക് വിനിയോഗിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇത്തവണത്ത ബഡ്ജറ്റിൽ പ്രതിരോധത്തിനാണ് എറ്റവും കൂടുതൽ പണം (4,91,732 കോടി രൂപ) നീക്കി വച്ചിരിക്കുന്നത്. ഗ്രാമവികസനത്തിന് 2,66,817 കോടി രൂപയും ആഭ്യന്തര വകുപ്പിന് 2,33,211 കോടി രൂപയും കൃഷിക്കും അനുബന്ധ കാര്യങ്ങൾക്കും 1,71,437 കോടി രൂപയും മാറ്റി വച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിനായി 1,28,650 കോടി രൂപയും ആരോഗ്യത്തിന് 98,311കോടി രൂപയുമാണ് ചെലവഴിക്കാൻ പോകുന്നത്. അതേസമയം, ഏറ്റവും കുറവ് പണം നീക്കിവച്ചിരിക്കുന്നത് ശാസ്ത്ര വികസനങ്ങൾക്കാണ്.