ബീജിംഗ്: ജോലി സമയത്ത് ശുചിമുറി ഉപയോഗിച്ച ജീവനക്കാരുടെ ചിത്രങ്ങൾ സ്വീകരണമുറിയിൽ പ്രദർശിപ്പിച്ച ചൈനീസ് കമ്പനിക്കെതിരെ രൂക്ഷവിമർശനം. ഗ്വാംഗ്ഡോംഗ് പ്രവിശ്യയിലെ ഷെൻഷനിൽ പ്രവർത്തിക്കുന്ന ലിക്സൺ ഡയാൻഷെംഗ് എന്ന കമ്പനിക്കെതിരെയാണ് വിമർശനം ഉയരുന്നത്. സംഭവം വിവാദമായതോടെ കമ്പനിയും പ്രതികരിച്ചിട്ടുണ്ട്. ചില ജീവനക്കാർ ശുചിമുറിയിൽ കൂടുതൽ സമയം ചെലവഴിക്കുന്നുവെന്നും അത് തടയാനാണ് ഇത്തരത്തിൽ ഒരു നീക്കം നടത്തിയതെന്നാണ് കമ്പനിയുടെ പ്രതികരണം. ജനുവരി 20നായിരുന്നു സംഭവം.
ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും വൈറലായി, ഇതോടെ കമ്പനിക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നതെന്നും സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. തുടർന്ന് കമ്പനി വീണ്ടും പ്രതികരണവുമായി രംഗത്തെത്തി. ചില ജീവനക്കാർ ഒരുപാട് സമയം ശുചിമുറിയിൽ ചെലവഴിക്കുന്നു, അവിടെ വച്ച് പുകവലിക്കുന്നു, മൊബൈൽ ഗെയിമുകൾ കളിക്കുന്നു, മറ്റുളളവർക്കായി ശുചിമുറിയിൽ നിന്ന് ഒഴിഞ്ഞുകൊടുക്കില്ല. അതുകൊണ്ടാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചതെന്നും കമ്പനി അറിയിച്ചു.
അതേസമയം, കമ്പനിയുടെ ഇത്തരത്തിലുളള പ്രവർത്തനങ്ങൾ ജീവനക്കാരുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്ന് സെലു ലോ ഫേമിലെ അഭിഭാഷകൻ ഷു സൂ അഭിപ്രായപ്പെട്ടു. കമ്പനികൾക്ക് ജീവനക്കാരുടെ അലസ മനോഭാവം നിയന്ത്രിക്കാൻ അവകാശമുണ്ടെന്നും എന്നാൽ, അതിന് ഇത്തരം പ്രവർത്തികളല്ല ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇത്തരത്തിലുളള വിചിത്ര സംഭവങ്ങൾ ചൈനയിൽ ആദ്യമായല്ല റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2021 നവംബറിൽ, ചൈനയിലെ പ്രമുഖ ഇലക്ട്രിക്കൽ അപ്ലയൻസ് റീട്ടെയിലറായ ഗോമി, ജീവനക്കാർ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് നിരീക്ഷിച്ചിരുന്നു. ജോലി സമയത്ത് ഗെയിം കളിക്കുകയും ഓൺലൈനിൽ ചാറ്റ് ചെയ്തവർക്കുമെതിരെ നടപടി സ്വീകരിച്ചത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. 2022ൽ ഷെൻഷെൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനി തങ്ങളുടെ ജീവനക്കാർ ഓൺലൈനിലൂടെ മറ്റ് സ്ഥാപനങ്ങളിൽ ജോലി അന്വേഷിക്കുന്നത് നിരീക്ഷിച്ചതും അത്തരം സൈറ്റുകൾ നിയന്ത്രിച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു.