
കൊച്ചി: തിരുവാണിയൂരിൽ സഹപാഠികളുടെ അതിക്രൂര പീഡനത്തെത്തുടർന്ന് മിഹിർ അഹമ്മദ് എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാരംഗത്തുനിന്ന് കൂടുതൽ പ്രതികരണങ്ങളെത്തുന്നു. മിഹിറിന്റെ മരണത്തിൽ നടുക്കം രേഖപ്പെടുത്തിയിരിക്കുകയാണ് നടി സാമന്ത. വിദ്യാർത്ഥിയുടെ മരണവാർത്ത തന്നെ തകർത്തുകളഞ്ഞെന്ന് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇത് 2025 ആയിട്ടും വെറുപ്പും വിഷവും നിറഞ്ഞ ചിലർ ഒരാളെ മരണത്തിന്റെ വക്കിലേക്ക് തള്ളിവിട്ടെന്ന് സാമന്ത എഴുതി. തിളക്കമുള്ള മറ്റൊരു യുവജീവിതമാണ് നമുക്ക് നഷ്ടപ്പെട്ടതെന്നും അവർ അനുശോചിച്ചു. ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ, റാഗിംഗ് എന്നിവ വെറും ‘നിരുപദ്രവകരമായ പാരമ്പര്യങ്ങൾ’ അല്ലെങ്കിൽ ‘ആചാരങ്ങൾ’ അല്ല എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് മിഹിറിന്റെ മരണം. മാനസികവും വൈകാരികവും ചിലപ്പോൾ ശാരീരികവും ആകാറുണ്ട് – ഇതിൽ ഏതാണെങ്കിലും റാഗിംഗ് അക്രമം തന്നെയാണെന്നും അവർ അഭിപ്രായപ്പെട്ടു.
“നമുക്ക് കർശനമായ റാഗിംഗ് വിരുദ്ധ നിയമങ്ങൾ ഉണ്ടെന്ന് തോന്നുന്നു. എന്നിട്ടും നമ്മുടെ വിദ്യാർത്ഥികൾ നിശബ്ദതയിൽ കഷ്ടപ്പെടുന്നത് തുടരുന്നു, സംസാരിക്കാൻ ഭയപ്പെടുന്നു, പരിണതഫലങ്ങളെ ഭയപ്പെടുന്നു, ആരും ശ്രദ്ധിക്കില്ലെന്ന് ഭയപ്പെടുന്നു. എവിടെയാണ് നമ്മൾ പരാജയപ്പെടുന്നത്?” അവർ ചോദിക്കുന്നു.
ഇത് വെറും അനുശോചനം കൊണ്ട് അവസാനിക്കരുത്. കൃത്യമായ നടപടിയെടുക്കണം. സത്യത്തെ നമ്മുടെ വ്യവസ്ഥിതി മറയ്ക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. മിഹിറിന് നീതി ലഭിക്കണം. കർശനമായതും ഉടനടിയുള്ളതുമായ നടപടി സ്വീകരിക്കണം. ഒരാളെ ഭീഷണിപ്പെടുത്തുന്നത് കണ്ടാൽ അതിനെതിരെ ശബ്ദിക്കുകയും അതിജീവിച്ചവരെ പിന്തുണയ്ക്കുകയും വേണം.
ഭയവും വിധേയത്വവുമല്ല, സഹാനുഭൂതിയും ദയയും നമ്മുടെ കുട്ടികളെ പഠിപ്പിക്കാം. മിഹിറിനുവേണ്ടിയുള്ള നീതികൊണ്ട് അർത്ഥമാക്കുന്നത് മറ്റൊരു വിദ്യാർത്ഥിക്കും ഇതേ വേദന സഹിക്കേണ്ടിവരില്ലെന്ന് ഉറപ്പാക്കുക എന്നതാണ്. അവനോട് നമ്മൾ അത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്നും സാമന്ത കൂട്ടിച്ചേർത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]