മുംബൈ: ബാന്ദ്രയിൽ ‘മന്നത്’ എന്നപേരിൽ ബംഗ്ലാവ് പണിതതിൽ ബോളിവുഡ് താരം ഷാരൂഖ് ഖാനിൽനിന്ന് ഈടാക്കിയ പണത്തിൽ ഒൻപതുകോടി രൂപ സർക്കാർ തിരികെനൽകും. ഭൂമിവാങ്ങിയതിന്റെ കണക്കിൽ പിഴവുവന്നതാണ് ഇതിന് കാരണം.
2001-ലാണ് ഷാരൂഖ് ഖാൻ ബാന്ദ്രയിൽ ഒരു കെട്ടിടം 99 വർഷത്തേക്ക് പാട്ടത്തിനെടുക്കുന്നത്. പൈതൃക കെട്ടിടമായതിനാൽ ഇതിൽ മാറ്റംവരുത്താൻ ഷാരൂഖിന് കഴിയില്ലായിരുന്നു. എന്നാൽ, ഇതിന് തൊട്ടുപുറകിലുള്ള സ്ഥലത്ത് അദ്ദേഹം ഒരു ബഹുനിലക്കെട്ടിടം പണിതു. ഇതിലാണ് ഇപ്പോൾ നടനും കുടുംബവും താമസിക്കുന്നത്. ഷാരൂഖിന്റെയും ഭാര്യ ഗൗരി ഖാന്റെയും പേരിലാണ് ഇത് രജിസ്റ്റർചെയ്തത്.
പാട്ടക്കരാർ റദ്ദാക്കി ഈ ഭൂമി മൊത്തം വിലകൊടുത്തുവാങ്ങാനുള്ള ഷാരൂഖിന്റെ തീരുമാനം വരുന്നത് 2019-ലാണ്. ഭൂമി കളക്ടറുടെ കീഴിൽ വരുന്നതിനാൽ വിൽപ്പനയ്ക്ക് സർക്കാരിൽ ഒരു തുക അടയ്ക്കേണ്ടതുണ്ട്. ഇത് 27.5 കോടിയായി കണക്കാക്കി. ഭൂമിയുടെയും പണിത ബംഗ്ലാവിന്റെയും വില കണക്കിലെടുത്തുകൊണ്ടാണ് ഈ തുകയിലേക്ക് സർക്കാരെത്തിയത്.
എന്നാൽ, ഇത്തരത്തിൽ വില കണക്കാക്കാൻ കഴിയില്ലെന്നും ഭൂമിയുടെ വിലമാത്രമേ കണക്കിലെടുക്കാൻ കഴിയൂ എന്നും പിന്നീടാണ് മനസ്സിലായത്. തുടർന്ന് അധികം പിടിച്ച തുക തിരികെനൽകണമെന്നപേക്ഷിച്ച് ഗൗരി ഖാൻ നൽകിയ അപേക്ഷ സർക്കാർ അംഗീകരിച്ചു. ഇക്കാര്യത്തിൽ സർക്കാരിന്റെ ഔദ്യോഗികവിജ്ഞാപനം വരാൻ കാത്തിരിക്കുകയാണ് ഖാൻകുടുംബം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]