മാനന്തവാടി: വയനാട്ടിൽ മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കാപ്പി പറിക്കാൻ പോയ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ വെടിവച്ച് കൊല്ലും. വനംമന്ത്രി എ.കെ ശശീന്ദ്രനാണ് വെടിവയ്ക്കും എന്ന വിവരം അറിയിച്ചത്. ഇതിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് വനംവകുപ്പ് അറിയിച്ചു. ചീഫ്വൈൽഡ് ലൈഫ് വാർഡൻ ഉടൻ ഉത്തരവിറക്കും. പ്രിയദർശിനി എസ്റ്റേറ്റിന് സമീപം രാവിലെ 10ഓടെയാണ് കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ അച്ചപ്പന്റെ ഭാര്യ രാധ (45) മരിച്ചത്. രാധയെ കൊന്ന ശേഷം കടുവ 100 മീറ്ററോളം വലിച്ചിഴച്ചതായി നാട്ടുകാർ പറഞ്ഞു. പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.
സ്ഥലത്തെത്തിയ മന്ത്രി ഒ.ആർ കേളുവിന് നേരെ നാട്ടുകാർ കടുത്ത പ്രതിഷേധമാണ് നടത്തിയത്. പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ മന്ത്രി നടത്തിയ ശ്രമങ്ങൾ ആദ്യം ഫലംകണ്ടില്ല. സ്ഥലത്തെ അടിക്കാട് വെട്ടണമെന്നും ഫെൻസിംഗ് നടത്തണം എന്നുമുള്ള തങ്ങളുടെ ആവശ്യം മന്ത്രിയോട് വീണ്ടും നാട്ടുകാർ ഉന്നയിച്ചു. കടുവയെ കൂട് വച്ച് പിടിക്കുകയോ വെടിവച്ചുകൊല്ലുകയോ വേണമെന്നും അതുവരെ രാധയുടെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മൃതദേഹം തടഞ്ഞുവച്ചതോടെ പൊലീസും നാട്ടുകാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
ജനവികാരം മനസിലാകുന്നതായും ഫെൻസിംഗ് പണി നാളെത്തന്നെ ചെയ്യുമെന്നും മരിച്ച രാധയുടെ കുടുംബത്തിന് അടിയന്തിരമായി സഹായം നൽകുമെന്നും മന്ത്രി ഒ.ആർ കേളു പറഞ്ഞു. സ്ഥലത്ത് ആർ.ആർ ടി സംഘത്തെ ഇന്നുതന്നെ വിന്യസിക്കുമെന്ന് മന്ത്രി അറിയിച്ചു. വനത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിലാണ് കടുവയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലൊന്നും പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽത്തന്നെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് സംഭവമുണ്ടായതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]