ലോസ് ആഞ്ജലിസ് കാട്ടുതീയെ തുടര്‍ന്ന് നിരവധി തവണ മാറ്റിവെച്ച ഒസ്കര് നോമിനേഷന് പ്രഖ്യാപനം ഒടുവില്‍ വ്യാഴാഴ്ച നടന്നു. ‘ആടുജീവിതം’, ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’, ‘കങ്കുവ’ തുടങ്ങി ഒരുപിടി ചിത്രം അവാര്‍ഡ് പ്രതീക്ഷയിലുണ്ടായിരുന്നുവെങ്കിലും ഗുനീത് മോങ്കയും പ്രിയങ്ക ചോപ്രയും നിര്‍മിച്ച് ആഡം ജെ ഗ്രേവ്സ് സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ‘അനൂജ’ ഒഴികെ മറ്റൊരു ചിത്രവും ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ചില്ല. 24 വിഭാഗങ്ങളിലെ നോമിനേഷനാണ് ലോസ് അഞ്ജലീസിലെ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ അധികൃതര്‍ പുറത്തുവിട്ടത്.
മികച്ച സിനിമയും സംവിധാനവുമടക്കം 13 നോമിനേഷന് ലഭിച്ച ഫ്രഞ്ച് സിനിമ എമിലിയ പെരസാണ് മുന്‍പന്തിയിലുള്ളത്. മികച്ച സിനിമ, നടി എന്നിവയടക്കം പത്ത് നോമിനേഷന് ലഭിച്ച അമേരിക്കന്‍ ഫാന്റസി ചിത്രം വിക്ഡ് രണ്ടാം സ്ഥാനത്തുമുണ്ട്. എമിലിയ പെരസിലൂടെ മികച്ച നടിയായി മത്സരിക്കുന്ന കാർല സോഫിയ ഗാസ്കോൺ ഓസ്കൻ നോമിനേഷൻ നേടുന്ന ആദ്യ ട്രാൻസ് അഭിനേതാവുമായി.
ഇന്ത്യയുടെ നോമിനിയായ അനൂജ ലൈവ് ആക്ഷന്‍ ഹ്രസ്വചിത്ര വിഭാഗത്തിലാണ് ഇടം നേടിയിരിക്കുന്നത്. വസ്ത്ര വ്യാപാര മേഖലയിലെ ബാലവേലയേപ്പറ്റി പറയുന്ന അനൂജ ഇതുവരെ നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ ജോലിചെയ്യുന്ന ഒമ്പത് വയസ്സുകാരി അനൂജ (സജ്ദ പത്താന്), 17 വയസ്സുകാരി പലക് (അനന്യ ഷന്‍ഭാഗ്) എന്നിവരുടെ കഥയാണ് അനൂജ പറയുന്നത്.
ഒരിക്കല്‍ ഫാക്ടറി സന്ദര്‍ശിച്ച ഒരു സാമൂഹിക പ്രവര്‍ത്തക അനുജയേയും സഹോദരിയേയും ഫാക്ടറിയില്‍ കാണുകയും ഇവിടെനിന്ന് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു. പ്രശസ്തമായ ഒരു ബോര്‍ഡിങ് സ്കൂളില്‍ പഠിക്കാനുള്ള പരീക്ഷയെഴുതാന്‍ അവസരമൊരുക്കുന്നതും ഇതിനായി സഹോദരികള്‍ നടത്തുന്ന പോരാട്ടവുമാണ് ചിത്രം പറയുന്നത്.
രാജ്യത്ത് വിദ്യാഭ്യാസ അവകാശ നിയമം നിലനില്‍ക്കുമ്പോഴും അത് സാധ്യമാകാത്ത എത്രയോ കുട്ടികള്‍ ഇന്നും നമുക്ക് ചുറ്റുമുണ്ട് എന്ന യാഥാര്‍ഥ്യം കൂടി ചിത്രം വെളിപ്പെടുത്തുന്നുണ്ട്. ആദം ജെ ഗ്രേവസ്, സുചിത്ര മത്തായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗുനീത് മോങ്കയും പ്രിയങ്ക ചോപ്രയുമടക്കം പത്ത് പേരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
ഗുനീത് മോങ്കയുടെ നിര്‍മാണത്തില്‍ ഇത് മൂന്നാമത്തെ ഓസ്കര് നോമിനേഷന് ചിത്രമാണ്. ദ എലിഫന്റ് വിസ്പറേര്‍സ്, പിരീഡ് എന്‍ഡ് ഓഫ് സെന്റന്‍സ് എന്നിവയായിരുന്നു നേരത്തെ ഓസ്കാര്‍ പുരസ്കാരം നേടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]