മൈസൂരു: കാന്താര ചാപ്റ്റർ -1 സിനിമയുടെ ചിത്രീകരണത്തിനിടെ കാട്ടിൽ സ്ഫോടനം നടത്തിയെന്ന പരാതിയിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. ഹാസൻ ജില്ലയിലെ സക്ലേഷ്പുരത്തിനടുത്തുള്ള ഗവി ബേട്ട വനത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
ചിത്രീകരണത്തിനിടെ കാട്ടിൽ ഒട്ടേറെത്തവണ സ്ഫോടനം നടത്തിയെന്നാണ് പ്രദേശവാസികൾ തദ്ദേശ സ്ഥാപനാധികൃതർക്ക് നൽകിയ പരാതി. പരാതി അന്വേഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി വനംവകുപ്പ് മന്ത്രി ഈശ്വർ ബി. കാന്തരെ അറിയിച്ചു. സ്ഫോടനം നടത്തിയെന്ന് തെളിഞ്ഞാൽ നിയമനടപടി സ്വീകരിക്കും.കാട്ടിൽ സ്ഫോടനം നടത്തുന്നത് നിയമവിരുദ്ധമാണ്. പക്ഷി -മൃഗാദികൾക്കും വന്യമൃഗങ്ങൾക്കും ഭീഷണിയാണെന്നും മന്ത്രി പറഞ്ഞു.
പരാതിയിൽ വനംവകുപ്പ് അന്വേഷണം തുടങ്ങിയതായി ഹാസൻ ഫോറസ്റ്റ് കൺസർവേറ്റർ യദുകൊണ്ഡലൻ അറിയിച്ചു. ജനുവരി ഏഴു മുതൽ 25 വരെയാണ് സിനിമയുടെ ചില ഭാഗങ്ങൾ സക്ലേഷ്പുരത്തിനടുത്തുള്ള കാടുകളിൽ ചിത്രീകരിക്കുന്നത്. ഷൂട്ടിങ്ങിനിടെ, കാട്ടിനുള്ളിൽ മാലിന്യം തള്ളിയതിന് നിർമാതാവിൽനിന്ന് 50,000 രൂപ പിഴയീടാക്കിയിരുന്നു. സ്ഫോടനം നടത്തിയെന്ന പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ട് സർക്കാരിന് ഉടൻ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാന്താര സിനിമയുടെ ഒന്നാം ഭാഗത്തിന്റെ ചിത്രീകരണമാണ് ഇപ്പോൾ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്.
കഥയുടെ രണ്ടാംഭാഗമാണ് ആദ്യ സിനിമയായി ഇറങ്ങിയത്. ഇതിന് വൻ പ്രതികരണമായിരുന്നു ലഭിച്ചത്. സിനിമ ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യുമെന്നാണ് സംവിധായകനും നായകനുമായ റിഷഭ് ഷെട്ടി അറിയിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]