ലോകത്തിലേറ്റവും വലിയ ജീവി ഏതാണ്? സംശയമെന്ത് കടലിലെ വമ്പനായ നീല തിമിംഗലം തന്നെയെന്നാകും എല്ലാവരുടെയും ഉത്തരം. എന്നാൽ ഭാരമേറിയ ജീവിയോ? സംശയിക്കേണ്ട നീലത്തിമിംഗലം തന്നെ എന്നാണ് പറയുകയെങ്കിൽ അത് തെറ്റാണ്. നീല തിമിംഗലത്തിന്റെ ഇരട്ടി ഭാരമുള്ള കടലിന്റെ അടിത്തട്ടിൽ കഴിഞ്ഞിരുന്ന ഒരു ജീവിയെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിലെ മരുഭൂമിയിൽ നിന്നാണ് ഈ ജീവിയുടെ ഫോസിൽ ഗവേഷകർ വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയത്.
പെറുവിലെ ഈ മരുഭൂമി കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് വലിയൊരു സമുദ്രത്തിന്റെ ഭാഗമായിരുന്നു. അതിനാൽ തന്നെ ഇടയ്ക്കിടെ ഫോസിൽ പഠനം നടത്തുന്ന ഗവേഷകർക്ക് വംശനാശം വന്ന ജീവികളുടെ ഫോസിലുകളും മറ്റും ഇവിടെനിന്നും ലഭിക്കാറുമുണ്ട്. ഇത്തരത്തിൽ ഏകദേശം 12 വർഷം മുൻപ് ഗവേഷകർക്ക് ലഭിച്ച ഫോസിൽ ഭാഗങ്ങൾ മറ്റ് ജീവികളിൽ നിന്ന് വ്യത്യസ്തമായിരുന്നു. 40 മില്യൺ വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു തിമിംഗലത്തിന്റെതായിരുന്നു അത്.
ഏറ്റവും ഭാരമേറിയ ജീവി
66 അടി നീളമാണ് ഈ തിമിംഗലത്തിന്റെ ഫോസിലിന് ഉണ്ടായിരുന്നത്. 13 നട്ടെല്ലിലെ കശേരുക്കളും നാല് വാരിയെല്ലുകളും ഒരു ഇടുപ്പെല്ലുമാണ് ഫോസിലായി ലഭിച്ചത്. ഇവയുടെ അസാധാരണമായ വലുപ്പം ഈ ജീവികൾ ഭാരമേറിയതാണെന്ന് ബോദ്ധ്യപ്പെടുത്തി. എന്നാൽ നീളത്തിൽ ഇവയെക്കാൾ മുന്നിലാണ് ഇപ്പോഴത്തെ ഏറ്റവും വമ്പന്മാരായ നീലത്തിമിംഗലങ്ങൾ. ഇവ 100 അടി വരെ നീളം വയ്ക്കാറുണ്ട്, 200 ടൺ വരെ ഭാരവും. പക്ഷെ കണ്ടെത്തിയ ഫോസിലിലെ ജീവിയ്ക്കാകട്ടെ 94 ടൺ മുതൽ 375 ടൺ വരെ ഭാരമുണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞു. ഇതോടെ ഈ ജീവികളായി ലോകത്തിൽ ഇന്നുവരെയുള്ളതിൽ ഏറ്റവും ഭാരമുള്ളവ.
പെറുസെറ്റസ് കൊളോസസ്
പെറുവിലെ മരുഭൂമി ഭാഗത്ത് നിന്നും കിട്ടിയതിനാൽ ഇവയെ പെറുസെറ്റസ് കൊളോസസ് എന്ന് വിളിച്ചു. നേച്ചർ എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലാണ് പെറുസെറ്റസ് കൊളോസസിനെ കുറിച്ച് വിശദമായി ആദ്യം വന്നത്.’ഈ പുരാതന ജീവിയുടെ ശരീരഭാരം ഏറ്റവും വലിയ നീലത്തിമിംഗലത്തേക്കാൾ ഇരട്ടിയായിരിക്കാം. ലോകത്തിലെ ഏറ്റവും വലിയ ദിനോസറായിരുന്ന അർജന്റീനോസോറസിന്റെ ഭാരത്തിന്റെ മൂന്നിരട്ടിയോളവും വരും.’ പഠനത്തിന് നേതൃത്വം നൽകിയ ഇറ്റലിയിലെ പിസ സർവകലാശാലയിലെ ജിയോവാനി ബിയനൂച്ചി പറഞ്ഞു.
ഓരോ കശേരുവിനും ഭാരം അമ്പരപ്പിക്കുന്നത്ര
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ടെത്തിയ നട്ടെല്ലിന്റെ ഓരോ കശേരുക്കൾക്കും 220 പൗണ്ട് ഭാരമുള്ളവയായിരുന്നു. അതുകാരണം ഇവയെ പൂർണമായി മനസിലാക്കി പഠിക്കാൻ വളരെ പ്രയാസം നേരിട്ടു. പയനിയറിംഗ് സ്ട്രക്ചറൽ ലൈറ്റ് സ്കാനിംഗ് ഉപയോഗിച്ച് ഈ ജീവിയുടെ ഒരു ത്രിമാന മാതൃക ഗവേഷകർ നിർമ്മിച്ചു.
സ്ഥലത്തെ അഗ്നിപർവ്വതങ്ങളിൽ നിന്നുള്ള ചാരത്തിൽ നിന്നും ഏകദേശം 39.8 മില്യൺ മുതൽ 37.84 മില്യൺ വർഷങ്ങൾക്ക് മുൻപേയുള്ള ഫോസിലാണിതെന്ന് ഗവേഷകർ മനസിലാക്കി. സെറ്റേഷ്യൻ എന്ന ഈ ജീവിയുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളായ ഡോൾഫിനുകൾ, തിമിംഗലങ്ങൾ എന്നിവ ഇക്കാലത്ത് സമുദ്രത്തിൽ ജീവിച്ചുതുടങ്ങിയിരുന്നു.
ഇത്ര ഭാരമേറിയ ശരീരം വച്ച് ഇവയെങ്ങനെ നീന്തി എന്ന് കരുതുന്നതിന് മറുപടിയായി ഇവ കടലിന് അടിത്തട്ടിൽ വിഹരിക്കാനും ചില സ്രാവുകളെപ്പോലെ കടൽതീരത്ത് ഇരതേടാനും ഇവയ്ക്ക് കഴിഞ്ഞിരുന്നു എന്നാണ് വിവരം. ലോകത്തിൽ ഏറ്റവും പഴക്കമുള്ള നാല് കാലുള്ള സെറ്റേഷ്യൻ ജീവിയുടെയും ഇന്നത്തെ ബാലീൻ തിമിംഗലങ്ങളുടെ പൂർവികനായ തിമിംഗലത്തിന്റെ ഫോസിലും പെറുവിലെ ഈ മരുഭൂമിയിൽ നിന്നാണ് കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും ഊഷരമായ മരുഭൂമിയിലൊന്നാണ് പെറുവിലേത്.