ടെൽ അവീവ്: കരാർ ഇസ്രയേൽ സുരക്ഷാ ക്യാബിനറ്റ് അംഗീകരിച്ചതോടെ ഗാസയിൽ നാളെ മുതൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വരും. ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ നാളെ മുതൽ രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ആദ്യ ഘട്ടത്തിൽ മോചിപ്പിക്കാമെന്ന് ഹമാസ് സമ്മതിച്ച 33 ബന്ദികളിൽ മൂന്ന് പേരെയാകും നാളെ വിട്ടയയ്ക്കുകയെന്നാണ് സൂചന. മന്ത്രിസഭയ്ക്കുള്ളിൽ ഗാസ യുദ്ധം സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്ന, തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരുടെ ഗ്രൂപ്പാണ് സുരക്ഷാ ക്യാബിനറ്റ്. പൂർണ മന്ത്രിസഭയുടെ അന്തിമ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. ഇതിന് നിലവിൽ തടസങ്ങളില്ല.
കരാറിലെ വ്യവസ്ഥകൾ അട്ടിമറിക്കാൻ ഹമാസ് ശ്രമിക്കുന്നെന്ന് ഇസ്രയേൽ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ, എല്ലാ വ്യവസ്ഥകളും ഹമാസ് അംഗീകരിച്ചെന്ന് മദ്ധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്റ്റും യു.എസും ഉറപ്പ് നൽകിയതോടെ തടസങ്ങൾ നീങ്ങി. മൂന്ന് ഘട്ടങ്ങളായാണ് വെടിനിറുത്തൽ. ആറ് ആഴ്ച നീളുന്ന ആദ്യ ഘട്ടത്തിന്റെ 16-ാം നാൾ മുതൽ രണ്ടാം ഘട്ടം സംബന്ധിച്ച ചർച്ചകൾ തുടങ്ങും. ശേഷിക്കുന്ന ബന്ദികളെ രണ്ടാം ഘട്ടത്തിലാകും വിട്ടയയ്ക്കുക. ഗാസയിലുള്ള 94 ബന്ദികളിൽ 60 പേർ മാത്രമേ ജീവനോടെയുള്ളു.
എതിർപ്പുകൾ
മറികടന്ന്
തീവ്ര വലതുപക്ഷവാദികളായ ധനമന്ത്രി ബെസാലൽ സ്മോട്രിച്ചിന്റെയും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗ്വറിന്റെയും ശക്തമായ എതിർപ്പ് മറികടന്നാണ് കരാർ അംഗീകരിച്ചത്. ഇരുവരും രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, സർക്കാരിനെ വീഴ്ത്താൻ ഉടൻ പ്രതിപക്ഷത്തിന്റെ ഭാഗമാകില്ലെന്നും വെടിനിറുത്തലിന്റെ ആദ്യ ഘട്ടത്തിന് ശേഷം തീരുമാനമെടുക്കുമെന്നും സൂചിപ്പിച്ചു.
ഗാസയിലേക്ക് ഭക്ഷണമടക്കമുള്ള സഹായങ്ങൾ എത്തിക്കാനായി യു.എന്നിന്റേത് അടക്കം നൂറുകണക്കിന് ട്രക്കുകൾ ഈജിപ്ഷ്യൻ അതിർത്തിയിലേക്ക് എത്തിത്തുടങ്ങി. ബുധനാഴ്ച രാത്രി വെടിനിറുത്തലിന് ധാരണയായത് മുതൽ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 കുട്ടികൾ അടക്കം 113 ആയി. ആകെ മരണം 46,870 കടന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]