കയ്പമംഗലം: മതിലകം സ്വദേശിയായ കവർച്ചാകേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കുപ്രസിദ്ധഗുണ്ടയും കവർച്ചാ കേസിലെ പ്രതിയുമായ മതിലകം പൊന്നാംപടി കോളനി വട്ടപ്പറമ്പിൽ അലി അഷ്ക്കറിനെയാണ് (26) കാപ്പ ചുമത്തി ജയിലിലടച്ചത്. ഹണി ട്രാപ്പിൽപെടുത്തി പൂങ്കുന്നം സ്വദേശിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിലെ പ്രധാന പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഈ കേസിൽ ജാമ്യത്തിലിറങ്ങാൻ ഇരിക്കെയാണ് കാപ്പ ചുമത്തിയത്.
കവർച്ചാ കേസിലെ പ്രതികളായ കയ്പമംഗലം തിണ്ടിക്കൽ ഹസീബ്, മതിലകം സ്വദേശി ഊളക്കൽ സിദ്ദിഖ് എന്നിവരെ കഴിഞ്ഞദിവസങ്ങളിൽ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. 2022ൽ വാടാനപ്പിള്ളിയിൽ അടയ്ക്കാക്കടയിൽ നിന്നും 115 കിലോ അടക്ക മോഷണം നടത്തിയ കേസിലും, 2022ൽ ചാലക്കുടിയിൽ ബൈക്ക് മോഷണം ചെയ്ത കേസിലും, തൃശൂർ ശക്തൻ നഗറിൽ വെച്ച് മദ്ധ്യവയസ്കനെ ആക്രമിച്ച് രണ്ട് പവന്റെ സ്വർണ്ണാഭരണം കവർന്ന കേസിലും ഇയാൾ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. മതിലകം പൊലീസ് ഇൻസ്പെക്ടർ എം.കെ.ഷാജി, എസ്.ഐ രമ്യാ കാർത്തികേയൻ, എ.എസ്.ഐമാരായ വിൻസി, തോമസ് എന്നിവരാണ് അന്വേഷണം നടത്തിയത്.