തിരുവനന്തപുരം: ടെണ്ടർ വിളിക്കാതെയും യാതൊരു നടപടിക്രമങ്ങൾ പാലിക്കാതെയും ഒയാസിസ് കമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് പാലക്കാട് കഞ്ചിക്കോട് ഡിസ്റ്റിലറി തുടങ്ങാൻ അനുമതി നൽകിയതിന്റെ കാരണം അഴിമതി മാത്രമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്സൈസ് മന്ത്രി എംബി രാജേഷ് കാര്യങ്ങൾ ജനങ്ങൾക്കു മുമ്പാകെ വിശദീകരിച്ചേ തീരൂ. ഈ കമ്പനിയുടെ കയ്യിൽ നിന്ന് അപേക്ഷ വാങ്ങി മന്ത്രിസഭയുടെ മുന്നിൽ അനുമതിക്കു സമർപ്പിച്ചത് എക്സൈസ് മന്ത്രിയാണ്. ഈ കമ്പനിയിൽ രാജേഷിനും ഇടതു സർക്കാരിനുമുള്ള പ്രത്യേക താൽപര്യം വെളിവാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയതത് എന്നാണ് മന്ത്രി രാജേഷ് പറയുന്നത്. അങ്ങനെയെങ്കിൽ ടെണ്ടർ വിളിക്കണ്ടേ.. എല്ലാ ചട്ടങ്ങളും പാലിച്ചുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ടെണ്ടർ പോലും വിളിക്കാതെ എന്തു ചട്ടമാണ് പാലിച്ചത്. കേരളത്തിൽ 17 ൽപരം ഡിസ്റ്റിലറികളിൽ ENA ഉൽപാദനത്തിന് ലൈസൻസ് നൽകിയിട്ടുള്ള സർക്കാർ പൊതുമേഖലാ സ്ഥാപനമായ മലബാർ ഡിസ്റ്റിലറീസിന് എന്തുകൊണ്ടാണ് അനുമതി നൽകാതിരുന്നത്. തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ സ്വകാര്യമേഖലയിലെ സൂപ്പർ സ്റ്റാർ ഡിസ്റ്റിലറീസ് എന്ന സ്ഥാപനത്തിൽ മരച്ചീനിയിൽ നിന്ന് മദ്യം ഉൽപാദിപ്പിക്കാൻ സർക്കാർ കൊണ്ടുവന്ന പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നും ചെന്നിത്തല ചോദിച്ചു.
കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനമാണ് ഒയാസിസ് എന്നാണ് മന്ത്രി എംബി രാജേഷ് പറയുന്നത്. ഇന്ത്യയിലെ ഏതെങ്കിലും കമ്പനിക്ക് ഈ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കാൻ കഴിയുമോ..? രാജേഷ് എന്തൊക്കെയാണ് പറയുന്നത് എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. കഴിഞ്ഞ തവണ യാതൊരു പരിചയവുമില്ലാത്ത കടലാസ് കമ്പനികൾക്ക് ഡിസ്റ്റിലറി അനുവദിച്ചു കൊടുത്തത് ഓർത്തായിരിക്കും മന്ത്രി ഇപ്പോൾ സംസാരിക്കുന്നത്. അന്ന് പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ് കാരണമാണ് ആ പദ്ധതി നടക്കാതെ വന്നത്.
കേരളത്തിലെ ഡിസ്റ്റിലറികൾ ഒരു വർഷം ഉൽപാദിപ്പിക്കുന്ന മദ്യം ഇവിടെ ചെലവാകുന്നുണ്ടോ എന്ന കാര്യം കൂടി മന്ത്രി വ്യക്തമാക്കണം. 1999 ലെ എക്സിക്യൂട്ടിവ് ഓർഡർ നിനിൽക്കുന്ന കാലത്തോളം ഇവിടെ പുതിയ ഡിസ്റ്റിലറികൾ അനുവദിക്കാൻ പാടുള്ളതല്ല. ടെണ്ടർ നടപടി പ്രകാരം അപേക്ഷ ക്ഷണിക്കാതെ ഒരു കമ്പനിക്ക് അപ്രൂവൽ നൽകിയതിനു പിന്നിൽ അഴിമതിയും സ്വജനപക്ഷപാതവുമാണ്. ഈ തീരുമാനം ഉടനടി പിൻവലിക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.