ബ്രിസ്ബേൻ: ഫോളോവേഴ്സിനെ കൂട്ടാനും പണപ്പിരിവിനുമായി ഒരു വയസുള്ള മകൾക്ക് വിഷം നൽകിയ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ അറസ്റ്റിൽ. ഓസ്ട്രേലിയ ക്വീൻസ്ലാൻഡ് സ്വദേശിയായ 34കാരിയാണ് അറസ്റ്റിലായത്.
മകൾക്ക് അനധികൃതമായി മരുന്നുകൾ നൽകുകയും ഇതേത്തുടർന്ന് വേദനകൊണ്ട് പുളയുന്ന കുഞ്ഞിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുകയാണ് യുവതി ചെയ്തിരുന്നത്. തുടർന്ന് പണപ്പിരിവിനും ഫോളോവേഴ്സിനുമായി സമൂഹമാദ്ധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുകയായിരുന്നു.
മാസങ്ങളോളം യുവതി മകൾക്ക് വിഷമരുന്നുകൾ നൽകിയെന്ന് ക്വീൻസ്ലാൻഡ് പൊലീസ് പറയുന്നു. ഡോക്ടറുടെ നിർദേശമില്ലാതെ കാലാവധി തീർന്ന മരുന്നുകളും വീട്ടിലെ മറ്റ് മുതിർന്നവർക്കുള്ള മരുന്നുകളുമാണ് കുഞ്ഞിന് നൽകിയത്.
ഒക്ടോബറിൽ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിന് അനധികൃത മരുന്നുകൾ നൽകിയതായുള്ള മെഡിക്കൽ റിപ്പോർട്ടുകളും കഴിഞ്ഞദിവസം പുറത്തുവന്നു. കുഞ്ഞിന് അസുഖമാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാദ്ധ്യമത്തിലെ പണപ്പിരിവിലൂടെ 37,300 ഡോളറാണ് യുവതി സ്വന്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഉപദ്രവിക്കാനുള്ള ഉദ്ദേശ്യത്തോടെ വിഷം നൽകുക, കുട്ടികളെ ചൂഷണം ചെയ്യുന്ന വസ്തുക്കൾ നിർമ്മിക്കുക, വഞ്ചിക്കുക തുടങ്ങിയ നിരവധി കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിട്ടുള്ളത്. വെള്ളിയാഴ്ച ബ്രിസ്ബേൻ മജിസ്ട്രേറ്റ് കോടതിയിൽ യുവതിയെ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഗോഫണ്ട്മി എന്ന പ്ളാറ്റ്ഫോമിലൂടെയാണ് യുവതി പണപ്പിരിവ് നടത്തിയത്. തട്ടിപ്പിനിരയായവർക്ക് പണം തിരികെ നൽകാനുള്ള നടപടികൾ ആരംഭിച്ചതായി ഗോഫണ്ട്മി അറിയിച്ചു.