മുംബൈ: മോഷ്ടാക്കളുടെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍. വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായതായും സുഖം പ്രാപിക്കുകയാണെന്നും വ്യക്തമാക്കിയത്. താരത്തിന് ആറ് മുറിവുകളേറ്റിട്ടുണ്ടെന്നും ഇതില്‍ രണ്ടെണ്ണം ഗുരുതരമാണെന്നും നടന് ചികിത്സയിലുള്ള ലീലാവതി ആശുപത്രി സി.ഇ.ഒ ഡോ. നീരജ് ഉറ്റാമനി നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
താരത്തിന് ആറ് തവണ കുത്തേറ്റിട്ടുണ്ടെന്നും കൈയിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. രണ്ടര മണിക്കൂറോളം നീണ്ടുനിന്ന ന്യൂറോസര്ജറിയും പ്ലാസ്റ്റിക് സര്‍ജറിയുമാണ് നടത്തിയത്. നടന് അപകടനില തരണം ചെയ്തിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം നടന് സുഖം പ്രാപിച്ചുവരുകയാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും സെയ്ഫ് അലി ഖാന്റെ ഒഫീഷ്യല്‍ ടീം അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കാര്‍ക്കും പരിക്കില്ല. ആക്രമണത്തിന് രണ്ടു മണിക്കൂര്‍ മുമ്പ് വീട്ടിലേക്ക് ആരും പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്ല. അതിനാല്‍ തന്നെ അക്രമി നേരത്തെ വീടിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു എന്ന നിഗമനത്തിലാണ് പോലീസ്. പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സെയ്ഫ് അലി ഖാനെതിരായുണ്ടായ ആക്രമണം ബോളിവുഡിനെ നടുക്കിയിരിക്കുയാണ്. ബാന്ദ്രയിലെ മികച്ച സുരക്ഷയുള്ള, സെലിബ്രിറ്റികളും പണക്കാരും താമസിക്കുന്ന പ്രദേശത്താണ് ആക്രമണമുണ്ടായതെന്നതും ചര്‍ച്ചയാവുന്നുണ്ട്.
2012ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണു താമസം. മക്കളായ തൈമൂര്‍ (8), ജെഹ് (4) എന്നിവരും കൂടെയുണ്ട്. പ്രശസ്ത നടി ശര്‍മിള ടാഗോറിന്റെയും ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്റെയും മകനായ സെയ്ഫ് പട്ടൗഡി കുടുംബാംഗമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]