വടിവൊത്ത കൈപ്പടയില്‍ സ്വന്തം മേല്‍വിലാസം കുറിച്ചുതന്ന ശേഷം എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് നസീര്‍ സാര്‍ പറഞ്ഞു: ‘മിസ്റ്റര്‍ മേനോന്, ഇനി നിങ്ങളുടെ വീട്ടഡ്രസ് കൂടി തരൂ. എന്നെങ്കിലും ആ വഴി വരുമ്പോള്‍ അവിടെ കയറാം. എന്റെ ആരാധികമാരെ കാണാമല്ലോ.’
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയ നിമിഷം. തൊട്ടു മുന്‍പാണ് അടിയുറച്ച പ്രേംനസീര്‍ ആരാധികമാരായ എന്റെ അമ്മയേയും വല്യമ്മമാരേയും കുറിച്ച് അദ്ദേഹത്തോട് പറഞ്ഞത്. ‘മൂന്ന് സിസ്റ്റേഴ്സും കൂടി പൊരിവെയിലത്ത് കുട ചൂടി നടന്നുപോകുന്നത് കണ്ടാല്‍ റോഡരികിലെ കടകളില്‍ ഇരുന്ന് ആളുകള്‍ പരസ്പരം പിറുപിറുക്കും: ഓ, ഇന്ന് ലീനയില്‍ നസീറിന്റെ ഏതോ പടം റിലീസായിട്ടുണ്ട്ന്ന് തോന്നുണു. ലളിതാപത്മിനിരാഗിണിമാര് ഒരുങ്ങിക്കെട്ടി പൊറപ്പെട്ടിട്ടുണ്ട്..’
പരാതിയില്ലായിരുന്നു മൂന്ന് പേര്‍ക്കും. അത്രയ്ക്കുമുണ്ട് നസീറിനോടുള്ള ഭ്രമം. നസീറെങ്ങാന് നിനച്ചിരിക്കാതെ കണ്‍വെട്ടത്ത് വന്നുപെട്ടാല്‍ മൂവരും മോഹാലസ്യപ്പെടുമോ എന്നായിരുന്നു എന്റെ ഭയം.
‘അതെങ്ങനെ പറ്റും, നസീര്‍ സാര്‍ ?’ — എന്റെ സംശയം. ‘സാര്‍ ഫ്ളൈറ്റിലല്ലേ മദ്രാസില്‍ പോകുക? ഞങ്ങളുടെ എടരിക്കോട്ടാണെങ്കില് റെയില്‍വേ സ്റ്റേഷന് പോലുമില്ല്യ. എന്നാലും സാറിന് ഇങ്ങനെ പറയാന്‍ തോന്നിയല്ലോ. വലിയ സന്തോഷം.’
എന്നാല്‍ ഭംഗിവാക്ക് പറയുകയായിരുന്നില്ല നസീര്‍ സാര്‍. ‘തമാശയാണ് എന്ന് വിചാരിച്ചോ മിസ്റ്റര്‍ മേനോന്? ഞാന്‍ സീരിയസ് ആയി പറഞ്ഞതാണ്. ധ്വനി ഷൂട്ടിംഗ് കഴിഞ്ഞു തിരിച്ചുപോയ ശേഷം ഒന്നുകൂടി കോഴിക്കോട്ട് വരേണ്ട കാര്യമുണ്ട്. കൊച്ചി വരെ ഫ്ലൈറ്റില്‍ വന്ന ശേഷം ഇങ്ങോട്ട് കാറില്‍ വരാമല്ലോ. വഴിക്ക് നിങ്ങളുടെ വീട്ടില്‍ കയറുകയും ചെയ്യാം.’ ഒന്ന് നിര്‍ത്തിയ ശേഷം നിത്യഹരിതനായകന് പറഞ്ഞു: ‘എനിക്കിപ്പോള്‍ സ്പെയര്‍ ടൈം ധാരാളമുണ്ട്. പഴയ പോലെ ഓടിനടന്ന് അഭിനയിക്കുന്നില്ലല്ലോ.. എന്തായാലും അഡ്രസ് തരൂ.”
മേല്‍വിലാസം എഴുതി വാങ്ങിയ ശേഷം ഒന്നുകൂടി പറഞ്ഞു അദ്ദേഹം:’ഞാന്‍ വരുന്ന കാര്യം വലിയമ്മമാരോട് ഇപ്പോള്‍ പറയേണ്ട. അവര്‍ക്ക് ഒരു സര്‍പ്രൈസ് ആവട്ടെ.’
പടിപ്പുര കടന്നു വരുന്ന വെള്ളിത്തിരയിലെ നിത്യകാമുകനെ കാണുമ്പോള്‍ മൂന്നു സഹോദരിമാരുടെയും മുഖത്ത് വിരിയാനിടയുള്ള വിസ്മയഭാവം സങ്കല്പിക്കുകയായിരുന്നു ഞാന്‍. സ്വപ്നമോ മിഥ്യയോ ഈ കാഴ്ച്ച എന്ന കണ്‍ഫ്യൂഷനിലായിരിക്കും അവര്‍; തീര്‍ച്ച. സന്തോഷം കൊണ്ട് ബോധം കെടാതെ സൂക്ഷിക്കണം.
‘ധ്വനി’യുടെ ഷൂട്ടിംഗിന്റെ അവസാന നാളിലായിരുന്നു കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ വെച്ച് നസീര്‍ സാറുമായുള്ള അഭിമുഖം. അന്നെഴുതിത്തന്ന മേല്‍വിലാസം പഴയ രേഖകള്ക്കിടയില് നിന്ന് യാദൃച്ഛികമായി വീണ്ടുകിട്ടിയപ്പോള്‍ മാഞ്ഞുപോയ ഒരു കാലം വീണ്ടും ഓര്‍മ്മയില്‍ വന്നു നിറഞ്ഞു.
ആരാധികമാരും ആരാധനാപുരുഷനും തമ്മിലുള്ള സമാഗമം ഒരിക്കലും നടന്നില്ല. മൂന്ന് മാസം കഴിഞ്ഞു നസീര്‍ സാര്‍ ഓര്‍മ്മയായി. കേരളകൗമുദി വീക്കെന്‍ഡില്‍ ‘ശംഖുപുഷ്പം കണ്ണെഴുതിയ വര്‍ഷങ്ങള്‍” എന്ന പേരില്‍ അച്ചടിച്ചുവന്ന അഭിമുഖം നസീര്‍ സാറിന്റെ അവസാന അഭിമുഖമാകുമെന്ന് ആരോര്‍ത്തു ?
അമ്മയും മൂത്ത ചേച്ചി ശിവകാമി വല്യമ്മയും ഇന്നില്ല. അമ്മു വല്യമ്മ പ്രായാധിക്യത്തിന്റെ അസ്കിതകളുമായി അധികസമയവും കിടക്കയില്‍ കഴിയുന്നു. അവരുടെ ഹൃദയങ്ങളെ കൂട്ടിയിണക്കിയ പ്രേംനസീറാകട്ടെ ഇന്നും ഓര്‍മ്മകളുടെ തിരശ്ശീലക്കപ്പുറത്തു നിന്ന് നമ്മെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നു.
മലയാളികളുടെ എത്രയോ തലമുറകളെ കോരിത്തരിപ്പിച്ച മന്ദസ്മിതം.
വര്‍ഗീയതയും വിഭാഗീയതയും മറ്റെന്നത്തേക്കാള്‍ കൊടികുത്തി വാഴുന്ന കാലത്ത്, വാക്കുകള്‍ വിഷലിപ്തമാകുന്ന കാലത്ത്, ജീവിതത്തെ സഹജീവിസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആഘോഷമാക്കി മാറ്റിയ ആ വലിയ മനുഷ്യനെ വീണ്ടും വീണ്ടും ഓര്‍ക്കുന്നു നാം… ഇനിയുണ്ടാവില്ല ഒരു പ്രേംനസീര്‍….
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]