റിയാദ്: സ്പോൺസറുടെ ചലനശേഷിയില്ലാത്ത മകൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഇന്നും ഉണ്ടായില്ല. സൂക്ഷ്മ പരിശോധനയ്ക്കും കൂടുതൽ പഠനത്തിനും സമയം വേണമെന്ന് പറഞ്ഞാണ് റിയാദ് കോടതി വിധി പറയുന്നത് മാറ്റിയത്. ആറാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്. അടുത്ത സിറ്റിംഗ് തീയതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.
കേസിൽ അന്തിമവിധിയും മോചന ഉത്തരവുമാണ് ഇനിയുണ്ടാകേണ്ടത്. എന്നാൽ ഇന്നും ഉത്തരവ് ഉണ്ടായില്ല. ജൂലായ് രണ്ടിന് അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയെങ്കിലും പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസിൽ തീർപ്പാകാത്തതിനാലാണ് ജയിൽ മോചനം നീളുന്നത്. ജയിൽ മോചന ഉത്തരവ് ഉണ്ടായാൽ അത് മേൽകോടതിയും ഗവർണറേറ്റും അംഗീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമാകും റഹീം ജയിൽ മോചിതനാകുക. നാട്ടിലേക്ക് വരാനുള്ള യാത്രാ രേഖകളെല്ലാം റിയാദിലെ ഇന്ത്യൻ എംബസി തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ കേസ് പരിഗണിച്ചെങ്കിലും ജനുവരി 15 ലേക്ക് കേസ് മാറ്റുകയായിരുന്നു.
സ്പോൺസറുടെ ചലനശേഷിയില്ലാത്ത മകൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ 18 വർഷത്തോളമായി ജയിലിൽ കഴിയുകയാണ് അബ്ദുൽ റഹീം. ദയാധനം സ്വീകരിച്ച് റഹീമിന് മാപ്പുനൽകാമെന്ന് സൗദി യുവാവിന്റെ കുടുംബം ഔദ്യോഗികമായി അറിയിക്കുകയും തുടർ നടപടികൾക്കായി പണം കൈമാറുകയും ചെയ്തതോടെയാണ് വധശിക്ഷ റദ്ദാക്കിയത്. ദയാധനമായ 15 മില്യൻ റിയാൽ മലയാളികളാണ് സ്വരൂപിച്ച് മരിച്ച ബാലന്റെ കുടുംബത്തിന് കെെമാറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]