കൊച്ചി: ട്രാൻസ്ജെൻഡർമാർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലിയിലും ആറ് മാസത്തിനകം സംവരണം ഏർപ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയും കേന്ദ്ര സർക്കാരും തമ്മിലുള്ള കേസിൽ ഇവരെ മൂന്നാം ലിംഗക്കാരായി അംഗീകരിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റേതാണ് ഉത്തരവ്. ഇതുസംബന്ധിച്ച് പാലക്കാട് സ്വദേശി സി. കബീർ അടക്കമുള്ളവർ നൽകിയ ഹർജി തീർപ്പാക്കിയാണിത്.
സർക്കാരിന്റെ നയരൂപീകരണ കാര്യങ്ങളിൽ ഇടപെടാറില്ലെങ്കിലും ട്രാൻസ്ജെൻഡർമാരുടെ അവകാശം സുപ്രീംകോടതി തന്നെ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം നൽകുന്നതെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.