
സ്വന്തം ലേഖിക
കോട്ടയം: നടപടിക്രമങ്ങളുടെയും സാങ്കേതികതയുടേയും പേരിൽ ചുവപ്പുനാടയിൽ കുരുങ്ങിപ്പോയ സർക്കാർ സഹായങ്ങൾ മുതൽ വഴിത്തർക്കം വരെയുള്ള സാധാരണമനുഷ്യരുടെ പ്രശ്നങ്ങൾക്ക് കരുതലും കൈത്താങ്ങുമൊരുക്കി കോട്ടയം ജില്ലയിലെ താലൂക്ക് അദാലത്തിനു തുടക്കം.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി താലൂക്ക് തലങ്ങളിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ അദാലത്ത് കോട്ടയം താലൂക്കിൽ സംഘടിപ്പിച്ചപ്പോൾ 608 അപേക്ഷകളാണ് പരിഗണിച്ചത്. ഇതിൽ 287 പരാതികൾക്കും സഹകരണ -രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവനും ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനും നേതൃത്വം നൽകിയ അദാലത്ത് അന്തിമ തീർപ്പൊരുക്കി.
ബാക്കി പരാതികളിൽ വേഗം നടപടിയെടുക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി. ഓൺലൈനായി ലഭിച്ച 608 പരാതികൾക്കു പുറമേ ബേക്കർ മെമ്മോറിയൽ സ്കൂളിലെ അദാലത്ത് വേദിയിൽ എത്തിയവരിൽ നിന്നുള്ള 68 പുതിയ പരാതികളും സ്വീകരിച്ചിരുന്നു. ഈ പരാതികൾക്ക് കൈപ്പറ്റു രസീതു നൽകിയ ശേഷം പത്തുദിവസത്തിനുള്ളിൽ വേണ്ട നടപടികൾ സ്വീകരിച്ച് പരാതിക്കാരനെ അറിയിക്കുമെന്നു മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്റ്റിനും പറഞ്ഞു.
സാങ്കേതിക നടപടികളിലും മസ്റ്ററിങ് സമയത്തു രേഖപ്പെടുത്താനാവാത്തതു മൂലവും മുടങ്ങിപ്പോയ ക്ഷേമപെൻഷനുകൾ, അർഹതയുണ്ടായിട്ടും നിഷേധിക്കപ്പെട്ട മുൻഗണനാ റേഷൻ കാർഡുകൾ, സാങ്കേതികപ്രശ്നത്തിന്റെ പേരിൽ തടഞ്ഞുവച്ച പ്രളയധനസഹായം, സ്കോളർഷിപ്പ് കുടിശിക, കുടിവെള്ള കണക്ഷനും ബില്ലും ആയി ബന്ധപ്പെട്ട പരാതികൾ, മരം മുറിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അതിർത്തിതർക്കം, വഴിത്തർക്കം, സ്വത്ത് തർക്കം, പുരയിടത്തിലെ വെള്ളക്കെട്ട് പരിഹരിക്കൽ, റവന്യൂ റീസർവേ, ഭൂമി പോക്കുവരവ് ചെയ്യൽ, കുടിവെള്ള പ്രശ്നം, ഓടകളുടെ പുനസ്ഥാപനം, കെട്ടിട നമ്പർ എന്നിങ്ങനെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അദാലത്തിൽ മന്ത്രിമാർക്ക് മുന്നിലെത്തിയത്.
രാവിലെ ഒൻപതരയോടെ അദാലത്ത് നടക്കുന്ന ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയ രണ്ടുമന്ത്രിമാരും രജിസ്റ്റർ ചെയ്ത മുഴുവൻ പരാതികളിലും അപേക്ഷകർക്കു പറയാനുള്ളത് കേട്ടു തീരുമാനമെടുത്തശേഷമാണ് സീറ്റിൽ നിന്ന് എണീറ്റതു പോലും. ഇടവേള പോലുമില്ലാതെയായിരുന്നു അദാലത്ത് നടപടികൾ നീണ്ടത്.
നേരത്തേ രജിസ്റ്റർ ചെയ്ത പരാതികൾ കേട്ടശേഷം വൈകിട്ട് അഞ്ചുമണിയോടെ നേരിട്ടു പരാതി നൽകാൻ കാത്തുനിന്ന പുതിയ അപേക്ഷകരെയും മന്ത്രിമാർ കേട്ടു. രാവിലെ പത്തുമുതൽ നാലുമണിവരെയായിരുന്നു അദാലത്ത് നിശ്ചയിച്ചിരുന്നതെങ്കിലും പരാതികൾ എല്ലാം വിശദമായി കേട്ടു നടപടികൾക്കു നിർദേശിച്ചശേഷം അഞ്ചുരയോടെയാണു മന്ത്രിമാർ മടങ്ങിയത്.
ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, കോട്ടയം ആർ.ഡി.ഒ. വിനോദ് രാജ്, തഹസീൽദാർ എസ്.എൻ. അനിൽകുമാർ, ഡെപ്യൂട്ടി തഹസീൽദാർ നിജു കുര്യൻ, വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിന്റെ മേൽനോട്ടച്ചുമതലകൾ നിർവഹിച്ചു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]