ഉണ്ണി മുകുന്ദനെ കുറിച്ച് താന്‍ പറഞ്ഞ വാക്കുകള്‍ പലരും വളച്ചൊടിച്ചുവെന്ന് നടനും മാമുക്കോയയുടെ മകനുമായ നിസാര്‍. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് നിസാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പ്രൊമോഷന് നടക്കുമ്പോള്‍ ചോദിച്ചതിന് മറുപടി പറഞ്ഞ തന്നെ ദോഷം പറയരുതെന്നും സിനിമയില്‍ അഭിനയിച്ച് തന്റെ പ്രയാസം മാറ്റാം എന്ന് കരുതി വന്ന തനിക്കെതിരെ ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. ഇതിനൊപ്പം തെറ്റായ വാര്‍ത്ത നല്കിയ ഒരു സോഷ്യല്‍ മീഡിയ പേജിന്റെ സ്ക്രീന്‍ഷോട്ടും നിസാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘മാന്യ സുഹൃത്തുക്കളെ, ഞാന്‍ നിസാര്‍ മാമുക്കോയ, എന്താണ് അഭിനയം എന്നറിയാത്ത, സിനിമയില്‍ അഭിനയിച്ചെങ്കിലും എല്ലാ പ്രയാസങ്ങളേയും മാറ്റാം എന്ന് കരുതി ഇവിടേയ്ക്ക് വന്ന എന്നെക്കുറിച്ച് പലയിടത്തും ഞാന്‍ ഉണ്ണി മുകുന്ദന് എതിരാണെന്നും ഞാന്‍ മാര്‍ക്കോ സിനിമക്കെതിരെ പറഞ്ഞു എന്നും പറയുന്നു. ഒരു പ്രൊമോഷന് നടക്കുമ്പോള്‍ മുമ്പില്‍ നിന്നും ചോദിച്ചതിന് മറുപടി പറഞ്ഞ എന്നെ ദോഷം പറയരുത്. ഉണ്ണി മുകുന്ദനോടൊപ്പം എന്നെ ചേര്‍ത്ത് വച്ച് എന്നെ വലുതാക്കരുത്. ഞാന്‍ പതുക്കെ വളര്‍ന്നോളാം.
ഒരു വമ്പന്‍ സിനിമയെ ഞാന്‍ മോശമാക്കുന്നു എന്ന് പറഞ്ഞു എനിക്ക് പ്രശസ്തി തരരുത്. ഒരു പാന്‍ ഇന്ത്യന്‍ ലെവല്‍ ആക്ടറെ എന്നോടൊപ്പം കൂട്ടിക്കെട്ടി മോശമാക്കരുത്. ഇത് ഒരപേക്ഷയാണ്. അഭ്യര്‍ത്ഥനയാണ്. ദയവുചെയ്ത് എന്നെ കേള്‍ക്കണം.’-കുറിപ്പില്‍ നിസാര്‍ പറയുന്നു.
അടുത്തിടെയാണ് നിസാര്‍ അഭിനയിച്ച ഒരുമ്പെട്ടവന്‍ എന്ന ചിത്രം റിലീസായത്. ഇതിനോട് അനുബന്ധിച്ച് നടന്ന പ്രൊമോഷന് പരിപാടിക്കിടെയാണ് നിസാര്‍ ഉണ്ണി മുകുന്ദനെ കുറിച്ച് സംസാരിച്ചത്. ഒരു കലാകാരന് രാഷ്ട്രീയം പാടില്ലെന്നും ഉണ്ണി മുകുന്ദന് കടുത്ത രാഷ്ട്രീയക്കരാനാണെന്നും അഭിമുഖത്തില്‍ നിസാര്‍ പറഞ്ഞിരുന്നു. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഉണ്ണിയുടെ ചില പ്രസ്താവനകളാണ് അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് കാരണമെന്നും നിസാര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് പല സിനിമാ ഗ്രൂപ്പുകളിലും മാര്‍ക്കോയേയും ഉണ്ണി മുകുന്ദനേയും നിസാര്‍ വിമര്‍ശിച്ചു എന്ന തരത്തില്‍ പോസ്റ്റുകള്‍ വന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]