ജാർഖണ്ഡ്: പത്താം ക്ലാസിലെ പെൺകുട്ടികളോട് ഷർട്ട് അഴിച്ചുമാറ്റി ബ്ലെയ്സർ ധരിച്ച് വീട്ടിലേക്ക് പോകാൻ സ്കൂൾ പ്രിൻസിപ്പൽ ആവശ്യപ്പെട്ടെന്ന പരാതിയുമായി രക്ഷിതാക്കളും വിദ്യാർത്ഥികളും. ധൻബാദിലെ ഒരു സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിനെതിരെയാണ് ഗുരുതര ആരോപണം. എൺപതോളം കുട്ടികളോടാണ് നിർബന്ധപൂർവം ഷർട്ട് അഴിച്ചുമാറ്റിയശേഷം ബ്ലെയ്സർ ധരിച്ച് വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടത്. ചിലർ ഷർട്ടില്ലാതെയാണ് വീട്ടിലെത്തിയതെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
പത്താം ക്ളാസ് പരീക്ഷ കഴിഞ്ഞ സന്തോഷത്തിൽ പെൺകുട്ടികൾ ഷർട്ടിൽ പരസ്പരം ആശംസാ സന്ദേശങ്ങൾ എഴുതി പെൻ ഡേ ആഘോഷിച്ചത് ഇഷ്ടപ്പെടാതെയാണ് പ്രിൻസിപ്പൽ ഷർട്ട് ഊരിമാറ്റാൻ ആവശ്യപ്പെട്ടത്. തുടർന്ന് ബ്ലെയ്സർ ധരിച്ച് വീട്ടിൽ പോയാൽ മതിയെന്ന് നിർദ്ദേശിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ ക്ഷമാപണം നടത്തിയിട്ടും വിട്ടുവീഴ്ചയ്ക്ക് പ്രിൻസിപ്പൽ തയ്യാറായില്ല. ഇതോടെയാണ് ബ്ലെയ്സർ ധരിച്ച് വീട്ടിലേക്ക് പോകാൻ പെൺകുട്ടികൾ നിർബന്ധിതരായത്.
പ്രിൻസിപ്പലിനെതിരെ നിരവധി രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്. ഇരയായ പെൺകുട്ടികളുമായും സംസാരിച്ചിട്ടുണ്ടെന്നും വിഷയത്തെക്കുറിച്ച് ഗൗരവമായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പും പ്രതികരിച്ചിട്ടുണ്ട്. സംഭവം നിർഭാഗ്യകരവും ലജ്ജാകരവുമാണെന്നായിരുന്നു സ്ഥലം എൽഎഎയുടെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രിൻസിപ്പലിന്റെ നടപടി കുട്ടികളിൽ കടുത്ത മാനസിക ആഘാതം ഏൽപ്പിച്ചിട്ടുണ്ടെന്നാണ് രക്ഷിതാക്കൾ പറയുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ സ്കൂൾ അധികൃതർ തയ്യാറായിട്ടില്ല.