നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിനെതിരായ നിയമനടപടിയാണ് സാമൂഹികമാധ്യമങ്ങളിൽ ഇപ്പോഴത്തെ ചർച്ച. ബോബിയുടെ ജാമ്യം റദ്ദാക്കി കോടതി റിമാൻഡ് ചെയ്തതോടെ വിവാദത്തിന് ചൂടേറി. അതിനിടെ നടി സുചിത്ര ഒരു പരിപാടിക്കിടെ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.
ശരീരത്തെക്കുറിച്ച് ആരെങ്കിലും അശ്ലീലം പറഞ്ഞാൽ ഉടൻ പ്രതികരിക്കണമെന്നാണ് സുചിത്ര പറയുന്നത്. ഒരു വർഷം കഴിയുമ്പോൾ അന്ന് പറഞ്ഞത് തെറ്റായിപ്പോയി എന്ന് പ്രതികരിക്കുന്നത് മോശമാണെന്നും അവർ പറയുന്നു. ഒരു പൊതുപരിപാടിക്കിടെ സംസാരിക്കുമ്പോഴായിരുന്നു ഹണിയുടേയോ ബോബി ചെമ്മണ്ണൂരിന്റെയോ പേരെടുത്ത് പറയാതെയുള്ള സുചിത്രയുടെ പ്രതികരണം.
‘എന്നോട് ഒരാൾ മോശമായി പെരുമാറി. ഒരു വർഷം കഴിഞ്ഞല്ല അതിനോട് പ്രതികരിക്കേണ്ടത്. ആ സ്ഥലത്ത് വെച്ചുതന്നെ പ്രതികരിക്കണം.നമ്മൾ ഒരു ഉദ്ഘാടനത്തിനോ ഷൂട്ടിങിനോ പോകുമ്പോൾ നമ്മുടെ ശരീരത്തെക്കുറിച്ച് ആരെങ്കിലും അശ്ലീലമായി എന്തെങ്കിലും പറഞ്ഞാൽ, ആ പറഞ്ഞത് തെറ്റായി പോയി എന്ന് പറയാനുള്ള ധൈര്യം നമ്മൾ കാണിക്കണം. ഒരുവർഷം കഴിഞ്ഞ് അയാൾ എന്നോട് ആ പറഞ്ഞത് ശരിയല്ലല്ലോ എന്ന് പറഞ്ഞ് പ്രതികരിക്കുന്നത് വളരെ മോശമായ കാര്യമാണ്’, സുചിത്ര പറഞ്ഞു.
വ്യാഴാഴ്ചയാണ് ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിന് കോടതി ജാമ്യം നിഷേധിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റ് ഏഴിന് കണ്ണൂർ ആലക്കോട്ടെ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഷോറൂം ഉദ്ഘാടനത്തിനിടെ പ്രതി ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് കേസ്. ചടങ്ങിൽവെച്ച് അനുമതിയില്ലാതെ നടിയുടെ കൈയിൽപ്പിടിച്ചു. കഴുത്തിൽ നെക്ലേസ് അണിയിച്ചു. പിന്നീട് ഈ നെക്ലേസ് കാണിക്കുന്നതിനായി തിരിച്ചുനിർത്തി ലൈംഗികച്ചുവയുള്ള പരാമർശം നടത്തി. യുട്യൂബ് ചാനലുകളിലും സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിലും അപമാനിക്കുന്ന തരത്തിലുള്ള മോശം പരാമർശങ്ങൾ പ്രതി തുടർന്നു തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]