ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിയ്ക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. രാജി ഈ ആഴ്ച തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് അറിയുന്നത്. ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനം ഒഴിയുന്ന വിവരം ട്രൂഡോ അടിയന്തര പാർട്ടി യോഗത്തിന് മുമ്പേ പ്രഖ്യാപിക്കാനും സാദ്ധ്യതയുണ്ട്. ലിബറൽ പാർട്ടി പുതിയ നേതാവിനെ പ്രഖ്യാപിക്കും വരെ ട്രൂഡോ പ്രധാനമന്ത്രി പദത്തിൽ തുടരുമോ അതോ മറ്റാർക്കെങ്കിലും നൽകുമോ എന്നും വ്യക്തമല്ല.
ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്കിനെ ഇടക്കാല പ്രധാനമന്ത്രിയാക്കാൻ ട്രൂഡോ ആലോചിക്കുന്നുണ്ടെന്നും അറിയുന്നു. എന്നാൽ ലിബറൽ നേതൃസ്ഥാനത്തേക്ക് മത്സരിക്കാൻ ലെബ്ലാങ്ക് തീരുമാനിച്ചാൽ ഇത് നടക്കില്ല. ഒക്ടോബറിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ നേതാവിനെ കണ്ടെത്തുക ലിബറൽ പാർട്ടിക്ക് വെല്ലുവിളിയാണ്. 53കാരനായ ട്രൂഡോ 2015ലാണ് പ്രധാനമന്ത്രി പദത്തിലെത്തിയത്. തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി തോൽക്കുമെന്നും പിയർ പോളിയേവിന്റെ നേതൃത്വത്തിലെ കൺസർവേറ്റീവ് സർക്കാർ അധികാരത്തിലേറുമെന്നും സർവേ പ്രവചനം.
ഇന്ത്യ വിരുദ്ധത ഒറ്റപ്പെടുത്തി
ഇന്ത്യ വിരുദ്ധ നയം, കുടിയേറ്റം, ഖാലിസ്ഥാനികളെ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവ ട്രൂഡോയുടെ ജനപ്രീതി ഇടിച്ചു.
338 അംഗ പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്ത ലിബറൽ പാർട്ടി (153) ഒറ്റപ്പെട്ടു. ട്രൂഡോ രാജിവയ്ക്കണമെന്ന് സ്വന്തം പാർട്ടിയിലും ആവശ്യം.
മുൻ സഖ്യകക്ഷിയായ ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (25 സീറ്റ്) ട്രൂഡോയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രധാന പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി 119 ബ്ലോക്ക് കീബെക്വ 33 അംഗങ്ങളുണ്ട്.
ഈ മാസം 27ന് പാർലമെന്റ് ചേരുമ്പോൾ അവിശ്വാസ വോട്ടിന് സാദ്ധ്യത. അതിജീവിക്കാൻ വേണ്ട 170 എം.പിമാരുടെ പിന്തുണ ട്രൂഡോയ്ക്ക് ഇല്ല.