തന്റെ മാതാപിതാക്കളും സിനിമാതാരങ്ങളുമായ കമല്‍ഹാസന്റേയും സരികയുടേയും വിവാഹമോചനത്തെ കുറിച്ചും ഇരുവരുടേയും വേര്പിരിയലില്നിന്ന് ഉള്‍ക്കൊള്ളാന്‍ സാധിച്ച ജീവിതപാഠങ്ങളെ കുറിച്ചും തുറന്നുപറഞ്ഞ് മകളും നടിയുമായ ശ്രുതി ഹാസന്. കലാപരമായും സാമൂഹികപരമായും ഉയര്‍ന്നതലത്തിലുള്ള കുടുംബത്തില്‍ ജനിച്ച തന്റെ ബാല്യം ഏറെ സ്വാസ്ഥ്യമുള്ളതായിരുന്നുവെന്നും എന്നാല്‍ മാതാപിതാക്കള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചതോടെ ജീവിതമാകെ തകിടം മറിഞ്ഞതായും ശ്രുതി ഹാസന് ഓര്‍മ്മിച്ചു. ഒരു പ്രമുഖ ചാനലിന്റെ പോഡ്കാസ്റ്റ് ഷോയില്‍ സംസാരിക്കവേയാണ് താരം മനസ്സ് തുറന്നത്.
“ഏറെ ആനന്ദകരമായ ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. കലാമൂല്യമുള്ള, മികച്ച നിലവാരമുള്ള മാതാപിതാക്കള്‍, കൂടാതെ ഈശ്വരാനുഗ്രഹവും. ഒരുപാട് സുഖവും സന്തോഷവും. എന്നാല്‍ ആ സൗകര്യങ്ങളുടെ മറുവശവും ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ അച്ഛനും അമ്മയും പിരിഞ്ഞപ്പോള്‍, എല്ലാം മാറിമറിഞ്ഞു. സാമ്പത്തികമായും വ്യക്തിത്വാടിസ്ഥാനത്തിലുമുള്ള സ്വാതന്ത്ര്യത്തിന്റെ വിലയെന്താണെന്ന് അന്നാണ് ഞാന്‍ മനസ്സിലാക്കിയത്. വിവാഹബന്ധത്തില്‍നിന്ന് അമ്മ പുറത്തേക്കിറങ്ങിയപ്പോഴാണ് ഒരു സ്ത്രീ സ്വയംപര്യാപ്തയായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്, പ്രത്യേകിച്ച് ഒരു മകളെന്ന നിലയിലും എനിക്ക് തിരിച്ചറിയാന്‍ സാധിച്ചത്”, ശ്രുതി പറഞ്ഞു.
തങ്ങളുടെ തീരുമാനത്തെ കുറിച്ച് ആത്മാര്‍ഥതയോടെ തുറന്നുസംസാരിക്കാനുള്ള പക്വത മാതാപിതാക്കള്‍ക്കുണ്ടായിരുന്നതായും എല്ലാത്തിനുമുപരി അവര്‍ മക്കളുടെ സൗഖ്യത്തിന് പ്രാധാന്യം നല്‍കിയതായും ശ്രുതി പറഞ്ഞു. “പുരുഷന്മാരുടെ സ്വാതന്ത്ര്യം ഏതുവിധത്തിലാണ് വലിയ രീതിയില്‍ ആഘോഷിക്കപ്പെടുന്നതെന്ന് നാം സ്ഥിരമായി കാണാറുണ്ട്. അതേസമയം ഞാനൊരു ഫെമിനിസ്റ്റാണെന്ന് എല്ലാ ദിവസവും പ്രഖ്യാപിക്കേണ്ട ആവശ്യകതയില്ല. ഇതൊരു നിശബ്ദമായ, ഒരിക്കലും അഭിനന്ദിക്കപ്പെടാത്ത പോരാട്ടമാണ്. നമ്മളെ അഭിനന്ദിക്കാന്‍ ഒരാള്‍ പോലുമില്ലെന്നത് പല സ്ത്രീകള്‍ക്കും അനുഭവമുള്ള കാര്യമാണ്. നമ്മള് സ്വയം അഭിനന്ദിക്കണം. എല്ലാദിവസവും നമ്മള് ജീവിക്കേണ്ടതുണ്ട്, നമ്മുടെ ചെലവുകള്‍ നമ്മള് തന്നെ വഹിക്കണം, അതൊക്കെ സാധാരണജീവിതത്തിന്റെ ഭാഗമാണ്”, താരം കൂട്ടിച്ചേര്‍ത്തു.
ശ്രുതിയ്ക്കും സഹോദരി അക്ഷര ഹാസനും ഇവരുടെ വേര്‍പിരിയല്‍ നല്കിയ വേദന വലുതായിരുന്നുവെന്ന് വ്യക്തമാക്കിയ ശ്രുതി വിവാഹമോചനം ഇപ്പോള്‍ സാധാരണമായിരിക്കുന്നുവെന്നും പുറത്ത് സന്തോഷം തോന്നിപ്പിക്കുന്ന പല കുടുംബങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അച്ഛനും അമ്മയും ഒരുമിച്ചായിരുന്നപ്പോള്‍ അവര്‍ ഏറെ സന്തോഷത്തിലായിരുന്നുവെന്നും ഏറ്റവും നല്ല ദമ്പതിമാരായിരുന്നുവെന്നും ശ്രുതി പറഞ്ഞു. കമലും സരികയും ഒരുമിച്ച് ജോലി ചെയ്യുമായിരുന്നുവെന്നും ഒന്നിച്ച് സെറ്റുകളിലേക്ക് പോകുമായിരുന്നുവെന്നും അവര്‍ ഓര്‍മ്മിച്ചു. പല തരത്തിലും തങ്ങളുടേത് ഒരു സിനിമാകുടുംബമായിരുന്നുവെന്നും ശ്രുതി പറഞ്ഞു. ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ മാതാപിതാക്കള്‍ പരിശ്രമിച്ചതായും വേര്‍പിരിഞ്ഞ് ജീവിക്കുന്നത് അവര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അത് തനിക്കും സഹോദരിക്കും നല്ലതിനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
1984 ല്‍ രാജ് തിലക് എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടെയാണ് കമല്‍ഹാസനും സരികയും പ്രണയത്തിലായത്. പിന്നീട് അവര്‍ വിവാഹിതരാകുകയും ചെയ്തു. വിവാഹജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും പരിഹരിക്കാനാകാത്ത നിലയിലേക്കെത്തുകയും ചെയ്തതോടെ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]