ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പാര്‍ലമെന്റ് മന്ദിരത്തിന് സമീപം യുവാവിന്റെ ആത്മഹത്യാശ്രമം. പുതിയ പാര്‍ലമെന്റിന് സമീപം ബുധനാഴ്ച വൈകുന്നേരം നാലര മണിയോടെയാണ് സംഭവം. സ്ഥലത്ത് എത്തിയ ശേഷം ഇയാള്‍ സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റുവെന്നാണ് വിവരം.
30 വയസിനടുത്ത് പ്രായം തോന്നിക്കുന്ന യുവാവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. റോഡില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയിലേക്കാണ് യുവാവിനെ ചികിത്സയ്ക്കായി പൊലീസ് കൊണ്ടുപോയത്. ഇയാളുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പൊലീസിന് പിന്നാലെ ഫോറന്‍സിക് വിദഗ്ദ്ധരും സംഭവസ്ഥലത്തേക്ക് എത്തി പരിശോധന നടത്തി.
ഇയാളുടെ കത്തിക്കരിഞ്ഞ ഷൂ, വസ്ത്രത്തിന്റെ ഭാഗങ്ങള്‍ തുടങ്ങിയവ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. ഇയാളുടെ ഒരു ബാഗ് സംഭവസ്ഥലത്ത് വെച്ചതായി കണ്ടെത്തിയതും പൊലീസ് ശേഖരിച്ചു. ഈ പരിശോധനയ്ക്കിടെയാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. ഹിന്ദിയിലാണ് ആത്മഹത്യാക്കുറിപ്പ് എഴുതിയിരിക്കുന്നത്. അതേസമയം എന്തിനാണ് യുവാവ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്നോ അതിന് പാര്‍ലമെന്റിന്റെ സമീപത്ത് എത്തിയത് എന്തിനാണെന്നോ വ്യക്തമായിട്ടില്ല. ആത്മഹത്യാക്കുറിപ്പിലെ ഉള്ളടക്കവും ഇനിയും പുറത്തുവിട്ടിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡല്‍ഹിയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ള സ്ഥലങ്ങളില്‍ ഒന്നാണ് പാര്‍ലമെന്റും പരിസര പ്രദേശങ്ങളും. ഇവിടേക്ക് തീ കൊളുത്താനുള്ള സൗകര്യങ്ങളുമായി യുവാവ് എങ്ങനെയാണ് എത്തിയത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.