അഹമ്മദാബാദ്: അന്തരിച്ച ചലച്ചിത്രകാരന് ശ്യാം ബെനഗലിന്റെ മഹത്തായ സൃഷ്ടിയാണ് ‘മന്ഥന്’. ഗുജറാത്തിലെ പാല് സഹകരണസംഘങ്ങളുടെ മഹത്തായ വിജയം ചിത്രീകരിച്ച ഫീച്ചര്‍ ഫിലിം. മലയാളിയും അമുലിന്റെ നായകനുമായ വര്‍ഗീസ് കുര്യനും ബെനഗലും തമ്മിലുള്ള കൂട്ടുകെട്ടില്‍ പിറന്നതാണ് ആ സിനിമ. ഗുജറാത്തിലെ പാലുത്പാദകരില്നിന്ന് സ്വരൂപിച്ച പത്തുലക്ഷം രൂപകൊണ്ടാണ് മന്ഥന് നിര്‍മിച്ചതെന്ന് വര്‍ഗീസ് കുര്യന് തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്.
ഓപ്പറേഷന് ഫ്ളഡ് എന്ന ധവളവിപ്ലവം അഞ്ചുവര്‍ഷംകൊണ്ട് വിജയമായപ്പോള്‍ അതിന്റെ പ്രചാരണത്തിന് ഒരു സിനിമവേണമെന്ന ആലോചനയുണ്ടായി. റേഡിയസ് അഡ്വട്ടൈസിങ്ങില് പ്രവര്‍ത്തിച്ചിരുന്ന ബെനഗലും കുര്യനും ഇക്കാര്യം ചര്‍ച്ചചെയ്തു. ഡോക്യുമെന്ററിയിലൂടെ സ്ഥിതിവിവരക്കണക്കുകള്‍ പറയാമെങ്കിലും സഹകരണസംഘങ്ങളുടെ രൂപവത്കരണത്തിലെ ഹൃദയസ്പര്‍ശിയായ കഥകള്‍പറയാന്‍ ഒരു ഫീച്ചര്‍ സിനിമതന്നെ വേണമെന്ന് ബെനഗല്‍ നിര്‍ദേശിച്ചു.
”വാസ്തവത്തില്‍ മന്ഥന് നിര്‍മിച്ചത് ഗുജറാത്തിലെ പാലുത്പാദകരായ കര്‍ഷകരാണ്. വ്യവസായവത്കരിക്കപ്പെട്ട ഹിന്ദി സിനിമാമേഖല കള്ളപ്പണത്തിന്റെപേരില് കുപ്രസിദ്ധമാണെന്നിരിക്കെ, മന്ഥന് നിര്‍മിക്കാനാവശ്യമായ പണം മുഴുവന്‍ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനും റേഡിയസും ചേര്‍ന്നുള്ള സംയുക്ത അക്കൗണ്ടില്‍നിന്നാണ് നല്‍കിയിരുന്നത്” – വര്‍ഗീസ് കുര്യന് എഴുതി.
ഗുജറാത്തിലെ അഞ്ചുലക്ഷം കര്‍ഷകര്‍ രണ്ടുരൂപവീതം നല്‍കിയെന്ന് ശ്യാം ബെനഗല്‍ ഏതാനും മാസംമുന്‍പ് അഭിമുഖത്തില്‍ ഓര്‍മ്മിച്ചു. ”അത് കുര്യന്റെ ആശയമായിരുന്നു. സിനിമ ക്ഷീരകര്‍ഷകരെക്കുറിച്ചാണ്. അവര്‍തന്നെ പണംമുടക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു…”
ഒരു പദ്ധതി നടപ്പാക്കാന്പറ്റിയ ആളെ കണ്ടെത്തിയാല്‍ അയാള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുകയെന്ന തന്റെ രീതി ഇവിടെയും കുര്യന് പിന്തുടര്ന്നു. നേരത്തേ ഡോക്യുമെന്ററികള്‍ ചെയ്തയാളെന്ന നിലയില്‍ അമുല്‍ സഹകരണസംഘങ്ങളുടെ വളര്‍ച്ച നേരിട്ടുകണ്ടയാളായിരുന്നു ബെനഗല്‍. അദ്ദേഹം അമുല്‍ സംഘത്തെ നിരാശരാക്കിയില്ല. വിജയ് തെണ്ടുല്‍ക്കര്‍ ഗുജറാത്തിലെ ഗ്രാമങ്ങളില്‍ ആഴ്ചകളോളം താമസിച്ച് തിരക്കഥ കറന്നെടുത്തു. ഒന്പതുമാസംകൊണ്ടാണ് ഷൂട്ടിങ്ങ് പൂര്‍ത്തിയായത്.
അഭിനേതാക്കള്‍ മിക്കവരും പിന്നീട് വെള്ളിത്തിരയില്‍ താരങ്ങളായി. സ്മിതാ പാട്ടില്‍, ഗിരീഷ് കര്‍ണാട്, നസറുദ്ദീന്‍ ഷാ, അമരീഷ് പുരി തുടങ്ങിയവര്‍. 1976-ല്‍ പുറത്തുവന്ന ചിത്രം മികച്ചചിത്രത്തിനുള്ള ദേശീയപുരസ്കാരമുള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകളും പ്രദര്‍ശനവിജയവും നേടി. താന്‍ പിന്നണിയിലേക്ക് മാറിയെന്ന് കുര്യന് വ്യക്തമാക്കിയെങ്കിലും കഥയുടെ ക്രെഡിറ്റ് അദ്ദേഹത്തിനുകൂടിയാണ് നല്‍കിയിരിക്കുന്നത്.
ഗ്രാമങ്ങള്‍തോറും സന്ദര്‍ശിച്ച് ക്ഷീരവിപ്ലവത്തെപ്പറ്റി പ്രചരിപ്പിച്ച അമുലിന്റെ മുന്നണിപ്പോരാളികള്‍ക്ക് മന്ഥന് ഒരു ശക്തമായ ആയുധമായെന്ന് വര്‍ഗീസ് കുര്യന് പറയുന്നു. ആദ്യം എട്ട് എം.എം. കാസറ്റുകളായും പിന്നീട് വീഡിയോചിത്രങ്ങളായും അവര്‍ അത് ഗ്രാമങ്ങളിലെത്തിച്ചു. കഴിഞ്ഞ മേയില്‍ കാന്‍ ഫെസ്റ്റിവല്‍ ക്ലാസിക് വിഭാഗത്തില്‍ മന്ഥന് വീണ്ടും പ്രദര്‍ശിപ്പിച്ചു.
അഭിമുഖത്തില്‍ ശ്യാം ബെനഗല്‍ ഓര്‍മ്മിക്കുന്നു: ”ഞങ്ങള്‍ക്ക് ഒരു പബ്ളിസിറ്റിയും നടത്തേണ്ടിവന്നിട്ടില്ലാത്ത ചിത്രമാണത്. കര്‍ഷകര്‍ അവരുടെ സിനിമയായി ഏറ്റെടുത്തു. അഹമ്മദാബാദിലെയും ബറോഡയിലെയും തീയേറ്ററുകളിലേക്ക് അന്ന് കര്‍ഷകര്‍ കാളവണ്ടികളില്‍ കുടുംബവുമായി ഒഴുകുകയായിരുന്നു…” സഹകരണസംഘങ്ങള്‍ക്ക് വഴിവെട്ടിയ മാനേജ്മെന്റ് വിദഗ്ധനായ വര്‍ഗീസ് കുര്യനും അത് ജനങ്ങളിലെത്തിച്ച കലാകാരനായ ശ്യാം ബെനഗലും കഥാവശേഷരായി. പക്ഷേ, സൃഷ്ടികളിലൂടെ അവര്‍ ജീവിച്ചിരിക്കുന്നു – അമുലും മന്ഥനും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]