കോഴിക്കോട്: പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ കൊടുവള്ളി ഓൺലെെൻ യൂട്യൂബ് ചാനൽ എംഎസ് സൊല്യൂഷൻസ് സിഇഒ എം ഷുഹെെബിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഷുഹെെബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹെെബ് ഇന്നലെ ഹാജരായിരുന്നില്ല.
ഈ സാഹചര്യത്തിൽ വിദേശത്തേക്ക് കടക്കാൻ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നടപടി. മറ്റ് ജീവനക്കാരെയും നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം. ചോദ്യപേപ്പർ ചോർച്ചയിൽ ക്രെെംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷിക്കുന്നത്.
പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഇട്ടത്. ഷുഹെെബിനെ അടക്കം പ്രതിചേർത്തിട്ടുണ്ട്. വിശ്വാസ വഞ്ചന ഉൾപ്പടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ് ക്രെെംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എം എസ് സൊല്യൂഷൻസിനൊപ്പം ചോദ്യങ്ങൾ പ്രവചിച്ച മറ്റു സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനവും പരിശോധിക്കും. എം എസ് സൊല്യൂഷൻ ഓഫീസിൽ നിന്നും പിടിച്ചെടുത്ത മൊബെെൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവയും ഫോറൻസിക് പരിശോധനക്ക് അയക്കും. മൊബെെൽ ഡാറ്റ ഫോർമാറ്റ് ചെയ്ത നിലയിലാണ് പൊലീസിന് ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഓൺലൈൻ സ്ഥാപനങ്ങളുമായി സഹകരിക്കുന്ന അദ്ധ്യാപകരുടെ മൊഴിയെടുക്കും. അദ്ധ്യാപകരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഓൺലൈൻ സെന്ററുകൾക്കായി ചില എയ്ഡഡ് സ്കൂൾ അദ്ധ്യാപകർ ചോദ്യങ്ങൾ തയ്യാറാക്കി നൽകുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതും അന്വേഷിക്കും.