
മികച്ച ഒരുപിടി ഗാനങ്ങളിലൂടെ ആസ്വാദകരുടെ മനംകവർന്ന ഗായകനാണ് അഭിജിത് ഭട്ടാചാര്യ. പിന്നണി ഗാനരംഗത്ത് ഇപ്പോൾ അത്ര സജീവമല്ലാത്ത അഭിജിത് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെക്കുറിച്ച് അമ്പരപ്പിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാനെ അദ്ദേഹത്തിന്റെ സമകാലീനരായ മറ്റുതാരങ്ങൾ കളിയാക്കി വിളിച്ചിരുന്നത് വിക്കുള്ളയാൾ എന്നായിരുന്നെന്നും തന്നോട് നേരിട്ട് ചില താരങ്ങൾ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നുമാണ് അഭിജിത് വെളിപ്പെടുത്തിയത്.
ശുഭാങ്കർ മിശ്രയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഭിജിത് ഭട്ടാചാര്യ ഇക്കാര്യം പറഞ്ഞത്. ഷാരൂഖ് ഖാനുമായി ഏറെക്കാലമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് താരത്തെ രഹസ്യമായി ചിലർ കളിയാക്കിയിരുന്ന കാര്യവും അഭിജിത് ഓർത്തെടുത്തത്. തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ ചില ഗാനങ്ങൾ കേട്ടപ്പോൾ തീരെ ഇഷ്ടമായിരുന്നില്ല. ഗാനരചന ഇഷ്ടപ്പെടാത്തതിനാൽ നിരവധി ഗാനങ്ങൾ ട്രാക്ക് പാടാൻപോലും വിസമ്മതിച്ചു. ഗാനങ്ങളുടെ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കാൻ തുടങ്ങി. ഷാരൂഖ് ഖാനുവേണ്ടിയല്ലാതെ മറ്റാർക്കും പാടില്ലെന്ന് തീരുമാനിച്ചെങ്കിലും അതൊരു പ്രശ്നമായി മാറിയെന്നും അഭിജിത് പറഞ്ഞു.
“സമകാലീനരായ താരങ്ങളിൽ പലരും ഷാരൂഖിനെ വിക്കുള്ളവൻ എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. മേം ഹൂം നാ എന്ന ചിത്രത്തിലെ തുമേ ജോ മേനേ ദേഖാ എന്ന ഗാനത്തിന് അവാർഡ് വാങ്ങാനായി ദുബായിൽ പോയിരുന്നു. പുരസ്കാരം വാങ്ങി വേദിയിൽനിന്നിറങ്ങുമ്പോൾ ഒരു താരം വന്നിട്ടു ചോദിച്ചു, നിങ്ങൾ സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആ ആൾക്കുവേണ്ടിയാണോ പാടിയതെന്ന്. ഞാൻ ശരിക്കും ഞെട്ടി. അവരെന്തിനാണ് അസൂയപ്പെടുന്നതെന്ന് ഞാൻ ചിന്തിച്ചു. ഞാൻ പാടിയതിനാണ് എനിക്ക് അവാർഡ് കിട്ടിയത്.” അഭിജിത് പറഞ്ഞു.
ഈ സംഭവത്തോടെ പിന്നണി പാടാനുള്ള താത്പര്യം കുറഞ്ഞുവന്നെന്നും അഭിജിത് ചൂണ്ടിക്കാട്ടി. സംഗീത പരിപാടികളിൽ ശ്രദ്ധകൊടുക്കാനായിരുന്നു തീരുമാനം ഇന്നും അത് തുടരുന്നുവെന്നും അഭിജിത് കൂട്ടിച്ചേർത്തു. ചൽത്തേ ചൽത്തേയിലെ തോബാ തുമാരാ ഇഷാരാ, യെസ് ബോസിലെ ചാന്ദ് താരേ, ദിൽവാലിയാ ദുൽഹനിയാ ലേ ജായേംഗേയിലെ സരാ സാ ഝൂം ലൂം മേ തുടങ്ങിയവയാണ് അഭിജിത്തിന്റെ കരിയറിലെ ചില ഹിറ്റ് ഗാനങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]