
സ്വന്തം ലേഖകൻ
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ രാജസ്ഥാന് റോയല്‍സിന് മൂന്ന് റണ്‍സിന്റെ നാടകീയ ജയം. അവസാന രണ്ട് ഓവറുകളില്‍ 40 റണ്‍സ് വേണ്ടിയിരുന്ന മത്സരത്തില്‍ ധോണിയും ജഡേജയും പരമാവധി ശ്രമിച്ചെങ്കിലും ലക്ഷ്യത്തിന് മൂന്ന് റണ്‍സകലെ വീഴുകയായിരുന്നു. അവസാന ഓവറില്‍ രണ്ട് സിക്സറുകളടിച്ച് ധോണി ചെന്നൈക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല. രാജസ്ഥാന് ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
അപകടകരമായി മുന്നേറിയ ഈ കൂട്ടുകെട്ട് രഹാനെയെ പുറത്താക്കിയ ആര് അശ്വിനാണ് പൊളിച്ചത്. 19 പന്തില്‍ 31 റണ്‍സെടുത്ത രഹാനെയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് അശ്വിന് തിരിച്ച് കയറ്റിയത്. രണ്ടാം വിക്കററ്റില്‍ 68 റണ്‍സാണ് കോണ്‍വേ-രഹാനെ സഖ്യം നേടിയത്. പിന്നാലെ ശിവം ദുബെ (9 പന്തില്‍ 8), മൊയിന്‍ അലി (10 പന്തില്‍ 7), അമ്പാട്ടി റായിഡു (2 പന്തില്‍ 1) എന്നിവര്‍ മടങ്ങിയതോടെ ചെന്നൈ 14.1 ഓവറില്‍ 103 റണ്‍സ് എന്ന നിലയിലായി.
തുടർന്ന് ജഡേജയും ധോണിയും ക്രീസിൽ ഒന്നിച്ചു. ഇവർക്ക് നേരെയും സ്പിൻ കെണിയാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ഒരുക്കിയത്. സ്പിന്നർമാരെ വിദഗ്ധമായി നേരിട്ട ധോണിയും ജഡേജയും മോശം പന്തുകൾ തെരഞ്ഞ് പിടിച്ച് അടിക്കാൻ തുടങ്ങി. അവസാന ഓവറിൽ 21 റൺസായിരുന്നു ചെന്നൈക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്.
അവസാന ഓവറിൽ രണ്ട് സിക്സുകളുമായി ധോണി കളം നിറഞ്ഞെങ്കിലും മൂന്ന് റൺസിനകലെ ചെന്നൈ വീഴുകയായിരുന്നു. ധോണി 17 പന്തിൽ 32 റൺസുമായും ജഡേജ 15 പന്തിൽ 25 റൺസുമായും പുറത്താകാതെ നിന്നു. രാജസ്ഥാനായി അശ്വിൻ, ചഹൽ എന്നിവർ രണ്ട് വിക്കറ്റ് വീഴത്തിയപ്പോൾ സന്ദീപ് ശർമ, ആദം സാംപ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
അടിച്ച് തകർത്ത് ജോസ് ബട്ലർ: നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാന് റോയല്‍സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 175 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി കണ്ടെത്തിയ ജോസ് ബട്ലറാണ് ടീമിന്റെ ടോപ് സ്കോറര്‍. 36 പന്തില്‍ മൂന്ന് സിക്സും ഒരു ഫോറും സഹിതം 52 റണ്‍സാണ് ബട്ലര് നേടിയത്.
രാജസ്ഥാന്റേത് ഭേദപ്പെട്ട തുടക്കമായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സാണ് പവര്‍പ്ലേയില്‍ സംഘത്തിന് നേടാന്‍ കഴിഞ്ഞത്. ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യം വീണത്. ആദ്യ ഓവറില്‍ ആകാശ് സിങ്ങിനെതിരെ ഇരട്ട ബൗണ്ടറികളുമായാണ് ജയ്സ്വാള്‍ തുടങ്ങിയത്.എന്നാല്‍ തൊട്ടടുത്ത ഓവറില്‍ തുഷാർ ദേശ്പാണ്ഡെ താരത്തെ തിരിച്ച് കയറ്റി. എട്ട് പന്തില്‍ 10 റണ്‍സെടുത്ത ജയ്സ്വാളിനെ ശിവം ദുബെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച് ദേവദത്ത് പടിക്കലും ജോസ് ബട്ലറും രാജസ്ഥാനെ മുന്നോട്ട് നയിച്ചു. കഴിഞ്ഞ മത്സരങ്ങളില്‍ താളം കണ്ടെത്താന്‍ കഴിയാതിരുന്ന പടിക്കലിന് പവര്‍പ്ലേയില്‍ കൂടുതല്‍ അവസരം നല്കിക്കൊണ്ടായിരുന്നു ബട്ലര് കളിച്ചത്.
26 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 38 റണ്‍സെടുത്ത് നില്‍ക്കെ ഒമ്പതാം ഓവറിന്റെ മൂന്നാം പന്തിലാണ് പടിക്കല്‍ മടങ്ങുന്നത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ ഡെവോണ്‍ കോണ്‍വെയാണ് താരത്തെ പിടികൂടിയത്. നാലാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണേയും തിരിച്ച് കയറ്റിയ ജഡേജ രാജസ്ഥാന് ഇരട്ട പ്രഹരം നല്കി.
രണ്ട് പന്തുകള്‍ നേരിട്ട സഞ്ജുവിന് അക്കൗണ്ട് തുറന്നിരുന്നില്ല. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജു റണ്ണെടുക്കാതെ പുറത്താവുന്നത്. പിന്നീടെത്തിയ അശ്വിനൊപ്പം ചേര്‍ന്ന ബട്ലര് 12-ാം ഓവറില്‍ രാജസ്ഥാനെ നൂറ് കടത്തി. അശ്വിന് പിടിച്ച് നില്ക്കാന് ശ്രമിച്ചപ്പോള്‍ രാജസ്ഥാന്റെ സ്കോര്‍ ബോര്‍ഡില്‍ കാര്യമായ വേഗമുണ്ടായിരുന്നില്ല.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]