
കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. സംഭവം നടന്നിട്ട് 17 വർഷമായെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും അന്തസുണ്ടെന്നും രാജ്യം പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും വ്യക്തമാക്കി.
നേരത്തെ നവംബർ 21 വരെ ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതേ ഹർജിയിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചത്. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ബാലചന്ദ്ര മേനോൻ വാദിച്ചത്.
‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. ഷൂട്ടിങ് ലൊക്കേഷനില്‍ വിളിച്ചുവരുത്തുകയും ശേഷം ഹോട്ടലില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയിലുള്ളത്. ഭയം കാരണമാണ് ഇത്രയും നാള് പറയാതിരുന്നതെന്നാണ് നടി പറഞ്ഞത്.
ഇതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിൽകൂടി അപകീർത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ബാലചന്ദ്രമേനോൻ ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരേയും നടിയുടെ അഭിഭാഷകനെതിരേയും ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാലചന്ദ്രേമനോനെതിരേ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ഇത് തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നും ഇതിൽ നടപടി വേണമെന്നും ബാലചന്ദ്രമേനോൻ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]