
സ്വന്തം ലേഖകൻ
മലപ്പുറം: എലത്തൂര്‍ ട്രെയിന്‍ തീവെയ്പിന് പിന്നില്‍ കോഴിക്കോട്ട് ഒരു വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ വല്ല പദ്ധതിയും ആയിരുന്നോയെന്ന് സംശയം ഉന്നയിച്ച് കെടി ജലീല്‍ എംഎല്‍എ. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരും കണ്ണൂരും ‘ഇങ്ങെടുക്കാന്‍’ ആരെങ്കിലും നടത്തിയ ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നോ എലത്തൂരിലെ തീയ്യിടല്‍? സൈഫിയെ ആരെങ്കിലും വിലക്കെടുത്ത് ചെയ്യിച്ചതാണോ പ്രസ്തുത പൈശാചിക കൃത്യമെന്നും ജലീല്‍ ചോദിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ജലീലിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപമിങ്ങനെ
രാമനവമി ദിനത്തില്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് പശുക്കളെ അറുത്ത സംഭവത്തില്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ഭാരത് ഹിന്ദു മഹാസഭയിലെ നാലു പ്രവര്‍ത്തകരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു.
ആഗ്രയിലെ എത്മദുദ്ദൗലയിലെ ഗൗതം നഗറില്‍ പശുവിനെ അറുത്തശേഷം നാലു മുസ്ലിം യുവാക്കള്‍ക്കെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുസ്ലിം യുവാക്കള്‍ക്കെതിരായ പരാതി വ്യാജമാണെന്നും പിന്നില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും കണ്ടെത്തി.
ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് സഞ്ജയ് ജാട്ടാണത്രെ പ്രധാന സൂത്രധാരന്‍. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളും അനുയായികളും മെഹ്താബ് ബാഗില്‍ മാര്‍ച്ച് 29ന് രാത്രി പശുവിനെ അറുക്കുകയായിരുന്നു. പിന്നാലെ പാര്‍ട്ടി പ്രവര്ത്തകന് ജിതേന്ദ്ര കുശ്വാഹയോട് പൊലീസില്‍ പരാതി നല്കാന് നിര്‍ദേശിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധ പ്രകടനവും നടത്തി.
മുഹമ്മദ് റിസ്വാന്, മുഹമ്മദ് നകീം, മുഹമ്മദ് ഷാനു, ഇമ്രാന് ഖുറൈശി എന്നിവരെ പ്രതി ചേര്‍ത്താണ് പൊലീസില്‍ പരാതി നല്‍കിയത്. തൊട്ടടുത്ത ദിവസം ഇമ്രാനെയും ഷാനുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. കേസില്‍ ഇവര്‍ക്ക് പങ്കില്ലെന്നും വ്യാജ പരാതിയിലൂടെ വര്‍ഗീയ കലാപമായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും ആഗ്ര ചത്ത മേഖലയിലെ അഡീഷണല്‍ പൊലീസ് കമീഷണര്‍ ആര്.കെ സിംഗ് വെളിപ്പെടുത്തി.
ട്രൈന്‍ കത്തിക്കാന്‍ സൈഫി എന്തിനാണ് ഡല്‍ഹിയില്‍ നിന്ന് ദീര്‍ഘ ദൂരം യാത്ര ചെയ്ത് ‘കോഴിക്കോട്ടെത്തിയത്’?
അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരും കണ്ണൂരും ‘ഇങ്ങെടുക്കാന്‍’ ആരെങ്കിലും നടത്തിയ ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നോ എലത്തൂരിലെ തീയ്യിടല്‍?
കോഴിക്കോട്ട് ഒരു വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ വല്ല പദ്ധതിയും ട്രൈന്‍ കത്തിക്കലിന് പിന്നില്‍ ഉണ്ടായിരുന്നോ?
സൈഫിയെ ആരെങ്കിലും വിലക്കെടുത്ത് ചെയ്യിച്ചതാണോ പ്രസ്തുത പൈശാചിക കൃത്യം?
വരാന്‍ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുഖത്ത് വെച്ച് ഇത്തരമൊരു സംഭവം അരങ്ങേറാന്‍ പ്രത്യേക കാരണം വല്ലതുമുണ്ടോ?
ആഗ്രയിലെ ”പശുവിനെ അറുത്ത്’ കലാപം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ യാഥാര്‍ത്ഥ്യം പുറത്തായി കുറ്റവാളികള്‍ കയ്യോടെ പിടികൂടപ്പെട്ട സാഹചര്യത്തില്‍ മേല്‍ ചോദ്യങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുന്നുണ്ട്? എലത്തൂര്‍ അന്വേഷണ സംഘം ഇവകൂടി പരിശോധിക്കണം.
The post ‘തൃശൂരും കണ്ണൂരും ‘ഇങ്ങെടുക്കാന്‍’ ആരെങ്കിലും നടത്തിയ ഗൂഢപദ്ധതിയാണോ എലത്തൂരിലെ തീയ്യിടല്‍? അന്വേഷിക്കണമെന്ന് കെ ടി ജലീല്‍ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]