
.news-body p a {width: auto;float: none;}
തിരുവനന്തപുരം: അങ്കണവാടിയിൽ വീണ് പരിക്കേറ്റ മൂന്ന് വയസുകാരി ഗുരുതരാവസ്ഥയിൽ. മാറനല്ലൂർ സ്വദേശികളായ രതീഷ് – സിന്ധു ദമ്പതികളുടെ മകൾ വെെഗയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കുഞ്ഞ് നിലവിൽ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. വീണ കുഞ്ഞിനെ ആശുപത്രയിലെത്തിക്കാനോ പ്രാഥമിക ശുശ്രൂഷ പോലും നൽകാനോ അങ്കണവാടിയിലെ ജീവനക്കാർ തയ്യാറായില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.
വ്യാഴാഴ്ച വെെകുന്നേരം പതിവ് പോലെ മകളെ മാറനല്ലൂരിലുള്ള അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് പിതാവ് രതീഷ് ആണ് കൂട്ടികൊണ്ടുവന്നത്. കുഞ്ഞ് തീർത്തും ക്ഷീണിതയായിരുന്നു. അൽപസമയത്തിന് ശേഷം ഛർദ്ദിക്കാനും തുടങ്ങി. വെെഗയുടെ ഇരട്ട സഹോദരനും അതേ അങ്കണവാടിയിലാണ് പഠിക്കുന്നത്. സഹോദരനാണ് വെെഗ ഉച്ചയ്ക്ക് അങ്കണവാടിയിൽ ജനലിൽ നിന്ന് വീണ വിവരം പറഞ്ഞത്.
കുട്ടിയുടെ അമ്മ പരിശോധിച്ചപ്പോൾ തലയുടെ പുറക് വശം മുഴച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കണ്ടലയിലെ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം എസ്എടിയിലും കുട്ടിയെ എത്തിച്ചു. കുഞ്ഞിന്റെ സ്പെെനൽ കോഡിന് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടർ പറയുന്നത്. തലയിൽ അന്തരിക രക്തസ്രാവവുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സംഭവത്തെക്കുറിച്ച് അങ്കണവാടി അദ്ധ്യാപികയോട് ചോദിച്ചപ്പോൾ കസേരയിൽ നിന്ന് കുഞ്ഞ് വീണിരുന്നുവെന്നും രക്ഷിതാക്കളോട് പറയാൻ മറന്നു പോയിയെന്നുമായിരുന്നു മറുപടിയെന്ന് മാതാപിതാക്കൾ പറയുന്നു. മാറനല്ലൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ ആകെ ആറ് കുട്ടികളാണുള്ളത്. ഇവരെ പരിചരിക്കാൻ അദ്ധ്യാപികയും ആയയുമാണുള്ളത്. കുട്ടി വീണിരുന്നുവെന്നും എന്നാൽ അങ്കണവാടിയിൽ വച്ച് കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നുവെന്നും അദ്ധ്യാപിക പറയുന്നു.