
സംവിധായകനാകാൻ വേണ്ടി മാത്രം സിനിമയിലെത്തിയതായിരുന്നു ബേസിൽ ജോസഫ്. മോഹിച്ചതുപോലെ പത്തുവർഷത്തിനിടയിൽ മൂന്നു സിനിമകൾ സംവിധാനംചെയ്തു. കുഞ്ഞിരാമായണവും ഗോദയും മിന്നൽ മുരളിയും എക്കാലത്തെയും ഹിറ്റുകളായി മാറി. പക്ഷേ, ക്യാമറയ്ക്കു പിന്നിൽ മാത്രമായൊതുങ്ങിയില്ല ആ ‘ബേസിൽ ബ്രില്യന്റ്സ്’. താൻ സംവിധാനംചെയ്ത സിനിമകളിലെ ചെറുവേഷങ്ങൾ അതിമനോഹരമാക്കിയ ബേസിൽ എന്ന നടന്റെ കരിയർ ഗ്രാഫിൽ ഇന്ന് നാല്പതിലധികം സിനിമകളും ജനപ്രിയ കഥാപാത്രങ്ങളുമുണ്ട്. കാരക്ടർ റോളുകളും നായക കഥാപാത്രങ്ങളും ഒരുപോലെ മികച്ചതാക്കുന്ന ബേസിൽ ജോസഫ് ഇന്ന് വിജയങ്ങളുടെ ഓൾറൗണ്ടറാണ്. ഈവർഷം അവസാനിക്കാറാവുമ്പോൾ മറ്റൊരു ഹിറ്റുമായി എത്തിയിരിക്കുകയാണ് ബേസിലും ഒപ്പം നസ്രിയയും. ഇരുവരും ആദ്യമായി ഒന്നിച്ചചിത്രമാണ് എം.സി. ജിതിൻ സംവിധാനം ചെയ്ത സൂക്ഷ്മദർശിനി. ഹാപ്പി ഹവേഴ്സ് എന്റർടെയ്ൻമെന്റ്സിന്റെയും എ.വി.എ. പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ.വി. അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. സൂക്ഷ്മദർശിനി മാത്രമല്ല, ബേസിൽ-നസ്രിയ ടീമിന്റെ പ്രമോഷൻ അഭിമുഖങ്ങൾവരെ വൈറലായി ഓടുന്നതിനിടെ ബേസിൽ സന്തോഷം പങ്കിടുന്നു.
ഈ വർഷം ബേസിലിന്റെ സാന്നിധ്യമില്ലാത്ത സിനിമകൾ വളരെ കുറവാണ്. സൂക്ഷ്മദർശിനിയിൽ ബേസിലിനെ ആവേശം കൊള്ളിച്ചത് എന്താണ്
= രണ്ട് കാര്യങ്ങളാണ്, ഒന്ന് ഇതിന്റെ കഥ, പിന്നെ ഒരിക്കലും പ്രതീക്ഷിക്കാത്ത കാസ്റ്റിങ് കോമ്പോ. അത് വർക്കൗട്ടായി വന്നപ്പോൾ വളരെ എക്സൈറ്റിങ്ങായിത്തോന്നി. ഇതുവരെ ഞാൻ ചെയ്തിട്ടുള്ള ലീഡ് റോളിലെത്തിയ സിനിമകളിൽ എനിക്ക് ഏറ്റവും പ്രതീക്ഷയുള്ള ഒന്നാണ് സൂക്ഷ്മദർശിനി. എന്റെ കംഫർട്ട് സോണിന് പുറത്തുനിൽക്കുന്ന കഥാപാത്രമാണ്. ഈ സിനിമ ഏറ്റെടുക്കാനുള്ള പ്രധാനകാരണംതന്നെ അതാണ്. സൂക്ഷ്മദർശിനി എന്നപേരിലൂടെ നസ്രിയയുടെ കഥാപാത്രത്തെ വിവരിക്കാനാവും. എല്ലാം ശ്രദ്ധിച്ച് കാണുകയും കേൾക്കുകയും ചെയ്യുന്ന, ഒരു സാധാരണക്കാരിയുടെ സാഹസികതകളാണ് സിനിമ പറയുന്നത്. നസ്രിയയുടെ അയൽവാസിയായി എന്റെ കഥാപാത്രമെത്തുന്നിടത്താണ് കഥയുടെ ഗതി മാറുന്നത്. പിന്നെ അതൊരു ത്രില്ലർ സിനിമയായി ഷിഫ്റ്റ് ചെയ്യപ്പെടുന്നു. ‘90 കിഡ്സ്’ വീട്ടമ്മമാരായി മാറുമ്പോഴുള്ള രസകരമായ മുഹൂർത്തങ്ങൾ സിനിമ പറയുന്നുണ്ട്. നസ്രിയയ്ക്കൊപ്പം അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ് എന്നിവരൊക്കെ ആ ഗ്രൂപ്പിലുണ്ട്.
ബേസിലും നസ്രിയയും ബിഗ്സ്ക്രീനിൽ ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകളെറെയാണ്…
= ഓഫ്സ്ക്രീനിലെ ഞങ്ങളുടെ കുസൃതിയും അലമ്പുമൊന്നുമല്ല സിനിമയിലുള്ളത്. വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളാണ്. പക്ഷേ, സിനിമയുടെ പ്രോസസ് വളരെ രസമായിരുന്നു. ഞങ്ങളുടെ സ്വഭാവത്തിൽ സാമ്യതകളേറെയുണ്ട്. ഒരേ എനർജിയാണ്. ‘തമ്മിൽ കണ്ടുമുട്ടാൻ വൈകിപ്പോയി, എവിടെയായിരുന്നു ഇത്രയുംകാലം’ എന്ന് പരസ്പരം ചോദിക്കാറുണ്ടായിരുന്നു. സൂക്ഷ്മദർശിനിയുടെ സെറ്റിൽവെച്ചാണ് നസ്രിയയെ ആദ്യമായി കാണുന്നത്. അതുവരെ ഇൻസ്റ്റഗ്രാമിൽ മെസേജ് അയക്കുകയും സുഹൃത്തുക്കൾ വഴി പരസ്പരം അറിയുകയും കേൾക്കുകയും മാത്രമേ ചെയ്തിരുന്നുള്ളൂ. നിങ്ങൾ ഒന്നിച്ച് ഒരു സിനിമ ചെയ്യണമെന്ന് എന്നാടും നസ്രിയയോടും സുഷിനും ശ്യാം പുഷ്കരനും ദിലീഷ് പോത്തനുമൊക്കെ പലതവണ പറഞ്ഞിട്ടുണ്ട്. ഇവരൊക്കെ അതിനുള്ള ശ്രമങ്ങൾ മുൻപ് നടത്തിയിട്ടുമുണ്ട്. സൂക്ഷ്മദർശിനിയിലൂടെ അത് നടന്നു. വ്യക്തിപരമായും അവരവരുടെ വർക്കിനോടുമുള്ള ബഹുമാനം രണ്ടുപേർക്കുമുണ്ട്. എങ്കിൽപ്പോലും ലൊക്കേഷനിലെത്തിയാൽ പരസ്പരം അടിപിടി ബഹളമായിരുന്നു. ഒരുതരത്തിലും മറ്റെയാളെ പ്രോത്സാഹിപ്പിക്കില്ല. എന്ത് ചെയ്താലും ‘നല്ല ബോറായിട്ടുണ്ട്’ അല്ലെങ്കിൽ ‘വളരെ മനോഹരമായിരിക്കുന്നു നിന്റെ അഭിനയം’ എന്നൊക്കെ കളി പറയും. ചിലപ്പോൾ അമ്പത് ടേക്ക് ഒക്കെ പോകും. അപ്പോൾ ‘ഞാൻപോയി ഉറങ്ങിയിട്ട് വരാം’ എന്നൊക്കെ പറഞ്ഞ് വെറുപ്പിക്കും. പരസ്പരം അപമാനങ്ങളൊക്കെ വാങ്ങിക്കൂട്ടും. ചില സിനിമകൾ ചെയ്യുമ്പോൾ വർക്കിന് പോകുന്നപോലെയൊക്കെ തോന്നും. പക്ഷേ, ഇന്ന് അവളെ എങ്ങനെ ശരിയാക്കും അവളുടെ അറ്റാക്കിനെ എങ്ങനെ പ്രതിരോധിക്കാം എന്നൊക്കെ പ്ലാൻ ചെയ്താണ് ഈ ലൊക്കേഷനിലേക്കുപോകുക. ഞാൻ ഏറ്റവും കംഫർട്ടബിളായി വർക്ക് ചെയ്ത കോ-ആക്ട്രസാണ് നസ്രിയ.
മുമ്പ് ‘ജയജയജയജയ ഹേ’ ഇപ്പോൾ സൂക്ഷ്മദർശിനി…നായികാപ്രാധാന്യമുള്ള സിനിമകളിൽ വളരെ മികവുറ്റ പ്രകടനത്തിലൂടെ സിനിമയെ അപ്ലിഫ്റ്റ് ചെയ്യാൻ ബേസിലിന് കഴിയുന്നുണ്ട്. ഇത്തരം കഥാപാത്രങ്ങൾ ബോധപൂർവം തിരഞ്ഞെടുക്കുന്നതാണോ
= കഥാപാത്രങ്ങൾ കിട്ടുമ്പോൾ ആത്യന്തികമായിട്ട് സിനിമ നല്ലതാവണം എന്നുമാത്രമേ ഞാൻ ചിന്തിക്കാറുള്ളൂ. ആ സിനിമയ്ക്കുവേണ്ടി പുതുതായി എനിക്ക് എന്തുചെയ്യാൻ പറ്റും എന്ന് ആലോചിക്കാറുണ്ട്. സിനിമ എന്തെങ്കിലും വിഷയം സംസാരിക്കുന്നുണ്ടോ, കഥാപാത്രം വർക്കാവുന്നുണ്ടോ എന്നതിനൊക്കെയാണ് മുൻഗണന. അതല്ലാതെ, നായികയുടെ ഇടി വാങ്ങിക്കുന്നുണ്ടോ, ഇമേജിനെ ബാധിക്കൂലേ… ഇതൊന്നും ചിന്തിക്കാറേയില്ല. പിന്നെ, എന്റെ മൊത്തത്തിലുള്ള ശരീരഭാഷയും മാനറിസവും വെച്ചുനോക്കുമ്പോൾ മസ്കുലിനായിട്ടുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ശ്രമിച്ചാലും അത് വർക്കാവില്ല, കോമഡിയായിപ്പോകും. മറിച്ച് ജയജയജയജയ ഹേയിലെ കഥാപാത്രത്തെപ്പോലുള്ളവ ചെയ്യുമ്പോൾ അത് മറ്റൊരുരീതിയിൽ സ്വീകരിക്കപ്പെടും. ഇത്തരം കഥാപാത്രങ്ങൾ ചെയ്യാൻ ആരെങ്കിലും മുന്നോട്ടുവരുന്നതുകൊണ്ടാണല്ലോ സിനിമകൾ സംഭവിക്കുന്നത്. അങ്ങനെയൊരു സാധ്യത കാണാൻ പറ്റിയാൽ ഇത്തരത്തിലുള്ള ജഡ്ജ്മെന്റിനെപ്പറ്റി ആകുലപ്പെടേണ്ടതില്ല എന്നു തോന്നുന്നു.
ഒരു പ്രോജക്ടിലേക്ക് കടക്കുമ്പോൾ അവിടെ നടക്കുന്ന ക്രിയേറ്റീവ് പ്രോസസിനെ സംവിധായകൻ എന്ന നിലയിലാണോ അതോ നടനെപ്പോലെയാണോ നോക്കിക്കാണുന്നത്
= ഈ സിനിമ തുടങ്ങിയപ്പോൾതൊട്ട് ഞാൻ കൂടെയുണ്ട്. മിന്നൽമുരളിയുടെ ഛായാഗ്രാഹകൻ സമീർ താഹിർ ആയിരുന്നു. അപ്പോൾ അദ്ദേഹവും ഷൈജുഖാലിദും ചേർന്ന് നിർമിക്കാനിരിക്കുന്ന സിനിമ എന്നനിലയിൽ പല പ്രാവശ്യം സൂക്ഷ്മദർശിനിയെപ്പറ്റി പറഞ്ഞിട്ടുണ്ട്. സംവിധായകൻ എം.സി.യെയും തിരക്കഥാകൃത്തുക്കളായ ലിബിനെയും അതുലിനെയും ഞാൻ ഷോർട്ട് ഫിലിംചെയ്യുന്ന കാലംതൊട്ടേ അറിയും. ഞാൻ ആവേശത്തോടെ നോക്കിക്കണ്ടൊരു സിനിമയായിരുന്നു. പക്ഷേ, അതിനുശേഷം പല ആർട്ടിസ്റ്റുമാരും മാറിമറിഞ്ഞുവന്നു. മൂന്നുനാല് വർഷത്തിനുശേഷം അതിലേക്ക് ഞാൻ ആക്ടറായിട്ട് പ്ലേസ് ചെയ്യപ്പെടുകയായിരുന്നു. അതിലെ അഭിനേതാവായി കഥ കേട്ട സന്ദർഭത്തിൽ ആവേശം കൂടി. അതിൽ ഏറ്റവും പുതിയ കാസ്റ്റിങ്ങായിട്ടാണ് നസ്രിയ വന്നത്. എല്ലാംകൊണ്ടും സൂക്ഷ്മദർശിനി വിശേഷപ്പെട്ടതാണ്. ഇതിനുപിന്നാലെ പ്രാവിൻകൂട് ഷാപ്പ്, മരണമാസ്, പൊൻമാൻ…എന്നീ സിനിമകൾകൂടി റിലീസാവാനുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]