
.news-body p a {width: auto;float: none;}
തിരുവനന്തപുരം: ഗർഭിണിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരിൽ ഭർത്താവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. വർക്കല താലൂക്ക് ആശുപത്രിയിൽ നടന്ന സംഭവത്തിൽ പത്തനംതിട്ട സ്വദേശി ലിജു ആണ് വർക്കല പൊലീസിന്റെ പിടിയിലായത്. നഗരൂർ സ്വദേശി അക്ബർ ഷായാണ് പ്രതിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ രാത്രിയാണ് സംഭവം. ഗർഭിണിയായ ഭാര്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അവരെയും കൂട്ടി അക്ബർ ഷാ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിയത്. യുവതിയെ അവിടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രാത്രി പന്ത്രണ്ടരയോടെ കയ്യിൽ മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിയ ലിജു ആശുപത്രി ജീവനക്കാരുമായി വഴക്കിട്ടു. ഇതിനിടെ അക്ബർ ഷായുടെ ഭാര്യയെയും അസഭ്യം പറഞ്ഞു. തുടർന്ന് അക്ബർ ഷാ ഇത് ചോദ്യം ചെയ്യുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഉടനെ പുറത്തേക്ക് പോയ ലിജു പിന്നീട് കയ്യിൽ കത്രിക പോലെയുള്ള ആയുധവുമായി തിരികെയെത്തിയാണ് അക്ബർ ഷായുടെ നെഞ്ചിലും കയ്യിലും കുത്തിയത്. ആക്രമണത്തിൽ അക്ബർ ഷായുടെ ശ്വാസകോശത്തിന് മുറിവേറ്റു. ഗുരുതരാവസ്ഥയിലായ അക്ബർ ഷാ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം കടന്നുകളയാൻ ശ്രമിച്ച പ്രതിയെ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. വർക്കല ക്ഷേത്രം റോഡിലെ ഒരു ഹോട്ടലിൽ ജീവനക്കാരനാണ് പ്രതി. ചങ്ങനാശേരി പൊലീസിലും ഇയാള്ക്കെതിരെ കേസുണ്ട്.