
കോഴിക്കോട്: നൈറ്റ് പട്രോളിങ്ങിനിടെ കോഴിക്കോട് പൊലീസുകാരെ ആക്രമിച്ച രണ്ട് യുവാക്കള്‍ പിടിയിലായി. എലത്തൂർ സ്വദേശികളായ അബ്ദുൾ മുനീർ, അൻസാർ എന്നിവരെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്. ഇവര്‍ക്ക് ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.
കോഴിക്കോട് അരയിടത്ത്പാലം – എരഞ്ഞിപ്പാലം റോഡിൽ ബീവറേജ് ഔട്ട്ലെറ്റിന് സമീപം വെച്ചാണ് പുലർച്ചെ രണ്ട് മണിയോടെ നൈറ്റ് പട്രോളിങ്ങിനിറങ്ങിയ പൊലീസുകാർക്ക് നേരെ ആക്രമണം നടന്നത്. കേസുമായി ബന്ധപ്പെട്ട് പോകുന്നതിനിടെ പൊലീസുകാർ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പേരെ റോഡരികിൽ കാണുകയായിരുന്നു. ഇത് അന്വേഷിക്കാനിറങ്ങിയപ്പോഴാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 3 പൊലീസുകാരെ ആക്രമിച്ചത്. നടക്കാവ് സ്റ്റേഷനിലെ നവീൻ, രതീഷ്, ഷിജിത്ത് എന്നീ പൊലീസുകാർക്കാണ് പരുക്കേറ്റത്. നവീന്റെ ചെവിക്ക് താക്കോൽ കൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചു. പിടികൂടാനുള്ള ശ്രമത്തിനിടെ കാർ ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു.
Also Read: ക്ഷേത്ര ഭാരവാഹികളുടെ വീട് ആക്രമിച്ചു, സിപിഐയുടെ പാർട്ടി ഓഫീസ് തകർത്തു; 11 അംഗ ക്രിമിനൽ സംഘം പിടിയിൽ
യുവാക്കൾ ലഹരി ഉപയോഗിച്ചിരുന്നെന്നാണ് നിഗമനം. ഇക്കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്. നഗരത്തിലെ സിസി ടിവികൾ അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ അബ്ദുൾ മുനീർ, അൻസാർ എന്നിവർ പിടിയിലായത്. എലത്തൂരില്‍ വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]