ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനേക്കുറിച്ച് ചെറുതും വലുതുമായി 350 ഓളം സിനിമയില്‍ അഭിനയിച്ച താരമെന്ന നിലയില്‍ താങ്കളുടെ അഭിപ്രായമെന്താണ്?
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉദ്ദേശിച്ച ഫലത്തേക്കാള്‍ ദോഷമാണ് സിനിമാ മേഖലയില്‍ ഉണ്ടാക്കിയത്. സിനിമാ മേഖല മൊത്തം മോശമാണെന്ന് ജനങ്ങള്‍ക്കിടയില്‍ വന്നു. സമൂഹത്തിലെ വൃത്തികേടുകളും ഗുണഗണങ്ങളും മാത്രമേ സിനിമയിലുമുള്ളൂ. സിനിമയ്ക്ക് മാത്രം വൃത്തികേടില്ല.
താരസംഘടനയായ അമ്മയേക്കുറിച്ചുള്ള അഭിപ്രായം?
ഒരുപാട് നല്ല കാര്യങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചെയ്യുന്ന സംഘടനയാണ് അമ്മ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അമ്മ ചെയ്ത കാര്യങ്ങളെല്ലാം അപ്രസക്തമാക്കാന് ശ്രമം നടന്നു.അമ്മയെ മോശമായി ചിത്രീകരിച്ചു. ഹേമ കമ്മിറ്റി സിനിമാ ഫീല്‍ഡില്‍ മാത്രം പോര. മോശമായ കാര്യങ്ങള്‍ രാഷ്ട്രീയ രംഗത്തും നടക്കുന്നുണ്ട്. സ്ത്രീയുംപുരുഷനും ഉള്ളിടത്തെല്ലാം പലതും നടക്കും. അധികവും പരസ്പര സഹകരണത്തോടെയാണ്. നടി ശാരദയുടെ വാക്കുകള്‍ ഓര്‍ക്കണം.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ ഭയക്കുന്ന നിരവധി കഥാപാത്രങ്ങളെ താങ്കള്‍ അവതരിപ്പിച്ചു. നിരവധി നടിമാരുമായി അഭിനയിച്ചു. കുറ്റബോധം തോന്നുന്ന എന്തെങ്കിലും തെറ്റുകള്‍ ചെയ്തിട്ടുണ്ടോ?
എന്റെ ഭാര്യയായിരുന്നു എനിക്കെല്ലാം. അവള് എന്നെ വിട്ടു ഈ ലോകത്തോട് വിട പറഞ്ഞു. ചീത്ത അനുഭവങ്ങള്‍ എനിക്കില്ല. എന്റെ മടിയില്‍ കനമില്ല. അതിനാല്‍ എനിക്ക് മറച്ചുവെക്കാന്‍ ഒന്നുമില്ല. ഭയവുമില്ല.
സിനിമാ മേഖലയില്‍ പഴയതില്‍നിന്ന് വ്യത്യസ്തമായി താങ്കള്‍ കാണുന്ന പുതിയ മാറ്റങ്ങള്‍?
സമൂഹത്തിലെ മൂല്യച്യുതികള്‍ മുഴുവന്‍ സിനിമയിലുമുണ്ടാകും. സമൂഹത്തിലെ മാറ്റങ്ങളും സിനിമയില്‍ കാണും. സമൂഹവുമായി ബന്ധമില്ലാത കാലത്തിന് മുമ്പേ നടന്നു പോയ ദുര്ലഭം സിനിമകള്‍ മാത്രമേ ഉള്ളൂ.
പ്രായം താങ്കള്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ക്ക് തടസം നില്ക്കുന്നുണ്ടോ?
നടന്മാര്ക്ക് പറ്റിയ കഥാപാത്രത്തിനനുസരിച്ചാണ് അവസരം ലഭിക്കുന്നത്. അതനുസരിച്ചേ പ്രായം പരിഗണിക്കുന്നുള്ളൂ. ആര്‍ട്ടിസ്റ്റുകള്‍ കൂടുതലായതിനാല്‍ ചിലര്‍ക്ക് അവസരം കുറയുന്നു.
ഏറെ ശ്രദ്ധയാകര്‍ഷിച്ച കാശിയെന്ന ആരാച്ചാറായി താങ്കള്‍ അഭിനയിച്ചപ്പോഴുള്ള മാനസികാവസ്ഥയെന്തായിരുന്നു?
ആരാച്ചാര്‍ പുണ്യ കാര്യമാണ് ചെയ്യുന്നത് എന്ന രീതിയില്‍ മാത്രമാണ് ആ കഥാപാത്രത്തെ ഞാന്‍ കണ്ടത്.സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റ് ചെയ്ത്, സമൂഹത്തില്‍ അവന് ജീവിച്ചിരിക്കുന്നത് സമൂഹത്തിന് ദോഷമായി മാറും എന്നു കണ്ടാണ് കോടതി ഒരാളെ തൂക്കിലേറ്റാന്‍ ശിക്ഷിക്കുന്നത്. ശിക്ഷിച്ചയാളെ തൂക്കിലേറ്റുന്നത് പുണ്യ കാര്യമായിട്ടാണ് കാശിക്കും തോന്നിയിട്ടുള്ളത്. കാശും കിട്ടും പുണ്യവും കിട്ടും എന്ന കാശിയുടെ വാക്കുകള്‍ ഞാന്‍ ആവര്‍ത്തിക്കുന്നു.
അഭിനയ ജീവിതത്തില്‍ ഏതുകഥാപാത്രമാണ് താങ്കള്‍ക്ക് അഭിമാനമായി തോന്നുന്നത്?
1921 എന്ന സിനിമയിലെ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന കഥാപാത്രമായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ട്. അദ്ദേഹത്തോട് ഇന്നും എന്നും ബഹുമാനമുണ്ട്. മനസില്‍ തട്ടിയ കഥാപാത്രം. ഇത്രയും ധീരനായ ഒരു കഥാപാത്രത്തെ കാണാന്‍ പോലും ഇനിയെനിക്ക് ഭാഗ്യമുണ്ടാകുമെന്നറിയില്ല.
പ്രായമായതിനാല്‍ അഭിനയം നിര്‍ത്താന്‍ ആലോചിക്കുന്നുണ്ടോ?
ഇയ്യിടെ മകനൊപ്പം അഭിനയിച്ചു. മരണം വരെ ഞാന്‍ അഭിനയിക്കും.
ഏറ്റവും ഇഷ്ടപ്പെട്ട നടന്?
അനശ്വര നടനായ സത്യന് മാഷ്.
വില്ലന്‍ കഥാപാത്രമായി അഭിനയിച്ചതില്‍ മനപ്രയാസമുണ്ടോ?
മനഃപ്രയാസവും ദുഃഖവുമില്ല. കാരണം അതില്‍ ഞാന്‍ കഥാപാത്രം മാത്രമാണ്. ആ കാലത്ത് എന്നെ കാണുമ്പോള്‍ ഭയപ്പെട്ട നിരവധി സ്ത്രീകളുണ്ടായിരുന്നു. എനിക്കതില്‍ വിഷമമില്ല. സ്ത്രീകള്‍ക്കുണ്ടായ ഭയം ആ കഥാപാത്രത്തിന്റെ വിജയവും നടനെന്ന നിലയില്‍ എനിക്ക് കിട്ടിയ അംഗീകാരവുമാണ്.
സിനിമാ മേഖലയിലേക്ക് കടന്നുവരുന്ന പുതിയ നടന്മാര്ക്ക് നല്‍കാനുള്ള ഉപദേശം?
പുതിയ നടന്മാര് എന്നെ കണ്ടു പഠിക്കുകയല്ല വേണ്ടത് ഞാന്‍ അവരെ കണ്ടു പഠിക്കുകയാണ് വേണ്ടത്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍കൊണ്ട് അഭിനയിക്കാന്‍ കഴിയണം. കാലത്തിനനുസരിച്ച് സിനിമയിലും നടന്മാരിലുള്ള മാറ്റങ്ങള്‍ ഞാന്‍ പഠിക്കുകയാണ്. അല്ലെങ്കില്‍ ഞാന്‍ ചിത്രത്തിലുണ്ടാക്കില്ല. സിനിമാ മേഖലയില്‍ നിന്ന് ഔട്ടാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]