കാനിലെ പുരസ്കാരവേദിയില്‍ ഇന്ത്യന്‍സിനിമയുടെ പേര് തങ്കലിപികളാല്‍ എഴുതിച്ചേര്‍ത്ത സംവിധായികയാണ് പായല്‍ കപാഡിയ. മൂന്നു ദശാബ്ദങ്ങള്‍ക്കുശേഷം കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ഇന്ത്യന്‍സിനിമ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള ഗ്രാന്‍ഡ് പ്രി പുരസ്കാരം നേടിയത് ചരിത്ര മുഹൂര്‍ത്തമായിരുന്നു. പായല്‍ കപാഡിയയിലൂടെ ആദ്യമായി ഒരു ഇന്ത്യന്സംവിധായക ഗ്രാന്‍ഡ് പ്രി പുരസ്കാരം കൈയിലേന്തുമ്പോള്‍ അവരുടെ തൊട്ടടുത്ത് മലയാളിയുടെ തലപ്പൊക്കമായി രണ്ടുപേരുണ്ടായിരുന്നു, സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയും.
അന്താരാഷ്ട്ര ചലച്ചിത്രോത്സവവേദികളില്‍ സുവര്ണനേട്ടങ്ങള് കരസ്ഥമാക്കിയ ഓള് വി ഇമാജിന്‍ ആസ് ലൈറ്റ് തിയേറ്ററുകളിലേക്ക് എത്തുകയാണ്. മുംബൈയില്‍ ജീവിക്കുന്ന മലയാളിനഴ്സുമാരുടെ ജീവിതത്തിലെ സംഘര്‍ഷങ്ങളുടെയും അതിജീവനത്തിന്റെയും കഥപറയുന്ന ചിത്രത്തില്‍ 70 ശതമാനത്തോളം മലയാളഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് സംവിധായക പായല്‍ കപാഡിയ, അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ എന്നിവര്‍ സംസാരിക്കുന്നു.
ഈ സിനിമയുടെ ആശയം രൂപപ്പെട്ടത് എപ്പോഴാണ്, കനിയും ദിവ്യപ്രഭയും പായലിലേക്ക് എത്തിയത് എങ്ങനെ…
പായല്‍ കപാഡിയ: പലതലമുറയിലുള്ള മനുഷ്യരുടെ സൗഹൃദത്തെപ്പറ്റി ഒരു സിനിമ ചെയ്യണമെന്നതായിരുന്നു ആദ്യചിന്ത. ഭാഷ, ജാതി, മതം, വര്‍ഗം അങ്ങനെ ഒന്നിന്റെയും അതിരില്ലാതെ സൗഹൃദം ആഘോഷിക്കുന്നവര്‍. മുംബൈപോലെ ലോകത്തിലെത്തന്നെ ഏറ്റവും തിരക്കേറിയ നഗരത്തില്‍ ജീവിക്കുന്ന അത്തരം മൂന്നു സ്ത്രീകളുടെ ജീവിതവും അവരുടെ സൗഹൃദവുമാണ് സിനിമയിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചത്. പ്രഭ, അനു, പാര്‍വതി… മൂന്ന് കഥാപാത്രങ്ങളും തീര്‍ത്തും വ്യത്യസ്തരാണ്. വേറിട്ട ഭാഷ സംസാരിക്കുന്നവര്‍ ആത്മസുഹൃത്തുക്കളാകാറില്ല എന്ന പൊതുബോധമുണ്ട്, അത് ശരിയല്ല, അത്തരമൊരു സാധ്യതകൂടി ഉണ്ടെന്ന് കാണിച്ചുകൊടുക്കുകയാണ് ഈ സിനിമയിലൂടെ. വെറും അഭിനേതാക്കളെയല്ല ഈ സിനിമയ്ക്കുവേണ്ടി ഞാന്‍ അന്വേഷിച്ചത്. മറിച്ച് ഈ സിനിമയ്ക്കൊപ്പം ആദ്യാവസാനം യാത്രചെയ്യാന്‍ പറ്റുന്നവരെയാണ്. സിനിമയില്‍ ചര്‍ച്ചചെയ്യുന്ന രാഷ്ട്രീയം എന്താണെന്ന് മനസ്സിലാക്കുകയും അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനും സാധിക്കുന്നവരെ. ആ അന്വേഷണത്തിലാണ് കനി കുസൃതിയെയും ദിവ്യപ്രഭയെയും ഛായ കദത്തിനെയുമൊക്കെ കണ്ടെത്തിയത്. മികച്ച രീതിയില്‍ത്തന്നെ അവര്‍ ഈ സിനിമയുടെ കൂടെനിന്നു.
കനി കുസൃതി: ഏഴുവര്‍ഷംമുന്‍പാണ് ഈ സിനിമയിലേക്ക് പായല്‍ എന്നെ വിളിച്ചത്. ഇപ്പോള്‍ ദിവ്യപ്രഭ അവതരിപ്പിച്ച അനു എന്ന കഥാപാത്രമാണ് അന്നെനിക്ക് ഓഫര്‍ ചെയ്തത്. പായല്‍ അന്ന് ഫിലിം സ്കൂള്‍ വിദ്യാര്‍ഥിയാണ്. ഞാന്‍ അഭിനയിച്ച ഒരു ഹ്രസ്വചിത്രം കണ്ട് അതിഷ്ടപ്പെട്ട് എവിടന്നോ എന്റെ നമ്പര്‍ തപ്പിപ്പിടിച്ചാണ് വിളിച്ചത്. അന്നെനിക്ക് ഇന്ന് കാണുന്നത്ര പ്രശസ്തിയൊന്നുമില്ല. അത്തരമൊരു കാലത്ത് ബോളിവുഡില്‍നിന്ന് നമ്മളെ ഒരാള്‍ ഇങ്ങോട്ടു വിളിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷംതോന്നി. എന്നോട് കഥയുടെ ഐഡിയ പറഞ്ഞു. മലയാളിനഴ്സുമാരുടെ കഥയായതിനാല്‍ എന്റെ കുറേ അഭിപ്രായങ്ങള്‍ ചോദിച്ചു. ഓരോ ഡ്രാഫ്റ്റും തയ്യാറാകുമ്പോള്‍ പായല്‍ വായിക്കാന്‍ അയച്ചുതന്നിരുന്നു. സിനിമയ്ക്ക് നിര്‍മാതാവിനെ കിട്ടാത്തതിനാല്‍ പായല്‍ വേറെ പ്രോജക്ടുകളുമായി മുന്നോട്ടുപോയി. പായല്‍ ചെയ്ത എ നൈറ്റ് ഓഫ് നോയിങ് നത്തിങ് എന്ന ഡോക്യുമെന്ററി കാന്‍സ് അടക്കം ഒരുപാട് വേദികളില്‍ ശ്രദ്ധേയമായി. മുന്‍പ് പറഞ്ഞ സിനിമ നടക്കില്ല എന്ന് വിചാരിച്ച് ഞാനും ആ കാര്യം മറന്നുതുടങ്ങി.
എന്റെ പ്രായവും കൂടിയതിനാല്‍ പായല്‍ പറഞ്ഞ കഥാപാത്രം അവതരിപ്പിക്കാനും സാധിക്കില്ലായിരുന്നു. രണ്ടുവര്ഷംമുന്പ് ഒരുദിവസം അപ്രതീക്ഷിതമായി പായല്‍ എന്നെ വിളിച്ച് സിനിമ തുടങ്ങാന്‍ പോകുകയാണെന്ന് പറഞ്ഞു. പ്രായം കൂടിയതിനാല്‍ അനു എന്ന കഥാപാത്രം ചെയ്യാനാകില്ലെന്ന് ഞാന്‍ അറിയിച്ചു. നമുക്ക് പ്രഭ എന്ന അല്പം പ്രായമുള്ള കഥാപാത്രത്തെ ചെയ്തുനോക്കിയാലോ എന്ന് പായലാണ് നിര്‍ദേശിച്ചത്. പായലിന് വേണ്ട രീതിയില്‍ എന്നെക്കൊണ്ട് പ്രഭ എന്ന കഥാപാത്രത്തെ ചെയ്തെടുപ്പിച്ചു. ആദ്യം യഥാര്‍ഥ നഴ്സിനെ കൊണ്ടുവന്ന് വര്‍ക്ക്ഷോപ്പ് തന്നു. അവരില്‍നിന്ന് ആവശ്യമായ കാര്യങ്ങള്‍ സ്വീകരിച്ചു. ശേഷം പായലിന്റെ മനസ്സിലുള്ള കഥാപാത്രത്തിന്റെ രൂപവും പറഞ്ഞു. കഥാപാത്രത്തിന്റെ മാനറിസമടക്കമുള്ള കാര്യങ്ങള്‍ എന്റെ സ്വാതന്ത്ര്യത്തിന് വിട്ടുതന്നു. പ്രഭയുടെ ശരീരഭാഷയടക്കമുള്ള ചില കാര്യങ്ങളില്‍ എന്റെ അമ്മ ഡോ. ജയശ്രീയുടെ ചില പെരുമാറ്റരീതികള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രഭയെ മികച്ച രീതിയില്‍ത്തന്നെ അവതരിപ്പിക്കാന്‍ സാധിച്ചു എന്നാണ് വിശ്വാസം.
ദിവ്യപ്രഭ: ഈ സിനിമയ്ക്കുമുന്പ് ഞാന്‍ ചെയ്ത കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും സമപ്രായക്കാരോ പ്രായക്കൂടുതലുള്ളവരോ ആയിരുന്നു. എന്നാല്‍ അനു എന്ന കഥാപാത്രം എന്നെക്കാളും പത്തുവയസ്സ് കുറവുള്ള ഒരാളാണ്. ആ കഥാപാത്രത്തിലേക്ക് എത്താനും മാനറിസങ്ങള്‍ കണ്ടെത്താനുമൊക്കെ പായല്‍ ആവശ്യമായ സമയവും പരിശീലനവുമൊക്കെ നല്കി. നോവലുപോലെ മനോഹരമായാണ് പായല്‍ ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. എഴുത്തിന്റെ സൗന്ദര്യം ഒറ്റയിരുപ്പില്‍ത്തന്നെ ഇരുത്തിവായിപ്പിക്കും. പായല്‍ പറഞ്ഞപോലെ ഇതൊരു യാത്രയായിരുന്നു. എല്ലാവരും പരസ്പരം സംസാരിച്ചും അഭിപ്രായങ്ങള്‍ പറഞ്ഞുമെല്ലാം സഞ്ചരിച്ചു. അത്തരം തുറന്ന ചര്‍ച്ചകള്‍ക്കും അഭിപ്രായങ്ങള്ക്കുമെല്ലാം പായല്‍ ഇടംനല്കി. തന്റെ സിനിമ എങ്ങനെ വേണമെന്ന് പായലിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. അതിനാല്‍ ഷൂട്ട് തുടങ്ങുന്നതിനുമുന്പ് തിയേറ്റര്‍ വര്‍ക്ക്ഷോപ്പ് പോലെ റിഹേഴ്സലൊക്കെ നല്‍കിയിരുന്നു.
കാന്‍ അടക്കമുള്ള വേദികളിലെ നേട്ടങ്ങള്‍ ദിവ്യയുടെയും കനിയുടെയും കരിയറിനെ എങ്ങനെ മാറ്റി…
=കനി കുസൃതി: കൂടുതല്‍ ആള്ക്കാര് തിരിച്ചറിയുന്നു എന്ന സന്തോഷമുണ്ട്. മലയാളത്തില്‍നിന്ന് എന്നെത്തേടി സിനിമകള്‍ ഇപ്പോഴും വരുന്നില്ല. അതിനൊന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഹിന്ദിയില്നിന്നാണ് ഇന്നും സിനിമകള്‍ വരുന്നത്. എന്റെ മുന്‍പത്തെ വര്‍ക്കുകള്‍ കണ്ട് തേടിയെത്തുന്നവരാണ് ഭൂരിഭാഗവും. ഈയിടെ സണ്‍ ഡാന്‍സടക്കമുള്ള മേളകളില്‍ ശ്രദ്ധേയമായ ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്ന സിനിമയിലേക്കും എന്നെ വിളിച്ചത് അങ്ങനെയാണ്. മുന്‍പ് മികച്ച നടിക്കുള്ള സംസ്ഥാനപുരസ്കാരം കിട്ടിയശേഷം കരിയറില്‍ ചെറിയ മാറ്റമുണ്ടായിട്ടുണ്ട്. ആളുകള്‍ തരുന്ന ബഹുമാനം, പ്രതിഫലം മറ്റു സൗകര്യങ്ങള്‍ എന്നീ കാര്യങ്ങള്‍ മാറി. പുരസ്കാരം കിട്ടിയതിന്റെ പേരിലുണ്ടാകേണ്ട മാറ്റമായിരുന്നല്ല അത്, അല്ലാതെത്തന്നെ സംഭവിക്കേണ്ടതായിരുന്നു. എന്നാല്‍, അഭിനേത്രികളുടെ കാര്യത്തില്‍ അത് ഇവിടെ സംഭവിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
ദിവ്യപ്രഭ: കാനില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ ആള്‍ക്കാരില്‍നിന്ന് അതുവരെയില്ലാത്ത സ്നേഹം ലഭിച്ചു. കാന്‍ എന്ന് പറയുന്നത് ഒരു പ്രതീക്ഷയാണ്. ഇനി ഇത്രയും ദൈര്‍ഘ്യമേറിയ സമയമെടുക്കാതെ കാന്പോലുള്ള അന്താരാഷ്ട്രവേദികളില്‍ ഇന്ത്യന്‍ സിനിമ കൂടുതല്‍ അംഗീകാരങ്ങള്‍ നേടണം. എല്ലാ വിഭാഗത്തിലുള്ളവരുടെ സിനിമകള്‍ക്കും ഇടമുണ്ടാകണം. കാനില്‍ നമ്മുടെ സിനിമ നേടിയ അംഗീകാരം ഇന്ത്യന്‍സിനിമയില്‍ സ്ത്രീകള്‍ കൂടുതല്‍ മുന്നേറാന്‍ പ്രോത്സാഹനമായി മാറുമെന്നാണ് എന്റെ പ്രതീക്ഷ.
കേരളത്തിലെ സ്വതന്ത്രസിനിമാപ്രസ്ഥാനത്തിന്റെ മുന്നേറ്റത്തെ പായല്‍ ശ്രദ്ധിക്കാറുണ്ടോ, സിനിമയിലൂടെ രാഷ്ട്രീയം പറയുക എളുപ്പമാണോ…
പായല്‍: ഓരോരുത്തരുടെയും ജീവിതംതന്നെ ഒരു രാഷ്ട്രീയമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജീവിതകഥ പറഞ്ഞുകൊണ്ടുമാത്രമേ നമുക്ക് സിനിമയില്‍ രാഷ്ട്രീയം സംസാരിക്കാന്‍ സാധിക്കൂ. സിനിമയില്‍ നമ്മള് കാണിക്കുന്ന ഫ്രെയിമുകള്‍, സംഭാഷണങ്ങള്‍ അങ്ങനെ എല്ലാറ്റിലും കൃത്യമായ രാഷ്ട്രീയമുണ്ട്. അതിനാല്‍, എടുക്കുന്ന ഓരോ ഷോട്ടിനും സംവിധായകയ്ക്ക് ഉത്തരവാദിത്വമുണ്ട്. സിനിമതന്നെ രാഷ്ട്രീയമാണ്. സിനിമ വേറെ രാഷ്ട്രീയം വേറെ എന്ന് വേര്‍തിരിക്കാനാവില്ല. സ്വതന്ത്രസിനിമാമേഖലയില് നമ്മള് ഒരുപാട് മുന്നേറിക്കഴിഞ്ഞു. ഉദാഹരണത്തിന് കേരളത്തിലെ കാര്യംതന്നെ എടുക്കൂ. ഓരോ വര്‍ഷം എത്ര മികച്ച സ്വതന്ത്രസിനിമകളാണ് ഉണ്ടാകുന്നത്. അതിനൊപ്പം ലിജോ ജോസ് പെല്ലിശ്ശേരിയെപ്പോലെ മികച്ച സംവിധായകര്‍ ഒരുപാട് പരീക്ഷണചിത്രങ്ങള്‍ എടുക്കുന്നു. മികച്ച പരീക്ഷണചിത്രങ്ങളുടെ ഇന്നലെകള്‍ മലയാളത്തിലുണ്ട്. കെ.ജി. ജോര്‍ജും അരവിന്ദനുമടക്കമുള്ള സംവിധായകര്‍ ഉണ്ടാക്കിയെടുത്ത സിനിമകള്‍ അന്നത്തെ കാലത്ത് വിപ്ലവകരമായ മുന്നേറ്റങ്ങളായിരുന്നു. ആ പരീക്ഷണപാതയില് മലയാളത്തില്‍ പിന്നീട് ഒരുപാട് മികച്ച സിനിമകളുണ്ടായി. അത്തരം സംവിധായകരും സിനിമകളും എനിക്ക് വലിയ പ്രചോദനം നല്‍കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]